ശത്രുവിനെതിരെ ഇന്ത്യ ഒറ്റക്കെട്ട്; സേനാനടപടികളെ പിന്തുണച്ച് അംബാനിയും അദാനിയും

ശത്രുവിനെതിരെ ഇന്ത്യ ഒറ്റക്കെട്ട്; സേനാനടപടികളെ പിന്തുണച്ച് അംബാനിയും അദാനിയും


ന്യൂഡല്‍ഹി: പാകിസ്താനെതിരെ ഇന്ത്യ ആക്രമണം ശക്തമാക്കുന്നതിനിടെ ഇന്ത്യന്‍ സൈന്യത്തെ പിന്തുണച്ച് മുകേഷ് അംബാനിയും ഗൗതം അദാനിയും. 'എല്ലാത്തരം ഭീകരതയ്‌ക്കെതിരെയും ഇന്ത്യ ഒറ്റക്കെട്ടായി ദൃഢനിശ്ചയോടെ ഉറച്ചുനില്‍ക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയ നമ്മുടെ ഇന്ത്യന്‍ സേനയില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ധീരവും നേതൃത്വത്തില്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള എല്ലാ പ്രകോപനങ്ങള്‍ക്കും ഇന്ത്യന്‍ സായുധ സേന കൃത്യതയോടും ശക്തിയോടും പ്രതികരിച്ചു' റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പ്രസ്താവനയില്‍ പറഞ്ഞു.

'നമ്മുടെ രാജ്യത്തിന്റെ ഐക്യവും സമഗ്രതയും സംരക്ഷിക്കുന്നതിനുള്ള ഏത് നടപടിയെയും പിന്തുണയ്ക്കാന്‍ റിലയന്‍സ് കുടുംബം തയ്യാറാണ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു, പക്ഷേ അതിന്റെ അഭിമാനമോ സുരക്ഷയോ പരമാധികാരമോ ബലികഴിച്ചല്ല. നാം ഒരുമിച്ച് നില്‍ക്കും. നാം പോരാടും. നാം വിജയിക്കും'. മുകേഷ് അംബാനി പറഞ്ഞു.
'പാകിസ്താന്‍ ആക്രമണങ്ങള്‍ ഫലപ്രദമായി തടഞ്ഞുവെന്ന് ഇന്ത്യന്‍ സൈന്യം പറഞ്ഞു, ഇതുപോലുള്ള സമയങ്ങളിലാണ് ലോകം ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയും ഐക്യവും കാണുന്നത്. ഞങ്ങള്‍ ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു, നമ്മുടെ മാതൃരാജ്യത്തിന്റെ ആത്മാവിനെയും നമ്മുടെ ആദര്‍ശങ്ങളുടെ ആത്മാവിനെയും സംരക്ഷിക്കാന്‍ നമ്മുടെ സായുധ സേനയെ പിന്തുണയ്ക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. ഗൗതം അദാനി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് നടന്ന ഭീകരാക്രമണത്തിന് പ്രത്യാക്രമണമെന്ന നിലയില്‍ പാകിസ്താന്‍ അധിനിവേശ കശ്മീരിലെയും പാകിസ്താനിലെയും ഒമ്പത് സ്ഥലങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി, ഇതിന് പിന്നാലെ ഇന്ത്യന്‍ നഗരങ്ങളിലും സൈനിക കേന്ദ്രങ്ങള്‍ പാകിസ്താന്‍ ആക്രമണത്തിന് ശ്രമിച്ചെങ്കിലും ഇന്ത്യ ശക്തമായി പ്രതിരോധിച്ചു.