സ്‌കൂളുകളിലും പള്ളികളിലും കടന്നുകയറി അറസ്റ്റ് നടത്താന്‍ ഐസിഇക്ക് അനുമതി നല്‍കി ട്രംപ്

സ്‌കൂളുകളിലും പള്ളികളിലും കടന്നുകയറി അറസ്റ്റ് നടത്താന്‍ ഐസിഇക്ക് അനുമതി നല്‍കി ട്രംപ്


വാഷിംഗ്ടണ്‍:  'സെന്‍സിറ്റീവ്' പ്രദേശങ്ങളില്‍ അറസ്റ്റ് തടയുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന മുന്‍ നിര്‍ദ്ദേശം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കി. അനധികൃത കുടിയേറ്റക്കാരും നിയമലംഘകരും അഭയം പ്രാപിക്കാനിടയുള്ള സ്‌കൂളുകള്‍, പള്ളികള്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിനും വേണ്ടിവന്നാല്‍ അറസ്റ്റു ചെയ്യുന്നതിനും ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികള്‍ക്ക് പ്രസിഡന്റ് അനുമതി നല്‍കി.

'സെന്‍സിറ്റീവ് ഏരിയകളിലോ സമീപത്തോ' നിയമപാലകരെ തടയുന്നതിനുള്ള നയം പിന്‍വലിക്കുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്.

2011 ല്‍ ആദ്യമായി നടപ്പാക്കിയ ഈ നിര്‍ദ്ദേശം ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനെയും കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ ഓഫീസര്‍മാരെയും വിവിധ സ്ഥലങ്ങളില്‍ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

ആശുപത്രികള്‍, ശവസംസ്‌കാര ചടങ്ങുകള്‍, വിവാഹങ്ങള്‍, പൊതുപരിപാടികള്‍ എന്നിവ പോലെ സ്‌കൂളുകളും ആരാധനാലയങ്ങളും പരിശോധകര്‍ക്ക് കടന്നുചെല്ലാന്‍ കഴിയുന്ന ഇടമാണെന്ന് പുതിയ ഉത്തരവ് പറയുന്നു.

'ഈ നടപടി കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷനിലെയും (സിബിപി) ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിലെയും (ഐസിഇ) ധീരരായ ഉദ്യോഗസ്ഥരെ അമേരിക്കയുടെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കാനും രാജ്യത്തേക്ക് നിയമവിരുദ്ധമായി വന്ന കൊലപാതകങ്ങളും ബലാത്സംഗികളും ഉള്‍പ്പെടെയുള്ള കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാരെ പിടികൂടാനും പ്രാപ്തരാക്കുമെന്ന് വക്താവ് പറഞ്ഞു.

അറസ്റ്റ് ഒഴിവാക്കാന്‍ കുറ്റവാളികള്‍ക്ക് ഇനി അമേരിക്കയിലെ സ്‌കൂളുകളിലും പള്ളികളിലും ഒളിക്കാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. 'ട്രംപ് ഭരണകൂടം നമ്മുടെ ധീരരായ നിയമപാലകരുടെ കൈകള്‍ ബന്ധിപ്പിക്കില്ല, പകരം സാമാന്യബുദ്ധി ഉപയോഗിക്കാന്‍ അവരെ അനുവദിക്കുകയാണെന്നും വക്താവ് പറഞ്ഞു.