അംബാല: വ്യോമസേനാ ബേസിന്റെ നിര്‍ണായക കേന്ദ്രമായ ഹരിയാനയിലെ അംബാലയില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ജില്ലാ ഭരണകൂടം സമ്പൂര്‍ണ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു. ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
പൊതു ജനങ്ങളുടെ സുരക്ഷയും നയതന്ത്ര താത്പര്യവും മുന്‍നിര്‍ത്തി നിലവിലെ സാഹചര്യത്തില്‍ രാത്രിയില്‍ സമ്പൂര്‍ണ ബ്ലാക്ക്ഔട്ട് ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമായി വന്നിരിക്കുന്നുവെന്നാണ് ഡപ്യൂട്ടി കമ്മിഷണന്‍ അജയ് തിങ് തോമര്‍ പുറത്തു വിട്ട ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
രാത്രി 8 മണി മുതല്‍ രാവിലെ 6 മണി വരെ ബില്‍ബോര്‍ഡുകള്‍, തെരുവുവിളക്കുകള്‍, പുറത്തേക്കുള്ള വിളക്കുകള്‍ എന്നിവയ്ക്കായി ഉപയോഗിച്ചു വരുന്ന ഇന്‍വേര്‍ട്ടറുകള്‍, ജനറേറ്ററുകള്‍ തുടങ്ങി എല്ലാ പവര്‍ ബാക്ക്അപ്പുകളും നിരോധിച്ചിരിക്കുകയാണ്. അതേ സമയം എല്ലാ വാതിലുകളും ജനലുകളും പൂര്‍ണമായി ബന്ധിച്ച് കട്ടിയുള്ള തിരശീലകള്‍ കൊണ്ട് മറച്ചതിനു ശേഷം വീടിനകത്ത് ആവശ്യമെങ്കില്‍ വെളിച്ചം ഉപയോഗിക്കാം.
വെളിച്ചം പുറത്തു വരുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ ശിക്ഷിക്കപ്പെടും. വ്യാഴാഴ്ച രാത്രി അവന്തിപുര, ജലന്ധര്‍, ലുധിയാന, ആദംപുര്‍, ബത്തിന്‍ഡ, ചണ്ഡിഗഡ്, നാല്‍, ഫലോഡി, ഉത്തര്‍ലൈ, ഭുജ് എന്നിവിടങ്ങളില്‍ പാക് ആക്രമണ ശ്രമമുണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.