ന്യൂഡല്‍ഹി: പാക്കിസ്താനിലേയും പാക് അധീന കാശ്മീരിലേയും ഭീകര താവളങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുകയാണെന്ന് ഡല്‍ഹിയില്‍ സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര മന്ത്രിമാര്‍ അറിയിച്ചതിനു തൊട്ടു പിറകേ ഇന്ത്യ പാക്കിസ്താന്റെ സൈനിക സന്നാഹങ്ങള്‍ കൂടി ലക്ഷ്യമിട്ട് ഓപ്പറേഷന്‍ വ്യാപിപ്പിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
ഇന്ത്യന്‍ ഓപ്പറേഷനില്‍ പാക്കിസ്താന്‍ നഗരങ്ങളായ ലാഹോറും കറാച്ചിയും വിറച്ചു. മിസൈലുകളും ഡ്രാണുകളും പറന്നു ചെന്നത് പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു. കൃത്യമായി ലക്ഷ്യം കണ്ട ഓപ്പറേഷനൊടുവില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയെത്തി. പാക്ക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നാം നിര്‍വീര്യമാക്കിയിയിരിക്കുന്നു.
ബുധനാഴ്ച അര്‍ദ്ധരാത്രിയില്‍ ഇന്ത്യയുടെ വടക്കന്‍, പശ്ചിമ മേഖലകലിലെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള പാക് ശ്രമങ്ങള്‍ക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, അദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡിഗഢ്, നാല്‍ ഫലോജി, ഉത്തര്‍ലയ്, ഭുജ് തുടങ്ങിയിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ഒരു വിഫല ശ്രമം പാക്കിസ്ഥാന്‍ നടത്തിയിരുന്നു. 15 കേന്ദ്രങ്ങളെയായിരുന്നു പാക്കിസ്താന്‍ ലക്ഷ്യം വെച്ചത്. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്താന്‍ നടത്തിയ നീക്കം മിന്നല്‍ വേഗത്തില്‍ തിരിച്ചറിഞ്ഞ് ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രതികരിച്ചു. പാക്ക് മിസൈലുകളും ലഭ്യം കാണും മുമ്പ് ആകാശത്തു വെച്ച് തന്നെ എരിഞ്ഞൊടുങ്ങി. ഇന്ത്യയുടെ മിസൈല്‍ വേധ സംവിധാനങ്ങള്‍ ഞൊടിയിടയില്‍ പ്രവര്‍ത്തന സജ്ജമായി.
സുദര്‍ശന്‍ ചക്ര എന്ന് പേരിട്ടു വിളിക്കുന്ന ഇന്ത്യന്‍ വ്യോമ സേനയുടെ ട 400 മിസൈല്‍ കവച സംവിധാനമാണ് പാക്ക് നീക്കം നിഷ്ഫലമാക്കിയത്. പാക്കിസ്താന്റെ പാളിയ ആക്രമണത്തിന്റെ തെളിവായി വിവിധയിടങ്ങളില്‍ നിന്ന് ഇതിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇതിനുള്ള തിരിച്ചടി വൈകിയില്ല. പാകിസ്താന്റെ ലാഹോറിലും മറ്റ് വിവിധിയിടങ്ങളിലുമുണ്ടായിരുന്ന വ്യോമപ്രതിരോധ, റഡാര്‍ സംവിധാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തുവെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിരവധി കേന്ദ്രങ്ങളില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ലക്ഷ്യം വെച്ചുവെന്നല്ലാതെ ഏതൊക്കെ നഗരങ്ങളില്‍ എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നില്ല. ലാഹോറിനും കറാച്ചിക്കും പുറകേ റാവല്‍ പിണ്ടിയിലും ഇന്ത്യന്‍ പ്രഹരമേറ്റ് പാക്കിസ്താന്‍ വിറകൊണ്ടുവെന്ന് പ്രാദേശിക മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലാഹോറില്‍ പാക്കിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തെന്ന് സ്ഥിരീകരണവും ഇന്ത്യന്‍ പ്രതിരോധ വകുപ്പ് നല്‍കി.
കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ദീര്‍ഘദൂരസൈനിക മിസൈല്‍ സംവിധാനമാണ് എച്ച് ക്യൂ9. ചൈനീസ് നിര്‍മ്മിത വ്യോമസംവിധാനമായ ഇത് പാക് സൈന്യത്തിന്റെ ബഹുതലവ്യോമപ്രതിരോധ ശൃംഖലയുടെ സുപ്രധാന ഘടകങ്ങളിലൊന്നാണ്. 2015 മുതല്‍ തന്നെ ഇത് വാങ്ങാനുള്ള ചര്‍ച്ചകള്‍ പാകിസ്താന്‍ ആരംഭിച്ചിരുന്നു. 2021 ഒക്‌ടോബര്‍ 14നാണ് ഇവ പാക് സേനയുടെ ഭാഗമായത്.ലോഞ്ച് വെഹിക്കിളുകളും റഡാര്‍ സംവിധാനങ്ങളും കമാന്‍ഡ് സെന്ററുകളും അടങ്ങുന്നതാണ് HQ 9 വ്യോമ പ്രതിരോധ സംവിധാനം. 120കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള ലക്ഷ്യം ഭേദിക്കാനും 120 കിലോമീറ്റര്‍ പരിധിയിലെത്തുന്ന മിസൈലുകളെ പ്രതിരോധിക്കാനും ഇതിന് ശേഷിയുണ്ട്. HQ 9 വ്യോമ പ്രതിരോധ സംവിധാനത്തിന് അതിന്റെ റേഞ്ചിന്റേയും ശേഷിയുടേയും അടിസ്ഥാനത്തില്‍ 10 കോടി രൂപ മുതല്‍ 1500 കോടി രൂപ വരെ വില വരും.
ഇതിനിടെ പാകിസ്താന്‍ നിയന്ത്രണ രേഖയില്‍ പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. മോര്‍ട്ടാറുകളും ഉഗ്രശേഷിയുള്ള ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം. ജമ്മുകശ്മീരിലെ കുപ്‌വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെന്‍ധാര്‍, രജൗരി മേഖലകളിലാണ് ആക്രമണം.നിരവധി സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയോ ജീവന്‍ നഷ്ടമാവുകയോ ചെയ്തിട്ടുണ്ട്.
'പാക് വെടിവയ്പില്‍ ഒരു സ്ത്രീയും അഞ്ച് കുട്ടികളുമടക്കം പതിനാറ് നിരപരാധികളുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. പാക് ആക്രമണങ്ങള്‍ തിരിച്ചടിക്ക് ഇന്ത്യയെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. സംഘര്‍ഷം കുറയ്ക്കാനാണ് ഇന്ത്യന്‍ സേനയുടെ ശ്രമം. പാക് സൈന്യവും ഇതിന് വഴങ്ങിയാല്‍ മാത്രമേ സംഘര്‍ഷം ലഘൂകരിക്കപ്പെടൂ എന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പാക് ആക്രമണം ചെറുക്കാന്‍ ഇന്ത്യ ഉപയോഗിച്ചത് എസ് 400 സുദര്‍ശന ചക്ര മിസൈല്‍ വേധ സംവിധാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പാക്കിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ തകര്‍ത്തു
