ഒഹായോ: സംസ്ഥാനത്തെ വ്യക്തിഗത വരുമാന നികുതി ഘട്ടംഘട്ടമായി ഒഴിവാക്കുക, വസ്തുനികുതി ഗണ്യമായി കുറയ്ക്കുക, മെഡിക്കെയ്ഡ് തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക തുടങ്ങിയ സാമ്പത്തിക- ഭരണപരിഷ്‌കാര നിര്‍ദേശങ്ങളുമായാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി വിവേക് രാമസ്വാമി ഒഹായോ ഗവര്‍ണര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി എമി ആക്ടണിനെതിരായ മത്സരത്തില്‍ രാമസ്വാമിയുടെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നാണ് നികുതി- ചെലവ് നയങ്ങളിലെ വലിയ മാറ്റങ്ങള്‍. മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന രാമസ്വാമി, രാഷ്ട്രീയത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയെന്ന തന്റെ പ്രതിച്ഛായ ഉപയോഗിച്ച് സംസ്ഥാനത്ത് വ്യാപകമായ ഭരണപരിഷ്‌കാരങ്ങള്‍ക്ക് ജനപിന്തുണ നേടാനാണ് ശ്രമിക്കുന്നത്.
നവംബര്‍ 3ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒഹായോയുടെ അടുത്ത ഗവര്‍ണറെ ജനങ്ങള്‍ തെരഞ്ഞെടുക്കും.
ഒഹായോയിലെ വ്യക്തിഗത വരുമാന നികുതി പൂര്‍ണമായും ഘട്ടംഘട്ടമായി ഒഴിവാക്കുമെന്ന് രാമസ്വാമി വാഗ്ദാനം ചെയ്യുന്നു.
ആദ്യ രണ്ട് വര്‍ഷത്തെ ബജറ്റില്‍ മൂലധന ലാഭത്തിനുള്ള സംസ്ഥാന നികുതി ഒഴിവാക്കുകയും തുടര്‍ന്ന് എട്ട് മുതല്‍ പത്ത് വര്‍ഷം വരെ നീളുന്ന കാലയളവില്‍ പൊതുവായ വ്യക്തിഗത വരുമാന നികുതി ഘട്ടംഘട്ടമായി ഇല്ലാതാക്കുകയുമാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.
വരുമാന നികുതിയില്ലാത്ത ഒഹായോ കൂടുതല്‍ ബിസിനസുകളെയും നിക്ഷേപങ്ങളെയും തൊഴിലാളികളെയും ആകര്‍ഷിക്കുമെന്നും ഇതിലൂടെ ഫ്‌ളോറിഡ, ടെക്‌സസ് തുടങ്ങിയ സംസ്ഥാനങ്ങളുടെ മാതൃകയിലേക്ക് ഒഹായോയെ എത്തിക്കാനാകുമെന്നും രാമസ്വാമി വാദിക്കുന്നു.
ബ്യൂറോക്രസിയും സര്‍ക്കാര്‍ ചെലവുകളും കുറയ്ക്കുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നതിലൂടെ നികുതി വരുമാനത്തിലുണ്ടാകുന്ന കുറവ് നികത്താനാകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
എന്നാല്‍ പദ്ധതിയുടെ ഗുണഫലങ്ങളെക്കുറിച്ച് ഗവേഷകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. മൂലധനലാഭ നികുതി ഒഴിവാക്കിയാല്‍ ലഭിക്കുന്ന ആനുകൂല്യത്തിന്റെ 55.6 ശതമാനം പ്രതിവര്‍ഷം ഒരു മില്യണ്‍ ഡോളറിലധികം വരുമാനമുള്ള ഒഹായോ നിവാസികള്‍ക്ക് ലഭിക്കുമെന്നാണ് ചില ഗവേഷണ കണക്കുകള്‍. 100,000 ഡോളറില്‍ താഴെ വരുമാനമുള്ളവര്‍ക്ക് ലഭിക്കുന്ന ഗുണഫലം 7.3 ശതമാനം മാത്രമായിരിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാമസ്വാമി തന്നെ ശതകോടീശ്വരനായതിനാല്‍ മൂലധനലാഭ നികുതി ഒഴിവാക്കുന്നതിലൂടെ അദ്ദേഹത്തിനും വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ഒഹായോയിലെ വസ്തുനികുതി പൂര്‍ണമായും ഒഴിവാക്കണമെന്നായിരുന്നു രാമസ്വാമിയുടെ നിര്‍ദേശം. പിന്നീട്, ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയില്‍ വസ്തുനികുതി മഹാമാരിക്ക് മുമ്പുണ്ടായിരുന്ന ഏകദേശ നിലവാരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും തുടര്‍ന്ന് നികുതി വര്‍ധനയ്ക്ക് പരിധി ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസം, പൊലീസ്, അഗ്നിശമന സേവനങ്ങള്‍, മറ്റ് പ്രാദേശിക ഭരണസംവിധാനങ്ങള്‍ എന്നിവയ്ക്ക് ധനസഹായം നല്‍കുന്നതില്‍ വസ്തുനികുതിക്ക് പ്രധാന പങ്കുണ്ട്. അതിനാല്‍ നികുതി കുറയ്ക്കുന്നത് പ്രാദേശിക ഭരണകൂടങ്ങളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വസ്തുവിലകളിലെ വര്‍ധനയെ തുടര്‍ന്ന് ഒഹായോയിലെ വീട്ടുടമകള്‍ക്ക് വസ്തുനികുതി ബില്ലുകളില്‍ വര്‍ധന നേരിടേണ്ടിവരുന്ന സാഹചര്യത്തിലാണ് രാമസ്വാമിയുടെ നിര്‍ദേശം.
എന്നാല്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഉണ്ടാകുന്ന കോടിക്കണക്കിന് ഡോളറിന്റെ വരുമാന നഷ്ടം നികത്താനാകുമോ എന്ന കാര്യത്തില്‍ നികുതി- നയ വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നു.
മെഡിക്ക് എയ്ഡ് ആണ് രാമസ്വാമിയുടെ പ്രചാരണത്തിലെ മൂന്നാമത്തെ പ്രധാന വിഷയം. ഒഹായോയില്‍ മൂന്ന് ദശലക്ഷത്തിലധികം പേര്‍ മെഡിക്ക് എയ്ഡ് ആരോഗ്യപരിരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിക്കായി സംസ്ഥാനത്ത് 34.2 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായാണ് കണക്ക്.
സംശയിക്കപ്പെടുന്ന തട്ടിപ്പുകള്‍ക്കെതിരെ കൂടുതല്‍ ശക്തമായ അന്വേഷണം നടത്തണമെന്നും അനധികൃത ചെലവുകള്‍ കണ്ടെത്തുന്നതിനായി മെഡിക്ക് എയ്ഡ് ഭരണനടപടികള്‍ ലളിതമാക്കണമെന്നും രാമസ്വാമി ആവശ്യപ്പെടുന്നു.
തട്ടിപ്പ് നടത്തുന്ന ആരോഗ്യപരിചരണ സേവനദാതാക്കള്‍ മൂലം നിയമാനുസൃതമായി മെഡിക്ക് എയ്ഡ് ആനുകൂല്യം ലഭിക്കുന്നവര്‍ക്കും നികുതിദായകര്‍ക്കും അധിക ചെലവ് ഉണ്ടാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
മെഡെക്ക് എയ്ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുന്നത് സംസ്ഥാനതല മുന്‍ഗണനയാക്കുമെന്നും രാമസ്വാമി പ്രചാരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒഹായോയിലെ ചില ആരോഗ്യപരിചരണ സേവനദാതാക്കള്‍ക്കെതിരെ ഉയര്‍ന്നതായി പറയപ്പെടുന്ന തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും പുറത്തുവന്നതോടെ വിഷയത്തിന് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.
