യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയുടെ ചൈനീസ് ആശ്രയത്വം കുറയ്ക്കും

യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയുടെ ചൈനീസ് ആശ്രയത്വം കുറയ്ക്കും


ന്യൂഡല്‍ഹി:  യുണൈറ്റഡ് കിംഗ്ഡവും ഇന്ത്യയും തമ്മിലുള്ള പുതിയ സ്വതന്ത്ര വ്യാപാര കരാര്‍ ഒന്നിലധികം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണെന്ന് എസ്ബിഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ചൈനയ്ക്കു മേലുള്ള ആശ്രയത്വം കുറയ്ക്കുക, യുഎസ് താരിഫുകള്‍ മൂലമുള്ള വ്യാപാര വെല്ലുവിളികള്‍ കൈകാര്യം ചെയ്യുക, ബ്രെക്‌സിറ്റിന് ശേഷം യുകെയുടെ സമ്പദ്വ്യവസ്ഥ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

മള്‍ട്ടി ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഈ കരാര്‍ വ്യാപാരം ചെയ്യുന്ന 90 ശതമാനം ഉല്‍പ്പന്നങ്ങളുടെയും താരിഫ് കുറയ്ക്കും. ഇതുവഴി ഇരു രാജ്യങ്ങളിലുമുള്ള ബിസിനസുകള്‍ക്ക് നേട്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. പ്രസ്തുക കരാര്‍ ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ 25.5 ബില്യണ്‍ പൗണ്ട് വര്‍ദ്ധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

വിദഗ്ധരുടെ വിലയിരുത്തില്‍ ഇന്ത്യയുമായുള്ള സഹകരണം യുകെയുടെ ജിഡിപി 4.8 ബില്യണ്‍ പൗണ്ട് വര്‍ദ്ധിപ്പിക്കുകയും, എല്ലാ വര്‍ഷവും വേതനം 2.2 ബില്യണ്‍ പൗണ്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൊവിഡിനു ശേഷം ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണ്. കൂടാതെ ലോകത്തെ ഏറ്റവും മികച്ച വിപണികളില്‍ മുന്‍പന്തിയിലും ഇന്ത്യ തന്നെയാണ്. യുകെയുമായുള്ള സഹകരണം ഇന്ത്യയ്ക്ക് ശക്തമായ കയറ്റുമതിയിലൂടെയും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും നേട്ടമാകുമെന്നു കരുതുന്നു.