ലോകത്തിലെ ആദ്യ ഡ്രോണ്‍ യുദ്ധമായി ഇന്ത്യ- പാക് സംഘര്‍ഷം

ലോകത്തിലെ ആദ്യ ഡ്രോണ്‍ യുദ്ധമായി ഇന്ത്യ- പാക് സംഘര്‍ഷം


ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം ലോകത്തിലെ ആദ്യത്തെ ഡ്രോണ്‍ യുദ്ധത്തിലേക്ക്. 

വ്യാഴാഴ്ച, ഇന്ത്യന്‍ പ്രദേശത്തും ഇന്ത്യന്‍ കശ്മീരിലേയും മൂന്ന് സൈനിക താവളങ്ങളില്‍ പാകിസ്ഥാന്‍ നിരവധി ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചതായി ഇന്ത്യ ആരോപിച്ചു. എന്നാല്‍ ഇക്കാര്യം പാകിസ്താന്‍ നിഷേധിച്ചു. 

എന്നാല്‍ ഇ്ന്ത്യയുടെ 25 ഡ്രോണുകള്‍ വെടിവെച്ചിട്ടുവെന്നാണ് പാകിസ്താന്‍ അവകാശപ്പെട്ടത്. ഇക്കാര്യത്തില്‍ ഇന്ത്യ നിശ്ശബ്ദതയാണ് പാലിച്ചത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യ- പാകിസ്താന്‍ ശത്രുതയില്‍ അപകടകരമായ പുതിയ ഘട്ടമാണ് പ്രത്യാക്രമണങ്ങള്‍ അടയാളപ്പെടുത്തുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇരുപക്ഷവും പീരങ്കികള്‍ മാത്രമല്ല, അതിര്‍ത്തിയില്‍ ആളില്ലാ ആയുധങ്ങളുമാണ് ഉപയോഗിക്കുന്നത്. 

വാഷിംഗ്ടണും മറ്റ് ആഗോള ശക്തികളും സംയമനം പാലിക്കാനാണ് ആവശ്യപ്പെടുന്നതെങ്കിലും മേഖല സംഘര്‍ഷത്തിന്റെ വക്കിലാണുള്ളത്. ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തില്‍ നിശ്ശബ്ദവും വിദൂരവുമായ ഡ്രോണുകളുടെ സാന്നിധ്യം പുതിയ അധ്യായമാണ് തുറക്കുന്നത്.