ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള പാക്കിസ്ഥാന്റെ ആക്രമണങ്ങള്‍ വീണ്ടും തകര്‍ത്തുവെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു. അതിര്‍ത്തിയിലുടനീളം പല തവണ പാക്കിസ്ഥാന്‍ ആക്രമണം നടത്തി. 400 ഡ്രോണുകള്‍ വരെ ഉപയോഗിച്ച് സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൈനറ്റിക്, നോണ്‍ കൈനറ്റിക് മാധ്യമങ്ങളിലൂടെ ഡ്രോണുകളില്‍ ഭൂരിഭാഗവും ഇന്ത്യ തകര്‍ത്തു. ആക്രമണത്തിന് തുര്‍ക്കി നിര്‍മിത ഡ്രോണുകളും പാക്കിസ്ഥാന്‍ ഉപയോഗിച്ചതായി വിദേശകാര്യ സെക്രട്ടറി സ്ഥിരീകരിച്ചു. ഭട്ടിന്‍ഡ സൈനിക കേന്ദ്രവും പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടിരുന്നു.
ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്കിസ്ഥാന് വലിയ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. പാക് ഷെല്‍ ആക്രമണത്തില്‍ ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് കോളെജിലെ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. സ്‌കൂള്‍ അടച്ചിരുന്നതിനാല്‍ വലിയ ദുരന്തം ഉണ്ടായില്ല. യാത്രാ വിമാനങ്ങളെ കവചമാക്കിയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതെന്നും വിദേശകാര്യ സെക്രട്ടറി വെളിപ്പെടുത്തി.
നിലവിലെ സാഹചര്യത്തില്‍ കര്‍താര്‍പുര്‍ ഇടനാഴി വഴിയുള്ള സേവനങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തി വച്ചിരിക്കുകയാണെന്നും വിക്രം മിസ്രി മാധ്യമങ്ങളോട് പറഞ്ഞു. കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറിക്കൊപ്പം പങ്കെടുത്തു.