ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാകിസ്താൻ

ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാകിസ്താൻ


ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാകിസ്താൻ. ബുൻയാൻ മർസൂസ് എന്ന പേരിലുള്ള സൈനിക നീക്കത്തിനാണ് പാകിസ്താൻ തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യ മൂന്ന് വ്യോമതാവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് അറിയിച്ചതിന് പിന്നാലെയാണ് പാകിസ്താൻ സൈനിക നീക്കം പ്രഖ്യാപിച്ചത്.

നൂർ ഖാൻ എയർബേസ്, ഷൊർകോട്ട് എയർബേസ്, മുറിദ് എയർബേസ് എന്നിവക്ക് നേരെ ആക്രമണമുണ്ടായെന്നാണ് പാകിസ്താൻ വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താൻ സൈന്യം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

യാത്രവിമാനങ്ങളെ പാകിസ്താൻ കവചമാക്കുന്നുവെന്ന ഇന്ത്യൻ ആരോപണത്തിന് പിന്നാലെ വ്യോമപാത പൂർണമായും പാകിസ്താൻ അടച്ചു. പാകിസ്താൻ എയർപോർട്ട് അതോറിറ്റി വക്താവാണ് വ്യോമപാത പൂർണമായും അടച്ച വിവരം അറിയിച്ചത്.

പ്രാദേശിക സമയം പുലർച്ചെ 3.15 മുതലാണ് വ്യോമമേഖല അടച്ചത്. ഉച്ചവരെ അടച്ചിടൽ തുടരുമെന്നാണ് നിലവിൽ പാകിസ്താൻ അറിയിച്ചിരിക്കുന്നത്.

പഞ്ചാബിലെ അമൃത്സറിലും ജലന്ധറിലും പാകിസ്താന്റെ ഡ്രോൺ ആക്രമണമുണ്ടായി. ജമ്മുകശ്മീരിലെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്താന്റെ ആക്രമണമുണ്ടായി. ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

അതേസമയം, രാജ്യത്തെ 32 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. മെയ് ഒമ്പത് മുതൽ മെയ് 14 വരെയാണ് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചത്.