ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗ്ലാദേശ് ദേശീയ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന താരിഖ് റഹ്മാനുമായി ടെലിഫോണില്‍ സംസാരിച്ചു. ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ വിജയത്തിന് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.
ശനിയാഴ്ച ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുള്ള ബി എന്‍ പി നേതാവുമായി നടത്തിയ സംഭാഷണത്തിന് ശേഷം മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ റഹ്മാനുമായി സംസാരിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ബംഗ്ലാദേശ് ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ആശംസകളും പിന്തുണയും അറിയിച്ചു.
ആഴത്തിലുള്ള ചരിത്ര- സാംസ്‌കാരിക ബന്ധങ്ങളുള്ള അയല്‍രാജ്യങ്ങളായ ഇന്ത്യയും ബംഗ്ലാദേശും സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന ഇന്ത്യയുടെ പ്രതിബദ്ധത താന്‍ വീണ്ടും ഉറപ്പിച്ചുവെന്നും പ്രധാനമന്ത്രി കുറിച്ചു.
ഇതിന് മുമ്പ്, പൊതുതെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയതിന് പിന്നാലെ റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി എക്സില്‍ സന്ദേശം പങ്കുവെച്ചിരുന്നു. ജനാധിപത്യ ബംഗ്ലാദേശിനെ ഇന്ത്യ തുടര്‍ന്നും പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബംഗ്ലാദേശിലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ബി എന്‍ പിയെ നിര്‍ണായക വിജയത്തിലേക്ക് നയിച്ചതിന് താരിഖ് റഹ്മാനെ ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നുവെന്നും ഇത് നിങ്ങളുടെ നേതൃത്വത്തില്‍ ബംഗ്ലാദേശ് ജനങ്ങള്‍ വെച്ചിരിക്കുന്ന വിശ്വാസത്തെ പ്രകടിപ്പിക്കുന്നുവെന്നും ഫോണ്‍ സംഭാഷണത്തിന് മണിക്കൂറുകള്‍ മുന്‍പ് അദ്ദേഹം കുറിച്ചു.
ജനാധിപത്യവും പുരോഗമനപരവും ഉള്‍ക്കൊള്ളുന്നതുമായ ബംഗ്ലാദേശിനെ ഇന്ത്യ തുടര്‍ന്നും പിന്തുണയ്ക്കും. ഇരുരാജ്യങ്ങളുടെയും ബഹുമുഖബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും സംയുക്ത വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി)യും കൂട്ടുകക്ഷികളും 299 സീറ്റുകളില്‍ കുറഞ്ഞത് 212 സീറ്റുകള്‍ നേടി. പ്രതിപക്ഷമായ ജമാഅത്തെ ഇസ്ലാമിയും സഖ്യകക്ഷികളും രാജ്യസഭയില്‍ 77 സീറ്റുകള്‍ നേടി.
