ന്യൂഡൽഹി : ഇന്ത്യപാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളും അടച്ചെന്ന് വ്യാജ പ്രചാരണം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പ്രചരിക്കുന്നത്. എന്നാൽ, എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) ഇതുസംബന്ധിച്ച് ഫാക്ട് ചെക്ക് നടത്തിയിട്ടുണ്ട്. രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളും അടച്ചെന്നത് വ്യാജ പ്രചാരണമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയും വ്യക്തമാക്കി. സർക്കാർ അത്തരത്തിലുള്ള ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് പി.ഐ.ബി അറിയിച്ചു.
സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന് പിന്നാലെ ഏതാനും വാർത്താ ചാനലുകളും ഈ വിവരം പങ്കുവെച്ചിരുന്നു. എന്നാൽ വാർത്ത പിന്നീട് തിരുത്തി.
അതേസമയം, വിവിധ എയർലൈൻസുകൾ യാത്രക്കാർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ച പശ്ചാത്തലത്തിൽ മൂന്ന് മണിക്കൂർ നേരത്തെ എത്തണമെന്നാണ് നിർദേശം. വിമാനം പുറപ്പെടുന്നതിന് 75 മിനുറ്റ് മുമ്പ് ചെക്ക്ഇൻ കൗണ്ടർ അടക്കുമെന്നും നിർദേശമുണ്ട്.
അതേസമയം, കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്. ശ്രീനഗർ, ജമ്മു, ലേ, ചണ്ഡിഗഡ്, അമൃത്‌സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പഠാൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്, ജയ്‌സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്‌കോട്ട്, പോർബന്തർ, കണ്ട്‌ല, കെഷോദ്, ബുജ്, ഗ്വാളിയാർ, ഗാസിയാബാദ് ഹിൻഡൻ വിമാനത്താളങ്ങളുടെ പ്രവർത്തനമാണ് മെയ് 10 വരെ നിർത്തിവച്ചിരിക്കുന്നത്. കശ്മീർ മുതൽ ഗുജറാത്ത് വരെയുള്ള വടക്ക് – പടിഞ്ഞാറൻ വ്യോമപാത പൂർണമായും ഒഴിവാക്കിയാണ് നിലവിൽ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നത്.
രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളും അടച്ചു എന്നത് വ്യാജ പ്രചാരണമെന്ന് അധികൃതർ
