ലൈബ്രറിയില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധം; കൊളംബിയ സര്‍വകലാശാല 65 ലധികം വിദ്യാര്‍ത്ഥികളെ പുറത്താക്കി

ലൈബ്രറിയില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധം;  കൊളംബിയ സര്‍വകലാശാല 65 ലധികം വിദ്യാര്‍ത്ഥികളെ പുറത്താക്കി


കൊളംബിയ സര്‍വകലാശാല സ്‌കൂളിന്റെ പ്രധാന ലൈബ്രറിയില്‍ നടന്ന പലസ്തീന്‍ അനുകൂല പ്രകടനത്തില്‍ പങ്കെടുത്ത ഡസന്‍ കണക്കിന് വിദ്യാര്‍ത്ഥികളെ  അധികൃതര്‍ ഈ ആഴ്ച ആദ്യം സസ്‌പെന്‍ഡ് ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും കാമ്പസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തതായി സ്‌കൂള്‍ വക്താവ് വെള്ളിയാഴ്ച അറിയിച്ചു.

സര്‍വകാലശാലയ്ക്കുകീഴിലുള്ള മാന്‍ഹട്ടനിലെ ഐവി ലീഗ് സ്ഥാപനം 65 ലധികം വിദ്യാര്‍ത്ഥികളെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയും ബര്‍ണാര്‍ഡ് കോളേജ് പോലുള്ള അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 33 പേരെ കാമ്പസില്‍ കാലുകുത്തുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസിലേക്ക് വരാനോ ക്ലാസുകളില്‍ പങ്കെടുക്കാനോ മറ്റ് സര്‍വകലാശാലാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ കഴിയില്ല. അച്ചടക്ക നടപടികള്‍ എത്ര കാലം നിലനില്‍ക്കുമെന്ന് പറയാന്‍ സര്‍വകലാശാല വിസമ്മതിച്ചു. പ്രക്ഷോഭത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണ്. അന്വേഷണ വിവരങ്ങള്‍ അനുസരിച്ചാകും കൂടുതല്‍ നടപടികളുണ്ടാവുകയെന്ന് അധികൃതര്‍ പറഞ്ഞു.  

പ്രതിഷേധത്തില്‍ പങ്കെടുത്തതും തങ്ങളുടെ പങ്ക് വെളിപ്പെടുത്താത്തതുമായ നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഇപ്പോള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ടെന്ന് കൊളംബിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍വകലാശാലയുടെ ബട്ട്‌ലര്‍ ലൈബ്രറിയില്‍ ബുധനാഴ്ച വൈകുന്നേരം നടന്ന പ്രകടനവുമായി ബന്ധപ്പെട്ട് ഏകദേശം 80 പേരെ അറസ്റ്റ് ചെയ്തു. മിക്കവരും അതിക്രമിച്ചു കടക്കല്‍ കുറ്റം നേരിടുന്നുണ്ട്. ചിലരുടെ പേരില്‍ ക്രമരഹിതമായ പെരുമാറ്റം ചുമത്തിയേക്കാമെന്ന് പോലീസ് പറഞ്ഞു.

മുഖംമൂടി ധരിച്ച പ്രതിഷേധക്കാര്‍ ക്യാമ്പസ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് കെട്ടിടത്തിലേക്ക് ഓടിക്കയറി പലസ്തീന്‍ പതാകകളും പുസ്തക ഷെല്‍ഫുകളില്‍ മറ്റ് ബാനറുകളും തൂക്കി. ചില പ്രതിഷേധക്കാര്‍ ലൈബ്രറി ഫര്‍ണിച്ചറുകളിലും ചിത്ര ഫ്രെയിമുകളിലും 'കൊളംബിയ കത്തിക്കും' എന്നതുള്‍പ്പെടെയുള്ള വാക്യങ്ങള്‍ എഴുതിവച്ചു.

യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥനപ്രകാരം ഹെല്‍മെറ്റും മറ്റ് സംരക്ഷണവും ധരിച്ച ന്യൂയോര്‍ക്ക് സിറ്റി പോലീസ് എത്തിയാണ് പ്രകടനം പിരിച്ചുവിട്ടത്. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതിനും അവസാന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനും പ്രക്ഷോഭകാരികള്‍ തടസ്സമുണ്ടാക്കിയെന്ന് പോലീസും സര്‍വകലാശാല അധികൃതരും ആരോപിച്ചു.

ലൈബ്രറിയില്‍അതിക്രമിച്ചുകയറി കൈവശപ്പെടുത്തിയ നടപടിയില്‍ പങ്കെടുത്തവരുടെ വിസ സ്റ്റാറ്റസ് തന്റെ ഓഫീസ് പുനഃപരിശോധിക്കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

ഗാസയിലെ യുദ്ധത്തിനെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യാത്തതിന്റെ പേരില്‍ ട്രംപ് ഭരണകൂടം ഇതിനകം സര്‍വകലാശാലകള്‍ക്കുള്ള ഫെഡറല്‍ ഫണ്ടിംഗ് പിന്‍വലിക്കുകയും കൊളംബിയയിലെയും മറ്റ് പ്രശസ്ത അമേരിക്കന്‍ സര്‍വകലാശാലകളിലെയും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.