ലോകാരോഗ്യ സംഘടനയ്ക്ക് ഇനി യു എസ് സഹായമില്ല; കാലാവസ്ഥാ സംരക്ഷണ പാരീസ് കരാറില്‍ നിന്നും പിന്മാറി

ലോകാരോഗ്യ സംഘടനയ്ക്ക് ഇനി യു എസ് സഹായമില്ല; കാലാവസ്ഥാ സംരക്ഷണ പാരീസ് കരാറില്‍ നിന്നും പിന്മാറി


വാഷിങ്ടണ്‍ ഡിസി: പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവച്ച് ഡോണള്‍ഡ് ട്രംപ്. ഇരുനൂറോളം എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് ഒപ്പുവച്ചത്. 

ലോകാരോഗ്യ സംഘടനയില്‍നിന്ന് യു എസ് പിന്മാറുമെന്ന പ്രഖ്യാപനമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ലോകാരോഗ്യ സംഘടനയ്ക്ക് ഇനി മുതല്‍ യു എസ് സാമ്പത്തിക സഹായം നല്‍കില്ലെന്നും ട്രംപ് അറിയിച്ചു.

അമേരിക്കയുടെ പിന്‍മാറ്റം ലോകാരോഗ്യ സംഘടനയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കും. ട്രംപിന്റെ ആദ്യ ടേമില്‍ കോവിഡിനെതിരെ ലോകാരോഗ്യസംഘടന കാര്യമായി പ്രവര്‍ത്തിച്ചില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ നീക്കം.

കാലാവസ്ഥാ സംരക്ഷണത്തിനുള്ള പാരിസ് കരാറില്‍ നിന്നും അമേരിക്ക വീണ്ടും പിന്മാറി. കരാറില്‍ നിന്നു പിന്മാറുന്നതറിയിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കുന്ന ഔദ്യോഗിക കത്തില്‍ ട്രംപ് ഒപ്പുവച്ചു. കൂടാതെ, സ്ത്രീ- പുരുഷന്‍ എന്നീ രണ്ട് ലിംഗങ്ങളെ മാത്രമേ യു എസ് സര്‍ക്കാര്‍ അംഗീകരിക്കൂ എന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ അമേരിക്കയുടെ ഔദ്യോഗിക രേഖകളില്‍ നിന്നു പുറത്താകും.

ഊര്‍ജ അടിയന്തരാവസ്ഥാ പ്രഖ്യാപനമാണ് മറ്റൊന്ന്. എണ്ണ ഖനനം ചെയ്യാന്‍ ആര്‍ട്ടിക് മേഖല തുറക്കുമെന്നും ആഭ്യന്തര ഊര്‍ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. മെക്സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ക്രിമിനല്‍ സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തു.

വിദേശ പൗരന്‍മാര്‍ക്ക് ഉള്‍പ്പെടെ യു എസില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം ലഭിക്കുന്ന നിയമം ഭേദഗതി ചെയ്യാനും തീരുമാനമായി.

പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിക്കുന്ന എക്‌സിക്യൂട്ടിവ് ഉത്തരവുകള്‍ ആയതിനാല്‍ ഇതിനൊന്നും യു എസ് കോണ്‍ഗ്രസിന്റെയോ സെനറ്റിന്റേയോ അംഗീകാരം ആവശ്യമില്ല. എന്നാല്‍, ഭരണഘടനാവിരുദ്ധമാണെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധിക്കും.