ധാക്ക: ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബി എന്‍ പി) 13-ാമത് ദേശീയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വമ്പിച്ച വിജയം നേടി. പാര്‍ട്ടി നേതാവ് താരീഖ് റഹ്മാന്റെ നേതൃത്വത്തില്‍ മത്സരിച്ച ബി എന്‍ പി സഖ്യം ഔദ്യോഗിക ഫലങ്ങളും പാര്‍ട്ടിയുടെ സ്വന്തം കണക്കുകളും പ്രകാരം 297 മണ്ഡലങ്ങളില്‍ 213 സീറ്റുകള്‍ സ്വന്തമാക്കി. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി അധികാരത്തിന് പുറത്തായിരുന്ന പാര്‍ട്ടി ഫലത്തെ ജനങ്ങളുടെ അനുകൂല ഉത്തരവ് എന്ന് വിശേഷിപ്പിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ 297 മണ്ഡലങ്ങളിലെ പ്രാഥമിക ഫലങ്ങളാണ് പ്രഖ്യാപിച്ചത്. ചിറ്റഗോംഗ്-2, ചിറ്റഗോംഗ്-4 മണ്ഡലങ്ങളിലെ ഫലങ്ങള്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി അറിയിച്ചു.
പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബി എന്‍ പി സഖ്യം 212 സീറ്റുകളും ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി സഖ്യം 77 സീറ്റുകളും നേടി. ഇസ്ലാമി ആന്ദോളന്‍ ബംഗ്ലാദേശ് ഒരു സീറ്റ് നേടി. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 7 സീറ്റുകള്‍ സ്വന്തമാക്കി.
താരിഖ് റഹ്മാന്‍ ഡാക്കാ-17, ബോഗുറ-6 മണ്ഡലങ്ങളില്‍ നിന്നും നിര്‍ണായക വിജയം നേടി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പതിനേഴ് വര്‍ഷമായി യു കെയില്‍ പ്രവാസ ജീവിതം നയിച്ചതിന് ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തിയ അദ്ദേഹം ഡാക്കാ-17 മണ്ഡലത്തില്‍ ജമാഅത്ത് സ്ഥാനാര്‍ഥി ഡോ. ഖാലിദുസ്സമാനെയാണ് പരാജയപ്പെടുത്തിയത്.
ബി എന്‍ പി സ്ഥിരം സമിതി അംഗങ്ങളില്‍ ഖന്ദാകര്‍ മൊഷാറഫ് ഹൊസൈന്‍ (കുമില്ല-1), മിര്‍സാ അബ്ബാസ് (ഡാക്കാ-8), അബ്ദുല്‍ മൊയീന്‍ ഖാന്‍ (നരസിംഗ്ഡി-2), അമിര്‍ ഖോസ്രു മഹ്മൂദ് ചൗധരി (ചട്ടോഗ്രാം-11), സലാഹുദ്ദീന്‍ അഹമ്മദ് (കോക്ഷ്സ് ബസാര്‍-1) എന്നിവര്‍ വിജയിച്ചു.
വന്‍ വിജയത്തിന് പിന്നാലെ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി പോകുന്നതിനിടെ താരിഖ് റഹ്മാന്‍ പൊതുജനങ്ങളുമായി ആശംസകള്‍ പങ്കുവെച്ചു.
നല്‍കിയ സ്‌നേഹത്തിന് നന്ദിയുണ്ടെന്നും ദയവായി തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം നാവികസേന ഹെഡ്ക്വാര്‍ട്ടേഴ്‌സ് മസ്ജിദിലേക്ക് പോകും മുന്‍പ് പറഞ്ഞു.
വിജയാഘോഷ റാലികളോ പൊതുഘോഷങ്ങളോ നടത്താതിരിക്കണമെന്ന് പാര്‍ട്ടി എല്ലാ നേതാക്കളോടും പ്രവര്‍ത്തകരോടും അനുയായികളോടും നിര്‍ദേശം നല്‍കിയിരുന്നു. പകരം, സമാധാനം, സ്ഥിരത, ഭാവിക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവയ്ക്കായി രാജ്യവ്യാപകമായി പ്രാര്‍ഥനാ ദിനമായി ആചരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായി പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
1991ന് ശേഷം ബംഗ്ലാദേശില്‍ ആദ്യമായാണ് പുരുഷന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 1991ല്‍ അദ്ദേഹത്തിന്റെ മാതാവ് ഖാലിദ സിയയാണ് പ്രധാനമന്ത്രി പദവി വഹിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സീനിയര്‍ സെക്രട്ടറി അക്തര്‍ അഹമ്മദ് നിര്‍ബാചന്‍ ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ 297 മണ്ഡലങ്ങളിലെ ശരാശരി വോട്ടെടുപ്പ് ശതമാനം 59.44 ആണെന്ന് അറിയിച്ചു. 299 മണ്ഡലങ്ങളിലായി ശരാശരി വോട്ടെടുപ്പ് 60.26 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ചിറ്റഗോംഗ്-2, 4 മണ്ഡലങ്ങളിലെ ഫലങ്ങള്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തടഞ്ഞുവെച്ചതായും വ്യക്തമാക്കി.
ജമാഅത്ത് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് ഷെര്‍പൂര്‍-3 മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.
