'പാരഡൈസി'ന് സ്പെയിനില്‍ ജനപ്രിയ ചിത്രത്തിനുള്ള പ്രേക്ഷക ജൂറി പുരസ്‌കാരം

'പാരഡൈസി'ന് സ്പെയിനില്‍ ജനപ്രിയ ചിത്രത്തിനുള്ള പ്രേക്ഷക ജൂറി പുരസ്‌കാരം


2024 ജൂണില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും

കൊച്ചി: ന്യൂട്ടണ്‍ സിനിമയുടെ നിര്‍മ്മാണത്തില്‍ റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്താനഗെയുടെ 'പാരഡൈസി'ന് സ്‌പെയിനിലെ 23-ാമത് ലാസ് പല്‍മാസ് ദേ ഗ്രാന്‍ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയില്‍ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം. സ്‌പെയിനില്‍ 2024 ഏപ്രില്‍ 19 മുതല്‍ 28 വരെ നടന്ന മേളയിലെ പ്രേക്ഷക പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. സംവിധായകന്‍ പ്രസന്ന വിത്താനഗെ പുരസ്‌കാരം ഏറ്റുവാങ്ങി.


'നമ്മെ ഒന്നിപ്പിക്കാനും പ്രചോദിപ്പിക്കാനും ഒപ്പം നമുക്ക് ചുറ്റുമുള്ള ലോകത്തിന്റെ വൈവിധ്യത്തിലേക്ക് ഒരു നേര്‍ക്കാഴ്ച നല്‍കാനും സിനിമയ്ക്ക് ശക്തിയുണ്ടെന്ന് ഈ ചിത്രം തെളിയിച്ചു. ചിത്രത്തിലെ കഥാപാത്രങ്ങളും ഭൂപ്രകൃതിയും കഥയും അതിന്റെ അതുല്യമായ ദര്‍ശനവും കൊണ്ട് മനുഷ്യാനുഭവത്തിന്റെ സൗന്ദര്യവും സങ്കീര്‍ണ്ണതയും അവതരിപ്പിക്കുന്നു' എന്നു ജൂറി ഔദ്യോഗിക വിശദീകരണത്തില്‍ അഭിപ്രായപ്പെട്ടു. 

അഞ്ച് നെറ്റ്പാക് പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ മുപ്പത്തിലേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പ്രസന്ന വിത്താനഗെയുടെ പത്താമത്തെ ചിത്രമാണ് 'പാരഡൈസ്'. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ശ്രീലങ്കന്‍ സിനിമയിലെ മുന്‍നിര അഭിനേതാക്കളായ ശ്യാം ഫെര്‍ണാണ്ടോയും മഹേന്ദ്ര പെരേരയും ഈ ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. രാജീവ് രവി ഛായഗ്രാഹണവും എ ശ്രീകര്‍ പ്രസാദ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് 'കെ'യാണ്. തപസ് നായക് ആണ് ശബ്ദസന്നിവേശം. 

2022ല്‍ ശ്രീലങ്ക നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ വിലക്കയറ്റവും ഇന്ധനവും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുകളുടെ ദൗര്‍ലഭ്യവും ജനകീയ പ്രക്ഷോഭങ്ങളുമാണ് 'പാരഡൈസി'ന് പശ്ചാത്തലമാകുന്നത്. ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് അവാര്‍ഡ് നേടിയ ചിത്രത്തിന് 30-ാമത് വെസൂല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'പ്രീ ദു ജൂറി ലീസിയന്‍' പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പൂര്‍ണ്ണമായും ശ്രീലങ്കയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമ എന്ന പ്രത്യേകതയും 'പാരഡൈസി'നുണ്ട്. മണിരത്‌നവും മദ്രാസ് ടാക്കീസും ആദ്യമായി സഹകരിക്കുന്ന മലയാള ചിത്രം കൂടിയാണ് 'പാരഡൈസ്'. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തതും മണിരത്‌നം ആയിരുന്നു.

സെഞ്ചുറി ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത ജനചന്ദ്രന്‍ മാര്‍ക്കറ്റിംഗും കമ്മ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നു. 2024 ജൂണില്‍ ചിത്രം തിയേറ്ററുകളിലെത്തും.