ഗാസ: വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെ ഇസ്രായേല്‍ സൈന്യം പിന്മാറിയതിനെ തുടര്‍ന്ന് ഗാസയുടെ നിയന്ത്രണം വീണ്ടും ഹമാസിന്റെ കയ്യിലായി. ഗാസ നിയന്ത്രിക്കാനായി ഹമാസ് ആയിരക്കണക്കിന് സൈനികരെയാണ് തെരുവുകളിലേക്ക് അയക്കുന്നത്.
ഗാസയില്‍ ഹമാസ് ഇപ്പോഴും പ്രബല ശക്തിയായി തുടരുന്നുവെന്നാണ് കരാര്‍ വ്യക്തമാക്കുന്നത്. ഹമാസിനെ നശിപ്പിക്കാനോ മറ്റൊരു ബദല്‍ ശക്തിപ്പെടുത്താനോ ഇസ്രായേലിന് സാധിച്ചിട്ടില്ല.
തെരുവുകളിലൂടെ സായുധരും യൂണിഫോം ധരിച്ചവരുമായ ഹമാസ് സൈനികര്‍ പരേഡ് ചെയ്തു. ആദ്യത്തെ ഇസ്രായേലി ബന്ദികളെ റെഡ് ക്രോസിന് കൈമാറിയപ്പോള്‍ ഹമാസിന്റെ കോര്‍ നുഖ്ബ ഫോഴ്സ് യൂണിറ്റിലെ പോരാളികള്‍ പൂര്‍ണ്ണ സൈനിക ഉപകരണങ്ങള്‍ ധരിച്ച് ആയുധധാരികളായി രംഗത്തുണ്ടായിരുന്നുവെന്ന് അറബ് മധ്യസ്ഥര്‍ പറഞ്ഞു.
മാസങ്ങള്‍ നീണ്ട സൈനിക നടപടിക്ക് ശേഷമുള്ള തുറന്ന ശക്തിപ്രകടനത്തിലൂടെ വരും ആഴ്ചകളില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ സഹായ ഗ്രൂപ്പുകളും സര്‍ക്കാരുകളും ഹമാസുമായി സഹകരിക്കേണ്ടതുണ്ടെന്നതിന്റെ സൂചനയായിരുന്നു. ഇത് തടയാന്‍ ഇസ്രായേല്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല.
'സായുധരായി നിലകൊള്ളുന്ന ഹമാസ് ഇസ്രായേല്‍ സര്‍ക്കാറിനും സൈന്യത്തിനുമുള്ള അടിയാണ്' എന്നാണ് ഇസ്രായേലി മുന്‍ ബന്ദി ചര്‍ച്ചക്കാരനും ഇപ്പോള്‍ നയതന്ത്ര അഭിഭാഷക ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ കമ്മ്യൂണിറ്റീസ് ഓര്‍ഗനൈസേഷന്റെ മിഡില്‍ ഈസ്റ്റ് ഡയറക്ടറുമായ ഗെര്‍ഷോണ്‍ ബാസ്‌കിന്‍ പറഞ്ഞത്. 'യുദ്ധം നടത്തിയ ഇസ്രായേലിന് ലക്ഷ്യങ്ങളൊന്നും സാധിക്കാനായില്ലെന്ന് ഇത് എടുത്തുകാണിക്കുന്നുവെന്നും' അദ്ദേഹം പറഞ്ഞു.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ആധുനിക മിഡില്‍ ഈസ്റ്റേണ്‍ ചരിത്രത്തിലെ ഏറ്റവും മാരകമായ യുദ്ധങ്ങളിലൊന്നിനാണ് താത്കാലികമായെങ്കിലും അന്ത്യമുണ്ടാക്കിയത്. 2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ നടത്തിയ അധിനിവേശത്തില്‍ ഗാസയുടെ ഭൂരിഭാഗവും തകരുകയും ഏകദേശം 47,000 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുകയാണെങ്കില്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ കഴിയും.