ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി. കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ പ്രത്യേകം ഒരുക്കിയ അൾത്താരയിൽ വ്യാഴാഴ്ച്ച നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ സഭാധ്യക്ഷന് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനായി. രാവിലെ 8.45ന് അരമനയില്‍നിന്ന് നിയുക്ത ആര്‍ച്ച് ബിഷപ്പും ബിഷപ്പുമാരും കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ എത്തി. തുടര്‍ന്ന് അവര്‍ തിരുവസ്ത്രങ്ങളണിഞ്ഞ് ഘോഷയാത്രയായി സ്ഥാനാരോഹണ ശുശ്രൂഷ വേദിയിലേക്ക് ആഗതരായി. ഈ സമയം നൂറ്റൊന്ന് ആചാര വെടികളും പള്ളിമണികളും മുഴങ്ങി. ഒന്‍പതരയോടെ ചടങ്ങുകള്‍ തുടങ്ങി. ചങ്ങനാശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരൂന്തോട്ടം സ്വാഗതമോതി. ഇത്രയും കാലം സഭയും സമൂഹവും നല്കിയ പിന്തുണയ്ക്കു നന്ദിയും പറഞ്ഞു.
നിയുക്ത ആര്‍ച്ച് ബിഷപ്പിനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. അംശവടിയും നല്കി പ്രത്യേകം തയാറാക്കിയ സിംഹാസനത്തില്‍ ഇരുത്തി. തുടര്‍ന്ന് അതിരൂപതയിലെ 18 ഫെറോനകളിലെയും നേതൃസ്ഥാനത്തെ വൈദികര്‍ എത്തി അദ്ദേഹത്തോടു വിധേയത്വം പ്രഖ്യാപിക്കുന്ന ചടങ്ങു നടന്നു. തുടര്‍ന്ന് ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യ കാര്‍മിത്വത്തില്‍ കുര്‍ബാന അര്‍പ്പണം നടന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ സഹകാര്‍മികരായി. ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ.നെറ്റോ സന്ദേശം നല്‍കും. കുര്‍ബാനയ്ക്കുശേഷം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി പ്രസംഗിക്കും. പതിനായിരത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പന്തല്‍ നിറഞ്ഞുകവിഞ്ഞ നിലയില്‍ വിശ്വാസിസമൂഹം ചടങ്ങുകള്‍ക്കു സാക്ഷികളായി.
പിന്നീട് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും. അതിരൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നു വിരമിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദിപ്രകാശനച്ചടങ്ങും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, മാര്‍ത്തോമ്മാ സഭാധ്യക്ഷന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രിമാരായ റോഷി അഗസ്റ്റിന്, വി.എന്‍.വാസവന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എന്നിവര്‍ പ്രസംഗിക്കും.
ചങ്ങനാശേരി: അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി