തിരുവനന്തപുരം: ത്വരിതഗതിയിൽ നഗരവൽക്കരിക്കുന്ന കേരളത്തിന്റെ അടുത്ത 25 വർഷത്തെ വികസന ദിശ നിർണയിക്കുന്ന സമഗ്ര നഗര നയം സംസ്ഥാന സർക്കാർ തയ്യാറാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് രൂപപ്പെടുത്തിയ കരട് നഗര നയത്തിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. രണ്ട് വർഷത്തിലേറെ നീണ്ട പഠനങ്ങളുടെയും ചർച്ചകളുടെയും ഒടുവിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നഗര നയം രൂപപ്പെടുത്തുന്ന സംസ്ഥാനമായി കേരളം മാറുന്നത്. 2023-24 സംസ്ഥാന ബജറ്റിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം.
2023 ഡിസംബറിൽ ദേശീയ -അന്തർദേശീയ വിദഗ്ധരെ ഉൾപ്പെടുത്തി കേരള നഗര നയ കമ്മിഷൻ സർക്കാർ രൂപീകരിച്ചു. തുടർന്ന് 2025 മാർച്ചിൽ 'നവകേരള നഗര നയ' റിപ്പോർട്ട് കമ്മിഷൻ മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോർട്ട് പൊതുചർച്ചയ്ക്ക് വിധേയമാക്കുന്നതിനായി 2025 സെപ്തംബറിൽ കൊച്ചിയിൽ ആഗോള നഗര സമ്മേളനവും സംഘടിപ്പിച്ചു. മന്ത്രിമാർ, മേയർമാർ, ജനപ്രതിനിധികൾ, നഗരവികസന വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്ത സമ്മേളനത്തിൽ ഉയർന്നുവന്ന നിർദേശങ്ങളും ശുപാർശകളും ഉൾപ്പെടുത്തിയാണ് അന്തിമ നഗര നയം സർക്കാർ തയ്യാറാക്കിയിരിക്കുന്നത്.
നഗര നയ കമ്മിഷന്റെ കണക്കുകൾ പ്രകാരം 2050ഓടെ കേരളം 80 ശതമാനം നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമായി മാറും. മലനാടിനും തീരദേശത്തിനുമിടയിലെ അതീവ ജനസാന്ദ്ര പ്രദേശങ്ങളിൽ വികേന്ദ്രീകൃത നഗരവികസനം ശക്തമാകുന്ന സാഹചര്യമാണ് രൂപപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി ലോല പ്രദേശങ്ങളിലേക്കുള്ള വികസന സമ്മർദ്ദവും പരിഗണിച്ച് ശാസ്ത്രീയ സമീപനം ഉറപ്പാക്കുന്ന അടിസ്ഥാന രേഖയായാണ് നഗര നയം വിഭാവനം ചെയ്യുന്നത്. നഗരവൽക്കരണത്തെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഫലപ്രദമായി വിനിയോഗിക്കാനുള്ള വഴികളും നയം മുന്നോട്ടുവയ്ക്കുന്നു.
വികേന്ദ്രീകൃത ഭരണവും പങ്കാളിത്ത ആസൂത്രണവും എന്ന കേരളത്തിന്റെ പാരമ്പര്യം പിന്തുടർന്ന്, സുതാര്യവും ശാസ്ത്രീയവുമായ ആസൂത്രണത്തിലൂടെ ക്ലൈമറ്റ്‌സ്മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ശൃംഖലയാണ് 2050ലെ കേരളത്തിനായി നയം ലക്ഷ്യമിടുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന, നഗരസൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാകുന്ന വികസന മാതൃകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഉയർന്ന നിലവാരത്തിലുള്ള നഗര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം സാമൂഹികവും സ്ഥലപരവുമായ അസമത്വങ്ങൾ കുറയ്ക്കുകയും സാമൂഹിക പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് നഗര നയത്തിന്റെ കേന്ദ്ര ആശയം.
നിയമപരവും സ്ഥാപനപരവുമായ പരിഷ്‌കാരങ്ങൾ, ഭരണസംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ, ജനകേന്ദ്രിത സേവനങ്ങളും പദ്ധതികളും, അടിസ്ഥാന സൗകര്യ വികസനം, സ്ഥലപരവും തന്ത്രപരവുമായ ആസൂത്രണം എന്നീ പ്രധാന വിഷയ മേഖലകളിലായി നഗര നയം രൂപപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് ആദ്യമായി നഗര നയം: കേരളത്തിന്റെ 25 വർഷത്തെ നഗര വികസനത്തിന് ദിശാബോധം
