ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം ചൈനീസ് സാങ്കേതികവിദ്യയുടെ പരീക്ഷണവുമെന്ന് വിദഗ്ധര്‍

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം ചൈനീസ് സാങ്കേതികവിദ്യയുടെ പരീക്ഷണവുമെന്ന് വിദഗ്ധര്‍


ഹോങ്കോങ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ചൈനീസ് സാങ്കേതികവിദ്യ പരീക്ഷണമായിരിക്കാമെന്ന് അനുമാനം. പാശ്ചാത്യം ലോകം വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ക്ക് ബദലായി ചൈന വികസിപ്പിച്ച മേഖലകളുടെ പ്രവര്‍ത്തന പരീക്ഷണമാണെന്നാണ് കരുതുന്നത്. കോടിക്കണക്കിന് ഡോളറുകളാണ് ചൈന ഇത്തരം പരീക്ഷണങ്ങള്‍ക്കായി ചെലവഴിച്ചത്. ചൈനീസ് പ്രതിരോധ സ്‌റ്റോക്കുകള്‍ കുതിച്ചുയരുന്നതും ഇതിന്റെ ഭാഗമായാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. 

ബുധനാഴ്ച നടന്ന വ്യോമാക്രമണത്തില്‍ നൂതന ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ വെടിവയ്ക്കാന്‍ എവിഐസി നിര്‍മ്മിച്ച ജെ10സി യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ഇതോടെ ചൈനയുടെ എവിഐസി ചെങ്ഡു വിമാനത്തിന്റെ ഓഹരികള്‍ ഈ ആഴ്ച 40 ശതമാനമാണ് ഉയര്‍ന്നത്. 

പാകിസ്ഥാന്റെ അവകാശവാദങ്ങളോട് ഇന്ത്യ പ്രതികരിക്കുകയോ വിമാനം നഷ്ടപ്പെട്ടതായി സമ്മതിക്കുകയോ ചെയ്തിട്ടില്ല.  ചൈനീസ് നിര്‍മ്മിത ജെറ്റുകളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചത് ഇക്കാര്യം തനിക്കറിയില്ലെന്നാണ്. 

പാകിസ്ഥാന്റെ പ്രാഥമിക ആയുധ വിതരണക്കാര്‍ എന്ന നിലയില്‍ ചൈന തങ്ങളുടെ ആയുധ സംവിധാനങ്ങള്‍ യഥാര്‍ഥ യുദ്ധത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാന്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. 

വളര്‍ന്നുവരുന്ന സൈനിക വന്‍ശക്തിയായ ചൈന നാല് പതിറ്റാണ്ടിലേറെയായി ഒരു വലിയ യുദ്ധം പോലും നടത്തിയിട്ടില്ല. എന്നാല്‍ ഷി ജിന്‍പിങ്ങിന്റെ കീഴില്‍ തങ്ങളുടെ സായുധ സേനയെ ആധുനികവല്‍ക്കരിക്കുകയും അത്യാധുനിക ആയുധങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് വന്‍തുക ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. 

ബീജിംഗ് പാകിസ്താനെ 'ഇരുമ്പുപടലമുള്ള സഹോദരന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. ആയുധ ആധുനികവത്ക്കരണം പാകിസ്താനിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാകിസ്ഥാന്‍ ഇറക്കുമതി ചെയ്ത ആയുധങ്ങളുടെ 81 ശതമാനവും ചൈനയാണ് വിതരണം ചെയ്തതെന്ന് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡേറ്റ പറയുന്നു.