ബ്രിട്ടനുമായി കരാർ ചട്ടക്കൂട് തയ്യാർ; ചൈനയുമായും ചർച്ച

ബ്രിട്ടനുമായി കരാർ ചട്ടക്കൂട് തയ്യാർ; ചൈനയുമായും ചർച്ച


വാഷിംഗ്ടൺ: യുകെയുമായി പുതിയൊരു വ്യാപാര കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിക്കാനൊരുങ്ങി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് യുഎസും യുകെയും തങ്ങളുടെ കരാർ ചർച്ചകൾ ഏതാണ്ട് പൂർത്തിയാക്കിയിട്ടുള്ളത്.
സഖ്യകക്ഷികൾക്കും എതിരാളികൾക്കുമെതിരെ താരിഫുകൾ ചുമത്തിയതിന് ശേഷം വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്ന വ്യാപാര കരാറുകളുടെ പരമ്പരയിലെ ആദ്യത്തേതാണ് യുകെയുമായി എത്തിച്ചേർന്നിട്ടുള്ളത്. ബുധനാഴ്ച വൈകി ട്രംപ് ട്രൂത്ത് സോഷ്യലിൽ 'വലിയതും വളരെ ബഹുമാനിക്കപ്പെടുന്നതുമായ ഒരു രാജ്യവുമായി' കരാർ ഉണ്ടാകുമെന്ന് സൂചിപ്പിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. യഥാർത്ഥ കരാറിന് പകരം താരിഫ് ക്രമീകരണങ്ങൾ വ്യവസ്ഥ ചെയ്യുന്ന കരാറിന്റെ ചട്ടക്കൂടാണ് പിന്നീട് പുറത്തുവിട്ടത്.
'താരിഫ് നിരക്കുകൾ, താരിഫുകളല്ലാത്ത തടസ്സങ്ങൾ, ഡിജിറ്റൽ വ്യാപാരം എന്നിവയെല്ലാം പട്ടികയിലുണ്ടെന്നാണ് വിവരമെന്നും ഇവയിലെല്ലാം പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങളുണ്ടെന്നും അന്താരാഷ്ട്ര വ്യാപാര അഭിഭാഷകൻ ടിം ബ്രൈറ്റ്ബിൽ പറഞ്ഞു.
യുകെയുടെ ഏറ്റവും വലിയ ഒറ്റ വ്യാപാര പങ്കാളിയാണ് യുഎസ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പൊതുവെ സന്തുലിതമാണെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വാദിച്ചിട്ടുണ്ട്. കടുത്ത ആംഗ്ലോഫൈൽ ആയ ട്രംപ് ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരാർ ഉണ്ടാക്കാൻ  ബുദ്ധിമുട്ടുണ്ടാവില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മിക്ക സാധനങ്ങൾക്കും യുഎസ് 10% പുതിയ താരിഫ് ചുമത്തിയിരുന്നു. എല്ലാ രാജ്യങ്ങൾക്കും ചുമത്തിയ അടിസ്ഥാന താരിഫിന്റെ ഭാഗമായി മാർച്ച് 12ന് എല്ലാ സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കും ട്രംപ് ചുമത്തിയ 25% താരിഫുകൾക്കും ബ്രിട്ടൻ വിധേയമാണ്.
സ്റ്റീലിനും ഓട്ടോമൊബൈലുകൾക്കും യുഎസ്. ചുമത്തുന്ന 25% താരിഫുകളിൽ കുറവ് നേടാനാണ് യുകെയുടെ ശ്രമം. എന്നാൽ അടിസ്ഥാന 10% താരിഫ് നിലനിർത്തിക്കൊണ്ടുള്ള ധാരണയ്ക്കാണ് അമേരിക്ക ശ്രമിക്കുന്നത്. ഇതിനു പകരം വലിയ യുഎസ് ടെക് കമ്പനികൾക്ക് ചുമത്തുന്ന ഡിജിറ്റൽ നികുതിയിൽ ബ്രിട്ടൻ ഇളവുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തപോയതിന് ശേഷം യുഎസുമായി ചർച്ച ചെയ്യാൻ ഡൗണിംഗ് സ്ട്രീറ്റ് മുമ്പ് ശ്രമിച്ച സമഗ്രമായ വ്യാപാര കരാറിൽ നിന്ന് വളരെ അകലെയുള്ള ഒരു കരാറായിരിക്കും പുതുതായുണ്ടാവുക. അമേരിക്കയുടെ വലിയ ഫാർമസ്യൂട്ടിക്കൽകാർഷിക വ്യവസായങ്ങൾക്ക് യുകെ വിപണിയിലേക്ക് സൗജന്യ പ്രവേശനം വേണമെന്ന ആവശ്യം സ്വീകരിക്കാൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വിസമ്മതിച്ചതോടെയാണ് അന്ന് ചർച്ചകൾ അവസാനിച്ചത്.
ചർച്ചകൾക്കായി ഡസൻ കണക്കിന് രാജ്യങ്ങൾക്ക് മേലുള്ള വ്യാപകമായ താരിഫുകൾ ട്രംപ് നിർത്തിവച്ചിട്ടുണ്ട്, എന്നാൽ 10% അടിസ്ഥാന താരിഫും ചൈനീസ് ഇറക്കുമതികൾക്ക് മേലുള്ള കടുത്ത ലെവികളും നിലനിർത്തിയിട്ടുണ്ട്. ഇത് ബേബി സ്‌ട്രോളറുകൾ, തൊട്ടിലുകൾ, കളിപ്പാട്ടങ്ങൾ എന്നിവയുൾപ്പെടെ വിവിധ സാധനങ്ങളുടെ ഉപഭോക്തൃ വില വർദ്ധനവിന് കാരണമായിട്ടുണ്ട്‌