ട്രംപ് പുറത്തിറക്കിയ പുതിയ ക്രിപ്‌റ്റോ കറന്‍സി തരംഗമായി; 10 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യം

ട്രംപ് പുറത്തിറക്കിയ പുതിയ ക്രിപ്‌റ്റോ കറന്‍സി തരംഗമായി;  10 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യം


വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയതോടെ ഡോണാള്‍ഡ് ട്രംപ് പുതുതായി പുറത്തിറക്കിയ ക്രിപ്റ്റോ കറന്‍സിയായ 'ഡോളര്‍ ട്രംപ് '  വിപണിയില്‍ തരംഗം സൃഷ്ടിച്ചു. സത്യപ്രതിജ്ഞ ചെയ്ത അതേ സമയം തന്നെ 10 ബില്യണ്‍ ഡോളറിലധികം മൂല്യമാണ് പുതിയ കറന്‍സിക്ക്  കൈവരിക്കാന്‍ കഴിഞ്ഞത്.  ട്രംപ് തന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി 'മീം കോയിന്‍' അവതരിപ്പിച്ചത് അസാധാരണമായ ഒരു നീക്കമായാണ് നിരീക്ഷിക്കപ്പെടുന്നത്. പിന്തുണക്കാരുടെയും വിമര്‍ശകരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് മീംകോയിന്‍ കോടിക്കണക്കിന് ഡോളറിന്റെ വ്യാപാരം വര്‍ദ്ധിപ്പിച്ചു.

വെള്ളിയാഴ്ച ട്രംപ് അവതരിപ്പിക്കുമ്പോള്‍ 10 ഡോളറില്‍ താഴെയായിരുന്ന ഡിജിറ്റല്‍ ടോക്കണിന്റെ മൂല്യം ശനിയാഴ്ച  74.59 ഡോളറായി ഉയര്‍ന്നു. തിങ്കളാഴ്ച ചില നേട്ടങ്ങളും നല്‍കി. ഉച്ചകഴിഞ്ഞ്, 9 ബില്യണിലധികം മാര്‍ക്കറ്റ് മൂലധനത്തോടെ 45.21 ഡോളറില്‍ വ്യാപാരം നടന്നതായി ഇീശിങമൃസലഇേമു റിപ്പോര്‍ട്ട് ചെയ്തു.

പുതിയ കറന്‍സിയുടെ പ്രവേശനം വിശാലമായ ക്രിപ്റ്റോകറന്‍സി വിപണിയില്‍ ആവേശത്തിന്റെ ഒരു തരംഗത്തിന് കാരണമാവുകയും ബിറ്റ്‌കോയിനെ പുതിയ ഒരു എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ത്തുകയും ചെയ്തു.

ട്രംപ് മീം കോയിനിലൂടെ നിയുക്ത പ്രസിഡന്റിന്റെ സമ്പത്ത് 89 ശതമാനത്തോളം വര്‍ധിച്ചുവെന്നാണ് കണക്ക്. കോയിന്റെ 80 ശതമാനവും ട്രംപിന്റെ കൈവശമുണ്ട്. നിലവിലെ വില ഏകദേശം 52 ഡോളര്‍ ആണെന്നത് കണക്കിലെടുക്കുമ്പോള്‍ ഇതിലൂടെ അദ്ദേഹത്തിന്റെ സമ്പത്തില്‍ ഏകദേശം 45 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇത് അദ്ദേഹത്തിന്റെ മറ്റ് ആസ്തികളുമായി ചേര്‍ക്കുകയാണെങ്കില്‍ ട്രംപ് ലോകത്തിലെ ഏറ്റവും ധനികരായ 25 പേരുടെ പട്ടികയില്‍ ഇടംപിടിക്കും. നിലവിലെ കുതിപ്പ് തുടരുകയാണെങ്കില്‍ 2028 ആകുമ്പോഴേക്കും ടോക്കണിന്റെ മൂല്യം ഏകദേശം 2400 കോടി ഡോളറാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡോണാള്‍ഡ് ട്രംപ് തന്റെ മീം കോയിന്‍ പുറത്തിറക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഭാര്യ മെലാനിയ ട്രംപ് ഞായറാഴ്ച വൈകിട്ട് തന്റെ പേരിലുള്ള മീം കോയിന്‍ പുറത്തിറക്കുന്നത്. മെലാനിയയുടെ കടന്ന് വരവോടെ ഡോണാള്‍ഡ് ട്രംപിന്റെ കോയിന് ചെറിയ ഇടിവ് നേരിടുകയുമുണ്ടായി. തിങ്കളാഴ്ച രാവിലെ വരെ, മെലാനിയ ട്രംപിന്റെ മെമെകോയിന്‍ മൂല്യം 2000 ശതമാനം ഉയര്‍ന്ന് 0.1261 ഡോളറിലാണ് വ്യാപാരം നടന്നത്. ഇീശിഏലരസീ റിപ്പോര്‍ട്ട് പ്രകാരം, ട്രംപിന്റെ മീം നാണയം നിലവില്‍ ലോകത്തിലെ ഏറ്റവും മൂല്യമേറിയ 22-ാം ക്രിപ്‌റ്റോകറന്‍സിയാണ്. മെലാനിയയുടെ സ്ഥാനം 94-മാണ്. തന്റെ ഭരണകൂടം ക്രിപ്‌റ്റോ സൗഹൃദമായിരിക്കുമെന്ന വാഗ്ദാം ട്രംപ് അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ നിറവേറ്റുന്നതാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നത്. 1 ബില്ല്യണ്‍ മൂല്യത്തിനുള്ള കോയിനുകളാണ് ട്രംപ് പുറത്തിറക്കിയിരിക്കുന്നത്. ക്രിപ്റ്റോ കോയിന്‍ വാങ്ങുന്നതിനുള്ള ലിങ്ക് ട്രംപ് തന്നെ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇന്റര്‍നെറ്റ് മീമുകളില്‍ നിന്നും ട്രെന്‍ഡുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒരു ക്രിപ്‌റ്റോകറന്‍സി അല്ലെങ്കില്‍ ഡിജിറ്റല്‍ അസറ്റിന്റെ ഒരു രൂപമാണ് മീം കോയിന്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ തനിക്കെതിരെ ഉണ്ടായ കൊലപാതക ശ്രമത്തിന് പിന്നാലെ ട്രംപ് ഉയര്‍ത്തിയ മുദ്രാവാക്യമായ 'ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ്' എന്നതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ട്രംപ് പുതിയ കോയിന്‍ പുറത്തിറക്കിയിരിക്കുന്നത്.