എപ്സ്റ്റീന്‍ ഫയല്‍; ഡി പി വേള്‍ഡ് ലോജിസ്റ്റിക്‌സ് കമ്പനിയുടെ സി ഇ ഒ സ്ഥാനത്ത് നിന്ന് എമിറാത്തി കോടീശ്വരന്‍ രാജിവച്ചു

എപ്സ്റ്റീന്‍ ഫയല്‍; ഡി പി വേള്‍ഡ് ലോജിസ്റ്റിക്‌സ് കമ്പനിയുടെ സി ഇ ഒ സ്ഥാനത്ത് നിന്ന് എമിറാത്തി കോടീശ്വരന്‍ രാജിവച്ചു


ദുബൈ: ആഗോള ലോജിസ്റ്റിക്‌സ് ഭീമന്‍ ഡി പി വേള്‍ഡ് കമ്പനിയുടെ സി ഇ ഒയായിരുന്ന എമിറാത്തി കോടീശ്വരന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈം  ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി നടത്തിയ ആശയവിനിമയങ്ങള്‍ വെളിപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ചു.

അമേരിക്കന്‍ നീതിന്യായ വകുപ്പായ യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പുറത്തിറക്കിയ എപ്സ്റ്റീന്‍ ഫയലുകളുടെ പശ്ചാത്തലത്തില്‍ കാനഡയിലും യു കെയിലുമുള്ള സാമ്പത്തിക ഗ്രൂപ്പുകള്‍ ഡി പി വേള്‍ഡുമായുള്ള നിക്ഷേപങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

2008-ല്‍ ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയായതിന് മുമ്പും ശേഷവും ബിന്‍ സുലൈം എപ്സ്റ്റീനുമായി വര്‍ഷങ്ങളോളം ഇമെയില്‍ വഴി ആശയവിനിമയം നടത്തിയതായി ഡി ഒ ജെ ഫയലുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ലൈംഗിക അനുഭവങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വരെ ഈ ഇമെയിലുകളില്‍ ഉള്‍പ്പെട്ടിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു.

ഒരു ഇമെയില്‍ സംഭാഷണത്തില്‍ 'നിങ്ങള്‍ ക്ലിന്റണ്‍ ഫോറത്തിലേക്കോ?' എന്ന് ചോദിച്ച എപ്സ്റ്റീന്‍ 'സെക്രട്ടറി ജനറല്‍ പങ്കെടുക്കുമെന്ന് കാണുന്നുവെന്നും അങ്ങനെ ആണെങ്കില്‍ ഫോറത്തിനുശേഷം തന്റെ ദ്വീപിലേക്കു പോകാമെന്നും വിശദാംശങ്ങള്‍ സംസാരിക്കാന്‍ തന്നെ വിളിക്കണമെന്നും എഴുതിയിട്ടുണ്ട്. ഇതിന് മറുപടിയായി തന്റെ യോഗങ്ങള്‍ ഫ്െളക്‌സിബിള്‍ ആണെന്നും എപ്സ്റ്റീന് അനുസരിച്ച് ക്രമീകരിക്കാമെന്നും ബിന്‍ സുലൈം അറിയിച്ചു.

'ന്യൂയോര്‍ക്കില്‍ ഇന്ന് നിങ്ങളുടെ മസാജ് എത്ര മണിക്ക് വേണം?' എന്നും എപ്സ്റ്റീന്‍ ചോദിച്ചതായി രേഖകളില്‍ പറയുന്നു.

2009 ഏപ്രിലില്‍ അയച്ച മറ്റൊരു ഇമെയിലില്‍, 'എവിടെയാണ് നിങ്ങള്‍? സുഖമായിരിക്കുമല്ലോ? ഞാന്‍ ആ ടോര്‍ച്ചര്‍ വീഡിയോ ഇഷ്ടപ്പെട്ടു' എന്ന് എപ്സ്റ്റീന്‍ എഴുതിയതായി രേഖകളില്‍ പറയുന്നു. വീഡിയോയെക്കുറിച്ച് കൂടുതല്‍ വിശദീകരണം ഇല്ല. അതിന് മറുപടിയായി താന്‍ ചൈനയിലാണെന്നും രണ്ട് ആഴ്ചയ്ക്കകം മടങ്ങിവരുമെന്നും ബിന്‍ സുലൈം അറിയിച്ചു. 'നിങ്ങളെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് എപ്സ്റ്റീന്‍ മറുപടി നല്‍കിയതെന്ന് രേഖകള്‍ പറയുന്നു.

എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട സുതാര്യതാ നിയമപ്രമേയമായ 'എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പറന്‍സി ആക്ട്' രൂപീകരിച്ചവരില്‍ ഒരാളായ ഡെമോക്രാറ്റിക് പ്രതിനിധി റൊ ഖന്ന പ്രതിനിധിസഭയില്‍ വായിച്ചുപറഞ്ഞ ആറു പേരില്‍ ബിന്‍ സുലൈമും ഉള്‍പ്പെട്ടിരുന്നു. എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുതാര്യത കുറവാണെന്ന് ആരോപിച്ച് ഡി ഒ ജെയും ട്രംപ് ഭരണകൂടത്തെയും ഖന്ന ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു.