ട്രംപിന് ആശംസകള്‍ അറിയിച്ച് ലോക നേതാക്കള്‍

ട്രംപിന് ആശംസകള്‍ അറിയിച്ച് ലോക നേതാക്കള്‍


വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ യു എസ് പ്രസിഡന്റായുള്ള സ്ഥാനാരോഹണ ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. ട്രംപിനെ അഭിനന്ദിച്ച് നിരവധി ലോകനേതാക്കള്‍ രംഗത്തെത്തി. 

കാനഡയ്ക്കും യു എസിനും ലോകത്തിലെ ഏറ്റവും വിജയകരമായ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നും രണ്ട് രാജ്യങ്ങള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങളും സമൃദ്ധിയും സൃഷ്ടിക്കുന്നതിന് വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. 

തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞത് എടുത്തുകാട്ടി. തുര്‍ക്കി എന്ന നിലയില്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും  ട്രംപുമായുള്ള തങ്ങളുടെ ചര്‍ച്ചകളില്‍ ഈ വിഷയം അജണ്ടയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ രണ്ടാം ഘട്ടം എല്ലാ മനുഷ്യരാശിക്കും നന്മ കൊണ്ടുവരണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും എര്‍ദോഗാന്‍ പറഞ്ഞു. 

ട്രംപ് പ്രഖ്യാപിച്ച ശക്തിയിലൂടെയുള്ള സമാധാനം അമേരിക്കന്‍ നേതൃത്വത്തെ ശക്തിപ്പെടുത്തുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി ചൂണ്ടിക്കാട്ടി. 

അമേരിക്കന്‍ ഐക്യനാടുകളുടെ നാല്‍പ്പത്തിയേഴാമത് പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാള്‍ഡ് ട്രംപിന് തന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി ആഗ്രഹിക്കുന്നതായും പാകിസ്ഥാന്‍- യു എസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പറഞ്ഞു. 

വര്‍ഷങ്ങളായി രണ്ട് മഹത്തായ രാജ്യങ്ങളും മേഖലയിലും അതിനപ്പുറത്തും ജനങ്ങള്‍ക്ക് സമാധാനവും സമൃദ്ധിയും ഉറപ്പാക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഭാവിയിലും  അങ്ങനെ തന്നെ തുടരുമെന്നും ട്രംപിന് വിജയകരമായ രണ്ടാം ടേമിന് ആശംസകള്‍ നേരുന്നതായും ഷഹബാസ് ശരീഫ് പറഞ്ഞു.'

യു എസ്- ഇസ്രായേല്‍ സഖ്യത്തിന്റെ 'മികച്ച ദിവസങ്ങള്‍' വരാനിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഇറാന്‍ ആണവ കരാറില്‍ നിന്ന് ട്രംപ് പിന്മാറിയതും യു എസ് എംബസി ജറുസലേമിലേക്ക് മാറ്റിയതും ഗോലാന്‍ കുന്നുകളിലെ ഇസ്രായേലിന്റെ പരമാധികാരം അംഗീകരിച്ചതും ഉദ്ധരിച്ച് ഇംഗ്ലീഷ് ഭാഷയിലുള്ള വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു. 

'നാല് അറബ് രാജ്യങ്ങളുമായി ഇസ്രായേല്‍ സമാധാനം സ്ഥാപിച്ച ചരിത്രപരമായ അബ്രഹാം കരാറുകള്‍ക്ക് ട്രംപ് മധ്യസ്ഥത വഹിച്ചുവെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. 

ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ് മോഡി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ബ്രസീല്‍ പ്രസിഡന്റ് ലുലുവ ഡ സില്‍വ, യു കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് തുടങ്ങി നിരവധി നേതാക്കള്‍ ആശംസകള്‍ അറിയിച്ചു.