ഇംഗ്ലണ്ട് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു

ഇംഗ്ലണ്ട് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു


ലണ്ടന്‍: ഇംഗ്ലണ്ടിന്റെ മുന്‍നിര വിക്കറ്റ് വേട്ടക്കാരന്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ജൂലൈയില്‍ ലോര്‍ഡ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന് ശേഷം വിരമിക്കും. കോച്ച് ബ്രണ്ടന്‍ മക്കല്ലവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു തീരുമാനം പ്രഖ്യാപിച്ചത്. 

2002ല്‍ കരിയര്‍ ആരംഭിച്ച ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളറാണ്. 

187 ടെസ്റ്റുകളില്‍ നിന്ന് 700 വിക്കറ്റുകള്‍ നേടിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും ഓസ്ട്രേലിയയുടെ ഷെയ്ന്‍ വോണിനും പിന്നില്‍ ആന്‍ഡേഴ്‌സണ്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാമനാണ്. 

2025-26 സീസണില്‍ ഓസ്ട്രേലിയയില്‍ ആഷസ് തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിന് ആന്‍ഡേഴ്‌സന്റെ തീരുമാനം തിരിച്ചടിയാകും.

ഭാവി എന്തായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ലെന്നും ഇംഗ്ലണ്ട് ടീമിനൊപ്പം മറ്റൊരു തരത്തില്‍ പങ്കാളിയാകുമോ എന്ന കാര്യം തനിക്കറിയില്ലെങ്കിലും അത് നല്ലതായിരിക്കുമെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. 

അച്ഛന്‍ തന്റെ തീരുമാനത്തെ അംഗീകരിച്ചപ്പോള്‍ അമ്മ വികാരഭരിതയായെന്ന് അദ്ദേഹം വ്യക്തമാക്കി.

'ബൗളിംഗിനെ സ്‌നേഹിക്കുകയും കഴിവുകള്‍ പ്രകടമാക്കുകയും ടീമിനെ വിജയിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തുകൊണ്ട് കളി ആരംഭിച്ചതുപോലെ അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.