ചൈനക്കെതിരായ യുഎസ് താരിഫ് 145ശതമാനത്തിൽ നിന്ന് 80 ആയി കുറയ്ക്കും

ചൈനക്കെതിരായ യുഎസ് താരിഫ് 145ശതമാനത്തിൽ നിന്ന് 80 ആയി കുറയ്ക്കും


വാഷിംഗ്ടൺ: ചൈനക്കെതിരായ താരിഫ് യുദ്ധം മയപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസിൽ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപന്നങ്ങൾക്ക് ചുമത്തിയ നികുതി 145 ശതമാനത്തിൽനിന്ന് 80 ശതമാനമായി കുറക്കാൻ ട്രംപ് തീരുമാനിച്ചു. ചൈനയുടെയും യു.എസിന്റെയും ഉന്നതതല പ്രതിനിധി സംഘം സ്വിറ്റ്‌സർലൻഡിൽ ഈയാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് തീരുമാനം. താരിഫ് യുദ്ധത്തിന് ട്രംപ് തുടക്കം കുറിച്ച ശേഷം നടക്കുന്ന ആദ്യത്തെ സുപ്രധാന കൂടിക്കാഴ്ചയാണിത്.

യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറുമാണ് ജനീവയിൽ ചൈനീസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക. ചൈനയുടെയും മറ്റും ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് വൻ നികുതി ചുമത്തിയത് വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് യു.എസ് വിപണിയിൽ ആശങ്ക ഉയർന്നതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം.

ട്രംപിന്റെ താരിഫ് പ്രഖ്യാപനം ഏറ്റവും രൂക്ഷമായി ബാധിച്ചത് ചൈനയെയാണ്. എന്നാൽ, യു.എസ് കനത്ത ചുങ്കം ചുമത്തിയതിന് തിരിച്ചടിയായി ചൈനയും താരിഫ് വർധിപ്പിച്ചിരുന്നു. നിലവിൽ യു.എസ് തീരുവ 145 ശതമാനവും ചൈനയുടേത് 125 ശതമാനവുമാണ്.