20 വര്‍ഷത്തിനുള്ളില്‍ 200 ബില്യണ്‍ ഡോളറിലധികം ദാനം ചെയ്യാന്‍ പദ്ധതിയിട്ട് ബില്‍ ഗേറ്റ്‌സ്

20 വര്‍ഷത്തിനുള്ളില്‍ 200 ബില്യണ്‍ ഡോളറിലധികം ദാനം ചെയ്യാന്‍ പദ്ധതിയിട്ട് ബില്‍ ഗേറ്റ്‌സ്


കാലിഫോര്‍ണിയ: അടുത്ത 20 വര്‍ഷത്തിനുള്ളില്‍ തന്റെ വലിയ സമ്പത്തിന്റെ 99% വും ദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

2045 ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയിടുന്നതോടെ, തന്റെ ഫൗണ്ടേഷന്‍ വഴി സംഭാവന നല്‍കുന്നത് വര്‍ദ്ധിപ്പിക്കുമെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

'ഞാന്‍ മരിക്കുമ്പോള്‍ ആളുകള്‍ എന്നെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ പറയും, പക്ഷേ 'അദ്ദേഹം ധനികനായി മരിച്ചു' എന്നു പറയാന്‍ അവസരമുണ്ടാക്കരുതെന്ന് ഞാന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്,' അദ്ദേഹം വ്യാഴാഴ്ച ഒരു ബ്ലോഗ് പോസ്റ്റില്‍ എഴുതി.

ആരോഗ്യ, വികസന പദ്ധതികള്‍ക്കായി തന്റെ പേരിലുള്ള ഫൗണ്ടേഷന്‍ ഇതിനകം 100 ബില്യണ്‍ ഡോളര്‍  നല്‍കിയിട്ടുണ്ടെന്നും അടുത്ത രണ്ട് ദശകങ്ങളില്‍ വിപണികളെയും പണപ്പെരുപ്പത്തെയും ആശ്രയിച്ച് 200 ബില്യണ്‍ ഡോളര്‍ കൂടി ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും 69 കാരനായ ബില്‍ ഗേറ്റ്‌സ് അറിയിച്ചു.

 സമ്പന്നരായ ആളുകള്‍ക്ക് അവരുടെ സമ്പത്ത് സമൂഹത്തിന് തിരികെ നല്‍കേണ്ട കടമയുണ്ടെന്ന് വാദിക്കുന്ന, 1889ല്‍ ആന്‍ഡ്രൂ കാര്‍ണഗീ എഴുതിയ 'ദി ഗോസ്പല്‍ ഓഫ് വെല്‍ത്ത്' എന്ന ഉപന്യാസം തന്റെ ബ്ലോഗ് പോസ്റ്റില്‍, ഗേറ്റ്‌സ് ഉദ്ധരിച്ചിരുന്നു.


'സമ്പന്നരായി മരിക്കുന്ന മനുഷ്യന്‍ അപമാനിതനായി മരിക്കുന്നു' എന്ന് കാര്‍ണഗീയുടെ വാചകവും ഗേറ്റ്‌സ് ഉദ്ധരിച്ചു.


ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതവര്‍ധിപ്പിക്കാനുള്ള നീക്കങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ബില്‍ഗേറ്റ്‌സിന്റെ ഏറ്റവും പുതിയ പ്രതിജ്ഞ.  തങ്ങളുടെ മരണശേഷവും സംഘടന പതിറ്റാണ്ടുകളോളം ജീവകാരുണ്യ പ്രവര്‍ത്തനം തുടരുമെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷന്റെ തുടക്കത്തില്‍ അദ്ദേഹവും മുന്‍ ഭാര്യ മെലിന്‍ഡയും പദ്ധതിയിട്ടിരുന്നു.

ഈ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഭാവിയിലെ വെല്ലുവിളികളെ നന്നായി നേരിടാന്‍ കഴിയുന്ന മറ്റ് സമ്പന്നര്‍ 20 വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്ന്  ഗേറ്റ്‌സ് വ്യാഴാഴ്ച ബിബിസിയുടെ ന്യൂസ് അവറിനോട് പറഞ്ഞു.
തന്റെ സമ്പത്തിന്റെ 99% നല്‍കിയാലും ഗേറ്റ്‌സ് ഒരു കോടീശ്വരനായി തുടരും. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും ധനികനായ വ്യക്തിയാണ് ബില്‍ഗേറ്റ്‌സ്.

തന്റെ നിലവിലെ ആസ്തി 108 ബില്യണ്‍ ഡോളറാണെന്നും 2045 ല്‍ അത് പൂജ്യത്തോട് അടുക്കുമെന്നും ബ്ലോഗ് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.

ഫൗണ്ടേഷന്‍ അതിന്റെ എന്‍ഡോവ്‌മെന്റില്‍ നിന്ന് 200 ബില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ഗേറ്റ്‌സ് വിശദീകരിച്ചു.

1975 ല്‍ ആണ് പോള്‍ അലനോടൊപ്പം ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിലും മറ്റ് സാങ്കേതിക വ്യവസായങ്ങളിലും കമ്പനി പിന്നീട് ഒരു പ്രബല ശക്തിയായി മാറി. ഗേറ്റ്‌സ് ഈ നൂറ്റാണ്ടില്‍ കമ്പനിയില്‍ നിന്ന് ക്രമേണ പിന്മാറി, 2000 ല്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനവും 2014 ല്‍ ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചു.

നിക്ഷേപകനായ വാറന്‍ ബഫെറ്റും മറ്റ് മനുഷ്യസ്‌നേഹികളുമാണ് ദാനധര്‍മങ്ങളില്‍ തനിക്ക് പ്രചോദനം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭാരിച്ച നികുതികളില്‍ നിന്ന് രക്ഷപ്പെടാനാണ് ഗേറ്റ്‌സ് അതിന്റെ ചാരിറ്റബിള്‍ പദവി ഉപയോഗിക്കുന്നുവെന്നും ആഗോള ആരോഗ്യ സംവിധാനത്തില്‍ അതിന് അനാവശ്യമായ സ്വാധീനമുണ്ടെന്നും അദ്ദേഹത്തിന്റെ ഫൗണ്ടേഷന്റെ വിമര്‍ശകര്‍ പറയുന്നു.

 അമ്മമാരുടെയും കുട്ടികളുടെയും മരണത്തിനു കാരണമാകുന്ന, തടയാവുന്ന രോഗങ്ങള്‍ ഇല്ലാതാക്കല്‍; മലേറിയ, മീസില്‍സ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കല്‍; കോടിക്കണക്കിന് ആളുകളുടെ ദാരിദ്ര്യം ഇല്ലാതാക്കല്‍ എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍ ഫൗണ്ടേഷന്‍ നിറവേറ്റുമെന്ന് തന്റെ ബ്ലോഗ് പോസ്റ്റില്‍, അദ്ദേഹം വിശദീകരിച്ചു.

വിദേശ സഹായ ബജറ്റുകള്‍ വെട്ടിക്കുറച്ചതിന് യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ ഗേറ്റ്‌സ് വിമര്‍ശിക്കുകയും ചെയ്തു.

'ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങള്‍ തങ്ങളുടെ ദരിദ്രരായ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് തുടരുമോ എന്ന് വ്യക്തമല്ലെന്ന് അദ്ദേഹം എഴുതി. 'എന്നാല്‍ ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ കഴിയുന്ന ഒരു കാര്യം, ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും, ആളുകളെയും രാജ്യങ്ങളെയും ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സഹായിക്കുന്നതിനുള്ള ശ്രമങ്ങളെ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പിന്തുണയ്ക്കും എന്നതാണന്നും പോസ്റ്റില്‍ പറയുന്നു.