ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്


വാഷിംഗ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി യു എസ് വൈസ് പ്രസിഡന്റ്  ജെ.ഡി വാന്‍സ്. പ്രശ്‌നങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ മാത്രമേ യുഎസിന് സാധിക്കൂ, അല്ലാതെ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. അടിസ്ഥാനപരമായി ഇത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല, മാത്രമല്ല അമേരിക്കയുടെ നിയന്ത്രണപരിധിയില്‍ വരുന്ന വിഷയവുമല്ലെന്നും ജെ.ഡി വാന്‍!സ് പറഞ്ഞു. ഫോക്‌സ് ന്യൂസ് അഭിമുഖത്തിലാണ് അദ്ദേഹം യുഎസ് നിലപാട് വ്യക്തമാക്കിയത്.

'ആയുധങ്ങള്‍ താഴെ വെയ്ക്കണമെന്ന് ഇന്ത്യയോട് പറയാന്‍ അമേരിക്കയ്ക്ക് സാധിക്കില്ല. പാക്കിസ്താനോടും. നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്‌നപരിഹാരത്തിനുള്ള സാധ്യത ആലോചിക്കും. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ യുദ്ധത്തിലേക്ക് പോകില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഒരു ആണവ സംഘര്‍ഷത്തിലേക്ക് നീങ്ങരുതെന്നാണ് ആഗ്രഹിക്കുന്നത്. ഈ ഘട്ടത്തില്‍ അത് സംഭവിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല', ജെ.ഡി വാന്‍സ് പറഞ്ഞു.

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ തന്നാല്‍ കഴിയുന്നത് ചെയ്യാന്‍ തയ്യാറാണെന്ന് നേരത്തേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ' പാക്കിസ്താനും ഇന്ത്യയുമായും തനിക്ക് ബന്ധമുണ്ട്. അവര്‍ എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ അവര്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ അടിക്ക് തിരിച്ചടി തുടരുകയാണ്. എനിക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതിന് ഞാന്‍ തയ്യാറാണ്', ട്രംപ് പറഞ്ഞു. തര്‍ക്കം നാണക്കേടാണെന്നും ട്രംപ് പ്രതികരിച്ചു. 'ഓവല്‍ ഓഫീസിലൂടെ നടക്കുന്നതിനിടയിലാണ് ഞങ്ങള്‍ സംഘര്‍ഷത്തെ കുറിച്ച് അറിയുന്നത്. പഴയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ ഉണ്ടാകുമെന്ന് ആളുകള്‍ കണക്ക് കൂട്ടിയിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഏറെനാളായി പ്രശ്‌നങ്ങള്‍ ഉണ്ട്. നൂറ്റാണ്ടുകളാണ് തര്‍ക്കമാണ്. എന്തായാലും എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കപ്പെടട്ടെ', ട്രംപ് പറഞ്ഞു.

അതേസമയം വ്യാഴാഴ്ച രാത്രി സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറുമായും പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും സംസാരിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ അടിയന്തരമായി ചര്‍ച്ച നടത്തി ഏറ്റുമുട്ടലില്‍ നിന്നും പിന്തിരിയണമെന്നായിരുന്നു മാര്‍ക്കോ റുബിയോ ആവശ്യപ്പെട്ടത്. അതേസമയം സംഘര്‍ഷം രൂക്ഷമാക്കാനുള്ള ഏതൊരു ശ്രമത്തിനെതിരേയും ഇന്ത്യ ശക്തമായി തിരിച്ചടിക്കും എന്നായിരുന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കിയത്.
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള യുഎസിന്റെ ഇടപെടലിനെ ശക്തമായി അഭിനന്ദിക്കുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ഇന്ത്യ ശക്തമായി തന്നെ നിലകൊള്ളും. സംഘര്‍ഷം രൂക്ഷമാക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി എതിര്‍ക്കും', ജയശങ്കര്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് സംഘര്‍ഷം രൂക്ഷമായത്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി പാക്കിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു. അമ്പതോളം ഡ്രോണുകളാണ് ഇന്ത്യയ്‌ക്കെതിരെ പാക്കിസ്താന്‍ തൊടുത്തത്. മാത്രമല്ല ജമ്മു , അഖ്‌നൂര്‍ മേഖലകളിലേക്ക് പാക്കിസ്താന്റെ യുദ്ധവിമാനങ്ങളും എത്തി. രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലും പാക് ഡ്രോണുകള്‍ എത്തി. എന്നാല്‍ കനത്ത തിരിച്ചടിയായിരുന്നു ഇന്ത്യ നടത്തിയത്. ഡ്രോണുകളും വിമാനങ്ങളും വെടിവെച്ച് വീഴ്ത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. 50 ഓളം ഡ്രോണുകളാണ് വെടിവെച്ചിട്ടത്. ഇസ്ലാമാബാദും കറാച്ചിയും ലാഹോറിലുമടക്കം ഇന്ത്യ തിരിച്ചടി നല്‍കി. പാക് പ്രധാനമന്ത്രി ഷഹബാദ് ഷെരീഫിന്റെ വസതിയുടെ 20 കിമി ചുറ്റളവില്‍ ഇന്ത്യന്‍ ഡ്രോണുകള്‍ എത്തി. ഇതോടെ പ്രധാനമന്ത്രിയെ സുരക്ഷിത താവളത്തിലേക്ക് പാക്കിസ്ഥാന്‍ മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാക് തുറമുഖ കേന്ദ്രമായ ലാഹോറില്‍ നാവിക സേനയുടെ നേതൃത്വത്തിലും ആക്രമണം നടന്നിരുന്നു.