സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിൽ നഗരത്തിൽ 2023ൽ പോലീസ് എസ്.യു.വി. ഇടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കാന്ദുലയുടെ കുടുംബത്തിന് 29 മില്യൺ ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ നഗര ഭരണകൂടം സമ്മതിച്ചു. ഫെബ്രുവരി 4ന് അംഗീകരിച്ച ഒത്തുതീർപ്പോടെ, കിംഗ് കൗണ്ടി സുപ്പീരിയർ കോടതിയിൽ ജാഹ്നവിയുടെ മാതാപിതാക്കൾ നൽകിയ കേസിന് വിരാമമായി.
23 വയസുകാരിയായ ജാഹ്നവി നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനിയായിരുന്നു. 2023 ജനുവരി 23ന് രാത്രി സൗത്ത് ലേക്ക് യൂണിയൻ പ്രദേശത്തെ ക്രോസ്‌വാക്ക് കടക്കുന്നതിനിടെ, വേഗപരിധിയുടെ ഏകദേശം മൂന്നിരട്ടി വേഗത്തിൽ എത്തിയ പോലീസ് എസ്.യു.വി. ഇടിച്ചാണ് അപകടം. മറ്റൊരു എമർജൻസി വിളിയുമായി ബന്ധപ്പെട്ടു പൊലീസ് പോകുന്നതിനിടയിലായിരുന്നു വാഹനാപകടം; ലൈറ്റുകൾ തെളിഞ്ഞിരുന്നെങ്കിലും സൈറൺ തുടർച്ചയായി മുഴങ്ങിയിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് അപകടത്തിൽ പങ്കുണ്ടായിരുന്ന രണ്ട് പോലീസുകാരെ പുറത്താക്കി. വാഹനം ഓടിച്ചിരുന്ന ഓഫീസർ കെവിൻ എ ഡേവും, മരണത്തെക്കുറിച്ച് ചിരിച്ചും അപമാനപരമായി സംസാരിച്ചതായും ബോഡി ക്യാമറയിൽ രേഖപ്പെടുത്തിയ മറ്റൊരു ഓഫീസറും ഉൾപ്പെടുന്നു.
'ജാഹ്നവിയുടെ മരണം ഹൃദയഭേദകമാണ്. ഈ സാമ്പത്തിക ഒത്തുതീർപ്പിലൂടെ കുടുംബത്തിന് കുറെയെങ്കിലും ആശ്വാസം ലഭിക്കുമെന്നാണ് നഗരത്തിന്റെ പ്രതീക്ഷ. അവളുടെ ജീവിതത്തിന് വിലയുണ്ടായിരുന്നു.' -നഗര അറ്റോർണിയായി അടുത്തിടെ ചുമതലയേറ്റ എറിക ഇവാൻസ് പ്രസ്താവനയിൽ പറഞ്ഞു.
അന്വേഷണ റിപ്പോർട്ട് പ്രകാരം, 25 മൈൽ വേഗപരിധി മാത്രമുള്ള സ്ഥലത്ത് 74 മൈൽ വേഗത്തിൽ എത്തിയ വാഹനമാണ് അപകടത്തിന് കാരണമായത്. ഇടിക്കുമ്പോൾ ജാഹ്നവി മറുവശത്തേക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ അവൾ വാഹനത്തിന്റെ ബോണറ്റിലേക്കു തെറിച്ചുവീണതിനുശേഷം 138 അടി അകലെയേക്ക് വീണു. സംസ്ഥാന നിയമപ്രകാരം ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതായും 2021ൽ ഉണ്ടായ മറ്റൊരു അപകടത്തിലും ഇയാൾ സൈറൺ ഉപയോഗിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
ക്രിമിനൽ കുറ്റം ചുമത്തിയില്ലെങ്കിലും, ഓഫീസർ ഡേവിനെ 2025 ജനുവരിയിൽ സർവീസിൽനിന്ന് പിരിച്ചുവിട്ടു. അശ്രദ്ധയായ ഡ്രൈവിങ് കുറ്റത്തിന് 5,000 ഡോളർ പിഴയും ചുമത്തിയിരുന്നു. 110 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട കേസ് ഒടുവിൽ 29 മില്യണിൽ ഒത്തുതീർപ്പാവുകയായിരുന്നു.
'ജാഹ്നവിയെ തിരികെ കൊണ്ടുവരാൻ എത്ര പണമുണ്ടായാലും കഴിയില്ല. എങ്കിലും, നഷ്ടപ്പെട്ടതിന്റെ ഗൗരവവും അവളുടെ ജീവിതത്തിന്റെ മൂല്യവും ഈ ഒത്തുതീർപ്പിലൂടെ അംഗീകരിക്കപ്പെടുന്നുവെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'' എന്ന് കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പോലീസ് വാഹനമിടിച്ച് മരണം: ജാഹ്നവി കാന്ദുലയുടെ കുടുംബത്തിന് 29 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകുമെന്ന് സിയാറ്റിൽ
