സൈനിക മേധാവികളുമായി പ്രതിരോധ മന്ത്രി നിര്‍ണായക ചര്‍ച്ച നടത്തി

സൈനിക മേധാവികളുമായി പ്രതിരോധ മന്ത്രി  നിര്‍ണായക ചര്‍ച്ച നടത്തി


ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനം തുടരുകയാണെങ്കില്‍ പ്രഹരം ഇരട്ടിയാക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യ. പ്രത്യാക്രമണം കടുപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സംയുക്ത സൈനിക മേധാവിയും സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ ചര്‍ച്ചയിലാണ് ശക്തമായ പ്രത്യാക്രമണത്തിന് തീരുമാനമുണ്ടായത്. 

നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദിവേദി, എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ്. നാവിക സേന മേധാവി അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സൈനിക മേധാവികളുമായി പ്രതിരോധ മന്ത്രി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കും. നിലവിലുള്ള യുദ്ധ സമാന സാഹചര്യത്തില്‍ നിന്നും യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും ആകാംക്ഷയും നിലനില്‍ക്കുന്നിടെയാണ് ഇന്ത്യയുടെ ഭാഗത്തു നിന്നും പുതിയ നീക്കമുണ്ടായത്. 

പാകിസ്ഥാന്‍ 15 കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ടത് ഇന്ത്യ ഇന്നലെ തകര്‍ത്തിരുന്നു. അതുകഴിഞ്ഞിട്ടും പാകിസ്ഥാന്‍ ആക്രമണ ശ്രമങ്ങളില്‍ നിന്നും പിന്മാറാത്തതാണ് ഗുരുതരമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്.

അതിനിടെ ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴു ഭീകരരെ അതിര്‍ത്തി രക്ഷാ സേന കൊലപ്പെടുത്തു.