വാഷിംഗ്ടണ്‍: ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച പ്രസിഡന്റ് ട്രംപിനെതിരെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ അവകാശ ഗ്രൂപ്പുകള്‍ രംഗത്ത്.
നിയമവിരുദ്ധമായോ വിസയിലോ യു എസില്‍ പ്രവേശിച്ച അമ്മമാര്‍ക്കും പൗരന്മാരോ നിയമപരമായ സ്ഥിര താമസക്കാരോ അല്ലാത്ത അച്ഛന്മാര്‍ക്കും യു എസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശ പൗരത്വം ലഭിച്ചിരുന്നതാണ് ട്രംപ് രണ്ടാമതും പ്രസിഡന്റായതിന് പിന്നാലെ അവസാനിപ്പിച്ചുകൊണ്ട് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചത്. ഉത്തരവ് 30 ദിവസത്തിനുള്ളില്‍ പ്രാബല്യത്തിലാകും.
യു എസില്‍ ജനിച്ച കുട്ടികള്‍ക്ക് പൗരത്വം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധം മാത്രമല്ല അമേരിക്കന്‍ മൂല്യങ്ങളുടെ വീണ്ടുവിചാരമില്ലാത്തതും ക്രൂരവുമായ നിരാകരണം കൂടിയാണെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റണി ഡി റൊമേറോ പ്രസ്താവനയില്‍ പറഞ്ഞു.
ജന്മാവകാശ പൗരത്വം അമേരിക്കയെ ശക്തവും ചലനാത്മകവുമായ രാഷ്ട്രമാക്കി മാറ്റുന്നതിന്റെ ഭാഗമാണെന്നും ട്രംപ് ഭരണകൂടത്തിന്റെ അതിരുകടന്ന സ്വാധീനമാണിതെന്നും ഒടുവില്‍ തങ്ങള്‍ വിജയിക്കുമെന്നും റൊമേറോ പറഞ്ഞു.