ബംഗ്ലാദേശില്‍ ജൂലൈ ചാര്‍ട്ടറിന് വന്‍ പിന്തുണ

ബംഗ്ലാദേശില്‍ ജൂലൈ ചാര്‍ട്ടറിന് വന്‍ പിന്തുണ


ധാക്ക: ഭരണഘടനാ ഭേദഗതി പാക്കേജായ ജൂലൈ ചാര്‍ട്ടറിന് വോട്ടര്‍മാര്‍ വന്‍ പിന്തുണ നല്‍കിയതോടെ ബംഗ്ലാദേശ് പുതിയ രാഷ്ട്രീയ വഴിത്തിരിവിലേക്കെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ 13-ാമത് പൊതുതെരഞ്ഞെടുപ്പിനൊപ്പമാണ് ജനഹിതപരിശോധന (റഫറണ്ടം) നടന്നത്. മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന അധികാരത്തില്‍ നിന്ന് പുറത്തായ 2024ലെ വന്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ തയ്യാറാക്കിയ 84 പോയിന്റുള്ള പരിഷ്‌കാര രൂപരേഖയാണ് ജൂലൈ ചാര്‍ട്ടര്‍.

റഫറണ്ടത്തിന് വന്‍ പിന്തുണ

മുന്‍ പ്രധാനമന്ത്രിമാരായ ഖാലിദ സിയയും ഷെയ്ഖ് ഹസീനയും കൈകാര്യം ചെയ്തതായി വിമര്‍ശിക്കപ്പെട്ട അധികാര കേന്ദ്രീകരണത്തില്‍ നിന്ന് ഭാവിയെ സംരക്ഷിക്കണമെന്ന ജനാഭിലാഷത്തിലാണ് ജൂലൈ ചാര്‍ട്ടര്‍ രൂപം കൊണ്ടത്. പ്രാഥമിക കണക്കുകള്‍ പ്രകാരം വോട്ടെണ്ണല്‍ തുടരുന്നതിനിടെ ഏകദേശം 65.5 ശതമാനം വോട്ടര്‍മാര്‍ (ഏകദേശം 27,00,844 പേര്‍) പരിഷ്‌കാരങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രധാന പരിഷ്‌കാരങ്ങള്‍ എന്തെല്ലാം?

പ്രധാനമന്ത്രിയുടെ അധികാരങ്ങള്‍ക്ക് നിയന്ത്രണം

ചാര്‍ട്ടറിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് നിര്‍വാഹക അധികാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നത്. ഒരാള്‍ക്ക് പരമാവധി പത്ത് വര്‍ഷമോ രണ്ട് കാലാവധിയോ മാത്രമേ പ്രധാനമന്ത്രിയായിരിക്കാനാകൂ. കൂടാതെ, 'പാര്‍ട്ടി തലവനും' 'ഭരണത്തലവനു'മായ ഇരട്ട ചുമതലകള്‍ ഒരേസമയം വഹിക്കാന്‍ ഇനി അനുവദിക്കില്ല.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മന്ത്രിസഭയുടെയും പ്രതിപക്ഷ നേതാവിന്റെയും  അനുമതി നിര്‍ബന്ധമാക്കുന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദ്വിസഭാ പാര്‍ലമെന്റ്‌

നിലവിലെ ജാതീയ സന്‍സ്ദ് അധോ സഭയായി തുടരുമെന്നും 100 അംഗങ്ങളുള്ള പുതിയ സെനറ്റ് ഉപരി സഭയായി രൂപീകരിക്കുമെന്നും നിര്‍ദ്ദേശിക്കുന്നു. പാര്‍ലമെന്റിലെ വനിതകള്‍ക്കായുള്ള സംവരണ സീറ്റുകള്‍ 100 ആയി വര്‍ധിപ്പിക്കണമെന്നും ചാര്‍ട്ടര്‍ പറയുന്നു.

തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍

പൊതുതെരഞ്ഞെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കക്ഷിരഹിത ഇടക്കാല സര്‍ക്കാര്‍ പുനഃസ്ഥാപിക്കുക, പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിധേയമായ സ്വതന്ത്ര വിദഗ്ധരെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷനെ പുനഃസംഘടിപ്പിക്കുക എന്നിവ നിര്‍ദ്ദേശങ്ങളിലുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലുള്ള അവിശ്വാസം പരിഗണിച്ച് പേപ്പര്‍ ബാലറ്റുകള്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശിക്കുന്നു.

നീതിന്യായ പരിഷ്‌കാരങ്ങള്‍

രാഷ്ട്രീയ സ്വാധീനം കുറയ്ക്കുന്നതിനായി സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ രൂപീകരിക്കുക, സ്വതന്ത്ര നിയമന കമ്മീഷന്‍ സ്ഥാപിക്കുക എന്നിവയും ഉള്‍പ്പെടുന്നു. ഡേറ്റാ സംരക്ഷണവും തടസ്സമില്ലാത്ത ഇന്റര്‍നെറ്റ് ആക്സസും ഉള്‍പ്പെടുന്ന പുതിയ ഭരണഘടനാ അവകാശങ്ങളും ചാര്‍ട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാര്‍ലമെന്ററി തെരഞ്ഞെടുപ്പ്: രാഷ്ട്രീയ മാറ്റത്തിന്റെ സൂചന

ഇതിനിടെ നടന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് (ബിഎന്‍പി)ക്ക് ശക്തമായ ജനപിന്തുണ ലഭിച്ചതായി പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരീഖ് റഹ്മാന്‍ നയിക്കുന്ന ബി എന്‍ പി 180ലധികം സീറ്റുകള്‍ ഇതിനകം നേടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക ഫലം ഇതുവരെ ബംഗ്ലാദേശ് ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, വോട്ടെടുപ്പിന് മുമ്പ് മാതാവ് ഖാലിദ സിയയുടെ നിര്യാണത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ മാറ്റിവെക്കണമെന്ന് താരിഖ് റഹ്മാന്‍ അനുയായികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.