ലഖ്‌നോ: പൊതു തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പിന്നിടുമ്പോള്‍ ഇന്ത്യ മുന്നണി ശക്തമായ നിലയിലാണെന്ന് കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. 'രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യാത്രയപ്പ് നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനയെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഭരണഘടന മാറ്റണമെന്ന് പറയുന്നവര്‍ക്കെതിരെ നരേന്ദ്ര മോഡി നടപടി സ്വീകരിക്കാത്തത് എന്താണ്?' ഖാര്‍ഗെ ചോദിച്ചു.
'ബിജെപി അധികാരത്തില്‍ വന്നാല്‍ ഭരണഘടന മാറ്റും. ഇവര്‍ ഭരണഘടന മാറ്റാന്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതാണ് ഇത് ആദ്യമായി പറഞ്ഞത്. ഭരണഘടന മാറ്റാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന് കര്‍ണാടകയിലാണ് പറഞ്ഞത്. ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് ഉത്തര്‍ പ്രദേശില്‍ നിരവധി പേരാണ് പറയുന്നത്. എന്നാല്‍ ഭരണഘടന മാറ്റണമെന്ന് പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറാകുമോ,' ഖാര്‍ഗെ ചോദിച്ചു.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം യുപിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മാറുന്ന രാഷ്ട്രീയത്തെ കുറിച്ചും ഉറപ്പായും ജൂണ്‍ നാലിന് ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന വാക്കും ഖാര്‍ഗെ പറയുന്നത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി വോട്ടര്‍മാരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയും സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിനപ്പുറം മറ്റിടങ്ങളിലെല്ലാം ഇന്ത്യ മുന്നണി മുന്നില്‍ തന്നെയാണെന്നും ഖാര്‍ഗെ വ്യക്തമാക്കുന്നുണ്ട്.
കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനവും മുന്നണിയുടെ ഭാഗത്ത് നിന്നുണ്ടായി. നരേന്ദ്ര മോഡിയുടെ കൈവിടാന്‍ രാജ്യത്തെ ജനങ്ങള്‍ തീരുമാനിച്ചുവെന്ന ആത്മവിശ്വാസവും ഖാര്‍ഗെ പങ്കുവെച്ചത് ദേശീയ രാഷ്ട്രീയത്തിലുണ്ടാവുന്ന ചലനത്തിന്റെ ഭാഗമായാണ്. ഉത്തര്‍പ്രദേശിലെ 80-ല്‍ 79 സീറ്റിലും ഇന്ത്യ മുന്നണി വിജയിക്കുമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുപിയില്‍ അഖിലേഷിന്റെ പാര്‍ട്ടിയ്ക്ക് കിട്ടുന്ന മേല്‍ക്കൈ കൂടി പരിഗണിച്ചാണ്. വോട്ടെണ്ണുന്ന ജൂണ്‍ നാല് മാധ്യമസ്വാതന്ത്ര്യത്തിന്റെ ദിനമായിരിക്കുമെന്നും മോഡി-ഗോഥി മീഡിയയെ പരിഹസിച്ച് അഖിലേഷ് പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ മോഡിക്ക് യാത്രയയപ്പ് നല്‍കാനൊരുങ്ങുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ