യുഎസില്‍നിന്നുള്ള ആദ്യ മാര്‍പാപ്പ; റോബര്‍ട്ട് പ്രെവോസ്റ്റ് ആഗോള കത്തോലിക്ക സഭയുടെ വലിയ ഇടയന്‍

യുഎസില്‍നിന്നുള്ള ആദ്യ മാര്‍പാപ്പ; റോബര്‍ട്ട് പ്രെവോസ്റ്റ് ആഗോള കത്തോലിക്ക സഭയുടെ വലിയ ഇടയന്‍


വത്തിക്കാന്‍: ലോകം ആകാംക്ഷയോടെകാത്തിരുന്ന പുതിയ പോപ്പായി റോബര്‍ട്ട് പ്രെവോസ്റ്റ് വത്തിക്കാനിലെ കോണ്‍ക്ലേവില്‍ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഉടന്‍തന്നെ വത്തിക്കാന്‍ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് വിശ്വാസികളെ അഭിവാദ്യം ചെയ്യും.

ഇദ്ദേഹം ഇനി ലിയോ പതിനാലാമന്‍ മാര്‍പാപ്പ എന്ന് അറിയപ്പെടും. യുഎസില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയില്‍നിന്ന് വെളുത്ത പുക ഉയര്‍ന്നതോടെയാണ് പുതിയ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്. കോണ്‍ക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ മാര്‍പ്പാപ്പ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ കാണും.
സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയില്‍ വലിയതോതില്‍ സന്തോഷപ്രകടനങ്ങള്‍ ഉണ്ടായി. വെളുത്ത പുക കാണാന്‍ ആളുകള്‍ ഓടിക്കൂടി. സന്തോഷം കൊണ്ടു തുള്ളിച്ചാടി ആകാശത്തേക്കുനോക്കി പ്രാര്‍ഥന നടത്തുകയും ചെയ്തു പലരും. വലിയ ശബ്ദത്തില്‍ മണികള്‍ മുഴങ്ങുകയും ചെയ്തു. 45,000ത്തിലധികം പേരാണു പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തുവെന്ന വാര്‍ത്ത കേള്‍ക്കാനായി  തടിച്ചുകൂടിയത്.
ലോകത്തെ നിസ്വഭൂരിപക്ഷത്തെ ദൈവസ്പര്‍ശം അനുഭവിപ്പിക്കാന്‍ തന്റെ ജീവിതമര്‍പ്പിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെയും കാനോണിക നിയമത്തിന്റെ അതിരുകള്‍ വിശ്വാസിസമൂഹത്തിനായി വിസ്തൃതമാക്കിയ അദ്ദേഹത്തിന്റെ മുന്‍ഗാമികളുടെയും പാതയിലേക്ക് പുതിയ വെളിച്ചവുമായി തെരഞ്ഞെടുക്കപ്പെട്ടവന്‍ എത്തുകയാണ്. 


വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ഒത്തുചേര്‍ന്ന ഇന്ത്യയില്‍ നിന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരടക്കം  വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാര്‍ ഏറ്റെടുത്തത് വലിയ ദൗത്യം.
ഇനി പുതിയ കാലത്തിന്റെ വലിയ ഇടയന്റെ ഊഴം..


യുഎസില്‍നിന്നുള്ള ആദ്യ മാര്‍പാപ്പ; റോബര്‍ട്ട് പ്രെവോസ്റ്റ് ആഗോള കത്തോലിക്ക സഭയുടെ വലിയ ഇടയന്‍