ജിയോസിനിമ പ്രതിദിനം ഒരു രൂപ നിരക്കില്‍ താത്ക്കാലിക പ്ലാന്‍ അവതരിപ്പിച്ചു

ജിയോസിനിമ പ്രതിദിനം ഒരു രൂപ നിരക്കില്‍ താത്ക്കാലിക പ്ലാന്‍ അവതരിപ്പിച്ചു


മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോസിനിമ ഏതാനും ദിവസത്തേക്ക് പുതിയ പ്രീമിയം പ്ലാനുകള്‍ പ്രഖ്യാപിച്ചു. വയകോം18ന്റെ ഡിജിറ്റല്‍ വിഭാഗത്തില്‍ നിന്നുള്ള പുതിയ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ പരസ്യരഹിത ഉള്ളടക്കമാണ് വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗും (ഐ പി എല്‍) എച്ച് ബി ഒ, വാര്‍ണര്‍ ബ്രോസ്, പാരമൗണ്ട് എന്നിവയില്‍ നിന്നുള്ള ഉള്ളടക്കവും ഉള്‍പ്പെടെ വിപുലമായ കാറ്റലോഗാണ് ജിയോസിനിമയ്ക്കുള്ളത്. പുതിയ ഉള്ളടക്ക പ്ലാനുകള്‍ അതിന്റെ നിലവിലെ പ്ലാനുകളേക്കാള്‍ വില കുറഞ്ഞതും നെറ്റ്ഫ്‌ളിക്‌സ്, പ്രൈം വീഡിയോ പോലുള്ള പരസ്യരഹിത അനുഭവം വാഗ്ദാനം ചെയ്യുന്നതുമാണ്.

ജിയോയുടെ പരസ്യ പിന്തുണയുള്ള ശ്രേണിയില്‍ ഐ പി എല്‍ ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് ഉള്ളടക്കം സൗജന്യമായി തുടരുകയും ചെയ്യും. നിലവിലുള്ള ജിയോസിനിമ പ്രീമിയം ഉപയോക്താക്കളെ സൗജന്യമായി ജിയോയുടെ പുതിയ പ്ലാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യും.

''ജിയോസിനിമ പ്രീമിയം അവതരിപ്പിക്കുന്നത് പ്രീമിയം വിനോദം ആക്സസ് ചെയ്യുന്നതില്‍ നിലനില്‍ക്കുന്ന ചെലവും ഗുണനിലവാര തടസ്സങ്ങളും ഒഴിവാക്കുന്നുവെന്നും 4കെ സ്ട്രീമിംഗ്, ബെസ്റ്റ്-ഇന്‍-ക്ലാസ് ഓഡിയോ, ഓഫ്ലൈന്‍ കാണല്‍, എന്നിവയിലൂടെ ഇന്ത്യയൊട്ടാകെ ഗുണനിലവാരമുള്ള വിനോദത്തിലേക്കുള്ള പ്രവേശനം ജനാധിപത്യവല്‍ക്കരിക്കപ്പെടുമെന്ന് ഉറപ്പാണെന്നും വയകോം18 ഡിജിറ്റല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കിരണ്‍ മണി പറഞ്ഞു.

പുതിയ ജിയോസിനിമ പ്രീമിയം പ്ലാന്‍ വ്യക്തിഗത പ്ലാനിന് പ്രതിമാസം 29 രൂപയാണ് നിരക്ക്. ഒരു ഉപകരണത്തില്‍ 4കെ ഉള്ളടക്കത്തിലേക്ക് ഓണ്‍ലൈനിലും ഓഫ്ലൈനിലും ആക്സസ് വാഗ്ദാനം ചെയ്യുന്നു. സ്പോര്‍ട്സും തത്സമയ ഉള്ളടക്കവും ഒഴികെയുള്ള പരസ്യങ്ങളില്ലാതെ പ്ലാറ്റ്ഫോമിലെ എല്ലാ പ്രീമിയം ഉള്ളടക്കങ്ങളിലേക്കും ആക്സസ് ഉള്‍പ്പെടുന്നു. 

കുടുംബങ്ങള്‍ക്കായി ജിയോസിനിമ പുതിയ ഫാമിലി പ്ലാന്‍ അവതരിപ്പിച്ചു. പ്രീമിയം പ്ലാനിന് സമാനമായ എല്ലാ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുകയും ഒരേസമയം നാല് ഉപകരണങ്ങളില്‍ സ്ട്രീം ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു. പ്രതിമാസം 89 രൂപയാണ് ഇതിന്റെ നിരക്ക്. 

കമ്പനി ദീര്‍ഘകാല പ്ലാനുകള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രതിമാസ പ്ലാനുകളില്‍ നിന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ മാത്രമേ ഉള്ളൂവെന്നും അറിയിപ്പില്‍ പറഞ്ഞു.

ഇവ പ്രാരംഭ നിരക്കുകളാണെന്ന് ജിയോസിനിമ അറിയിച്ചു. പ്ലാനുകളുടെ യഥാര്‍ഥ നിരക്ക് യഥാക്രമം 59, 149 എന്നിങ്ങനെയാണ്.

എച്ച് ബി ഒ, പാരമൗണ്ട് എന്നിവ ഉള്‍പ്പെടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ജിയോസിനിമ നിരവധി പങ്കാളിത്തങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ബംഗാളി ഭാഷകളിലും അന്താരാഷ്ട്ര സ്റ്റുഡിയോകളില്‍ നിന്നുള്ള ഉള്ളടക്കം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.