പോപ്പ് ലിയോയുടെ ബാല്യകാല വസതി വ്യാഴാഴ്ച വരെ 250,000 ഡോളറില്‍ താഴെ വിലയ്ക്ക് വില്പനയ്ക്ക് വച്ചിരുന്നു

പോപ്പ് ലിയോയുടെ ബാല്യകാല വസതി വ്യാഴാഴ്ച വരെ 250,000 ഡോളറില്‍ താഴെ വിലയ്ക്ക് വില്പനയ്ക്ക് വച്ചിരുന്നു


ഷിക്കാഗോ: ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ട പോപ്പ് ലിയോയെക്കുറിച്ചുള്ള വിശേഷങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചചെയ്യുന്നതിനിടയില്‍ ഷിക്കാഗോയില്‍ അദ്ദേഹം ബാല്യകാലം ചെലവിട്ട പഴയ വീടും മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയാണ്.  ഷിക്കാഗോയിലെ ഒരു പ്രാന്തപ്രദേശത്തുള്ള പോപ്പ് ലിയോയുടെ ബാല്യകാല വസതി അടുത്തിടെ 250,000 ഡോളറില്‍ താഴെ വിലയ്ക്ക് വില്‍പ്പനയ്ക്ക് വച്ചിരുന്നു. അദ്ദേഹം പോപ്പായി തെരഞ്ഞെടുക്കപ്പെട്ട സന്തോഷവാര്‍ത്ത ലോകം ശ്രവിച്ച വ്യാഴാഴ്ച വരെ ആ വീട് റിയല്‍ എസ്‌റ്റേറ്റ് ലിസ്റ്റിംഗില്‍ ഇടംപിടിച്ചിരുന്നു.

ഷിക്കാഗോയുടെ തെക്ക് പ്രാന്തപ്രദേശമായ ഇല്ലിനോയിസിലെ ഡോള്‍ട്ടണിലുള്ള ചെറിയ വീടിന്റെ ലിസ്റ്റിംഗ് പുതിയ പോപ്പ് തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ നീക്കം ചെയ്യപ്പെട്ട നിലയിലാണ്.

ഈസ്റ്റ് 141ാം പ്ലേസിലെ 750 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട് മെയ് 5 ന് 245,957 ഡോളറിനാണ്  വില്‍പ്പനയ്ക്ക് വച്ചിരുന്നത്.

'കുറ്റമറ്റ രീതിയില്‍ പുനരുദ്ധരിച്ച ഒറ്റ കുടുംബ വീട്ടില്‍ മൂന്ന് നിലകളുള്ള താമസസ്ഥലം നിങ്ങളെ കാത്തിരിക്കുന്നു!!' എന്നാണ് ആവസ്യക്കാര്‍ക്കായി ലിസ്റ്റിംഗില്‍ പരസ്യവാചകമായി കൊടുത്തിരുന്നത്. 'ശാന്തമായ ഒരു ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഈ താങ്ങാനാവുന്ന വിലയുള്ള, ഇഷ്ടിക നിര്‍മിതമായ, താമസത്തിന് തയ്യാറായ ഈ റിട്രീറ്റില്‍ 3 കിടപ്പുമുറികള്‍, 2 കുളിമുറികള്‍ എന്നിവ ഉള്‍പ്പെടെ ആവശ്യമായ സൗകര്യങ്ങലെല്ലാം ഉണ്ട്.

പോപ്പിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാര്‍ത്ത ആദ്യം പുറത്തുവന്നതിന് ശേഷം വീട് വിപണിയില്‍ നിന്ന് നീക്കം ചെയ്തതായി വില്‍പ്പനക്കാരന്റെ റിയല്‍റ്ററായ സ്റ്റീവ് ബുഡ്‌സിക് എന്‍ബിസി ഷിക്കാഗോയോട് സ്ഥിരീകരിച്ചു.

ഒരു റിപ്പോര്‍ട്ടറില്‍ നിന്ന് ഒരു കോള്‍ ലഭിച്ചപ്പോഴാണ് വീട് പുതിയ പോപ്പിന്റെ ബാല്യകാല വസതിയാണെന്ന് താന്‍ അറിഞ്ഞതെന്ന് സ്റ്റീവ് ബുഡ്‌സിക് പറഞ്ഞു.

'ആദ്യം അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് ബുഡ്‌സിക് പറഞ്ഞു. 'വാര്‍ത്ത കാണാത്തതിനാല്‍ ഞാന്‍ വിശ്വസിച്ചില്ല.'

എന്നാല്‍ പിന്നീട്, കോളുകള്‍ ഒഴുകിയെത്തി, 'ഇത് യഥാര്‍ത്ഥമാണെന്ന്' മനസ്സിലാക്കി.

വില്‍പ്പനക്കാരനെ വാര്‍ത്ത അറിയിച്ചപ്പോള്‍, വീടിന്റെ ഇപ്പോഴത്തെ ഉടമ തന്റെ ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം താമസിപ്പിച്ചിരിക്കുകയാണ്.

'ഇത് കൊള്ളാം. ലോട്ടറിയിടിക്കുന്നതിനെക്കാള്‍ നല്ലതാണ് ഇത്' എന്ന മട്ടിലായിരുന്നു ഉടമയെന്ന് ബുഡ്‌സിക് പറഞ്ഞു. പോപ്പിന്റെ ബാല്യകാല വസതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നതോടെ അത് സ്വന്തമാക്കാന്‍ ആളുകള്‍ അന്വേഷണവുമായി എത്തുന്നുണ്ട്. രണ്ടര ലക്ഷം ഡോളര്‍ എന്ന ആദ്യത്തെ വിലയില്‍ നിന്ന് 9 ലക്ഷം ഡോളര്‍ വരെ വില ഉയര്‍ന്നുകഴിഞ്ഞു.

പലര്‍ വാങ്ങി കൈമാറിയ ഈ വീട് അവസാനമായി 2024 മെയ് മാസത്തില്‍ 66,000 ഡോളറിനാണ് ഇപ്പോളത്തെ ഉടമ വാങ്ങിയത്.

ഷിക്കാഗോയില്‍ ജനിച്ച പോപ്പ്, തന്റെ രണ്ട് സഹോദരന്മാര്‍ക്കൊപ്പം ഡോള്‍ട്ടണ്‍ നഗരപ്രാന്തത്തിലാണ് തന്റെ കുട്ടിക്കാലം ചെലവഴിച്ചത്.

'ഞങ്ങള്‍ എല്ലാവരും ഡോള്‍ട്ടണിലാണ് വളര്‍ന്നത്,' അദ്ദേഹത്തിന്റെ സഹോദരന്‍ ജോണ്‍ പ്രെവോസ്റ്റ് എന്‍ബിസി ഷിക്കാഗോയോട് പറഞ്ഞു. പ്രത്യേകതകള്‍ ഒന്നുമില്ലാത്ത സാധാരണ ബാല്യമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

1955ല്‍ ഷിക്കാഗോയുടെ സൗത്ത് സൈഡില്‍ ജനിച്ച പോപ്പ് ലിയോ, ഡോള്‍ട്ടണിന്റെ പ്രാന്തപ്രദേശത്താണ് വളര്‍ന്നത്. ഷിക്കാഗോയിലെ റിവര്‍ഡെയ്ല്‍ പരിസരത്തുള്ള സെന്റ് മേരി ഓഫ് ദി അസംപ്ഷന്‍ പള്ളിയില്‍ കുര്‍ബാന കൂടിയ അദ്ദേഹം പള്ളിവക പ്രാഥമിക വിദ്യാലയത്തിലാണ് പഠിച്ചത്.

ന്യൂ ലെനോക്‌സിന്റെ പ്രാന്തപ്രദേശത്തുള്ള ഈ പ്രദേശത്താണ് പ്രെവോസ്റ്റ് ഇപ്പോഴും താമസിക്കുന്നത്.

വീടിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രെവോസ്റ്റുമായി ബന്ധപ്പെടാന്‍ വീടിന്റെ ഉടമകള്‍ ആഗ്രഹിക്കുന്നുവെന്ന് ബുഡ്‌സിക് പറഞ്ഞു.
ഉടമസ്ഥന്റെ തീരുമാനമനുസരിച്ചേ ഇനി വീടിന്റെ വില്പന നടക്കൂ എന്ന് റിയല്‍റ്റര്‍ പറഞ്ഞു.

വീട് ഒരു ലാന്‍ഡ്മാര്‍ക്കായി മാറ്റുകയും, പോപ്പ് അവിടെ താമസിച്ചിരുന്ന രീതിയിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യുക. അല്ലെങ്കില്‍ വീണ്ടും ലിസ്റ്റ് ചെയ്യാനുള്ള സാധ്യത എന്നിവ നിലവിലെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുന്നു. 'എല്ലാ ഓപ്ഷനുകളും വീടിന്റെ ഉടമ പരിശോധിച്ചുവരികയാണെന്ന് ബുഡ്‌സിക് പറഞ്ഞു.