ന്യൂയോര്‍ക്ക്: പ്രവാസി ഇന്ത്യക്കാരുടെ ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) അപേക്ഷാ നടപടികള്‍ ലളിതമാക്കുക, എന്‍ ആര്‍ ഐകള്‍ക്കും ഒ സി ഐ കാര്‍ഡ് ഉടമകള്‍ക്കും ആവശ്യമായ സാഹചര്യങ്ങളില്‍ ആധാര്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കുക, ഇന്ത്യയുടെ വികസനത്തില്‍ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നിവേദനം നല്‍കി.
അമേരിക്കയ്ക്ക് പുറത്ത് നിന്നുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ചില ഇടപാടുകള്‍ നടത്താന്‍ പ്രവാസികള്‍ക്ക് സൗകര്യമൊരുക്കുക, ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന പാകിസ്ഥാന്‍- അമേരിക്കന്‍ ഹിന്ദു സിന്ധി സമൂഹാംഗങ്ങള്‍ നേരിടുന്ന വിസാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക, അമേരിക്കയില്‍ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്ന ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് പുതുക്കല്‍ നടപടികള്‍ ലളിതമാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.
ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടെ ഏഷ്യ സൊസൈറ്റിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജയശങ്കറിന് ഗോപിയോ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ. തോമസ് എബ്രഹാം നേരിട്ടാണ് നിവേദനം കൈമാറിയത്.
ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ അംഗങ്ങളില്‍നിന്ന് ലഭിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചാണ് നിവേദനം തയ്യാറാക്കിയത്. കോണ്‍സുലാര്‍ സേവനങ്ങള്‍, ഭരണനടപടികള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക വിഷയങ്ങള്‍, പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റംബര്‍ 26ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സംഘടിപ്പിച്ച യോഗത്തില്‍ ഗോപിയോ പ്രതിനിധി സംഘം നിവേദനം വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിരുന്നു. പാസ്പോര്‍ട്ട്, വിസ, ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് വിഭാഗം സെക്രട്ടറി ശ്രീപ്രിയ രംഗനാഥന്‍, ഡയസ്‌പോറ എന്‍ഗേജ്മെന്റ് വിഭാഗം ജോയിന്റ് സെക്രട്ടറി അങ്കന്‍ ബാനര്‍ജി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വിവിധ ഇന്ത്യന്‍- അമേരിക്കന്‍ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.
ഒ സി ഐ, ആധാര്‍ നടപടികള്‍ ലളിതമാക്കണം
ഒ സി ഐ അപേക്ഷാ നടപടികള്‍ ലളിതമാക്കണമെന്നും എന്‍ ആര്‍ ഐകള്‍ക്കും ഒ സി ഐ കാര്‍ഡ് ഉടമകള്‍ക്കും ആവശ്യമായ സാഹചര്യങ്ങളില്‍ ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കണമെന്നും ഗോപിയോ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ജീവകാരുണ്യ, സാമൂഹിക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദേശത്തുള്ള ഇന്ത്യക്കാര്‍ സാമ്പത്തിക പിന്തുണ നല്‍കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പ്രത്യേകിച്ച് മതപരമായ സ്ഥാപനങ്ങളല്ലാത്ത വിദ്യാഭ്യാസ, സാമൂഹിക സേവന സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന പ്രവാസി സംഭാവനകള്‍ കൂടുതല്‍ സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വേണമെന്നും നിവേദനത്തില്‍ പറയുന്നു.
വിദേശത്ത് നിന്ന് ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ചില ബില്‍ പേയ്മെന്റുകളും മറ്റ് ഇടപാടുകളും നടത്താന്‍ പ്രവാസികള്‍ക്ക് കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ പരിഗണിക്കണമെന്നും ഗോപിയോ നിര്‍ദേശിച്ചു.
പാകിസ്ഥാന്‍- അമേരിക്കന്‍ ഹിന്ദു സിന്ധി സമൂഹാംഗങ്ങള്‍ ഇന്ത്യയിലേക്ക് മതപരമായ തീര്‍ഥാടനങ്ങള്‍, രാമജന്മഭൂമി സന്ദര്‍ശനം, വിവാഹങ്ങള്‍, ഷോപ്പിങ്, സാംസ്‌കാരിക, കുടുംബ ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായി എത്തുമ്പോള്‍ നേരിടുന്ന വിസാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
അമേരിക്കയില്‍ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്ന ഇന്ത്യക്കാര്‍ക്ക് പലപ്പോഴും കുറഞ്ഞ കാലാവധിയുള്ള പാസ്പോര്‍ട്ടുകളാണ് ലഭിക്കുന്നതെന്നും ഇത് ഇടയ്ക്കിടെ പാസ്പോര്‍ട്ട് പുതുക്കേണ്ട സാഹചര്യമുണ്ടാക്കുന്നതായും ഗോപിയോ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ പാസ്പോര്‍ട്ട് പുതുക്കല്‍ നടപടികള്‍ ലളിതമാക്കുകയോ അര്‍ഹമായ സാഹചര്യങ്ങളില്‍ കൂടുതല്‍ കാലാവധിയുള്ള പാസ്പോര്‍ട്ടുകള്‍ അനുവദിക്കുന്നത് പരിഗണിക്കുകയോ വേണമെന്നും സംഘടന നിര്‍ദേശിച്ചു.
പ്രവാസി ഭാരതീയ ദിവസ് (പി ബി ഡി) പരിപാടികളില്‍ വിദേശത്തുള്ള ഇന്ത്യക്കാരെ കൂടുതല്‍ പ്രഭാഷകരായും പാനലിസ്റ്റുകളായും ഉള്‍പ്പെടുത്തണമെന്നും ഗോപിയോ ആവശ്യപ്പെട്ടു. മുന്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാക്കളെ തുടര്‍ന്നുള്ള പി ബി ഡി സമ്മേളനങ്ങളില്‍ ക്ഷണിക്കുകയും അര്‍ഹമായ അംഗീകാരം നല്‍കുകയും വേണമെന്നും സംഘടന നിര്‍ദേശിച്ചു.
വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തെരഞ്ഞെടുത്ത പ്രവാസി ഇന്ത്യന്‍ നേതാക്കളും പങ്കെടുക്കുന്ന പ്രത്യേക സംവേദനാത്മക സെഷനുകള്‍ പി ബി ഡിയില്‍ സംഘടിപ്പിക്കണമെന്നും ഗോപിയോ നിര്‍ദേശിച്ചു. പ്രവാസി പ്രതിനിധികള്‍ക്ക് നേരിട്ട് പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും സാധ്യമായ പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇതിലൂടെ അവസരമൊരുക്കാനാകുമെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ശാസ്ത്ര- സാങ്കേതികവിദ്യ, വിവരസാങ്കേതികവിദ്യ, വാണിജ്യ- വ്യവസായം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുടെ ഉപദേശക സമിതികളില്‍ പ്രവാസി ശാസ്ത്രജ്ഞര്‍, സാങ്കേതിക സംരംഭകര്‍, വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍ എന്നിവരെ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യയും പ്രവാസി സമൂഹത്തിലെ രണ്ട്, മൂന്ന് തലമുറ അംഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി സാംസ്‌കാരിക, വിദ്യാഭ്യാസ, പ്രൊഫഷണല്‍, യുവജന വിനിമയ പരിപാടികള്‍ ആരംഭിക്കണമെന്നും ഗോപിയോ നിര്‍ദേശിച്ചു.
സെപ്റ്റംബര്‍ 26ലെ യോഗത്തില്‍ പങ്കെടുത്ത മറ്റ് പ്രവാസി സംഘടനകളുടെ പ്രതിനിധികളും കോണ്‍സുലാര്‍, പാസ്പോര്‍ട്ട് സേവനങ്ങള്‍, ഇന്ത്യന്‍ ജീവകാരുണ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദേശ സംഭാവനകള്‍ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍, സാംസ്‌കാരിക ടൂറിസം, പ്രവാസി യുവജന പരിപാടികള്‍, ബാങ്കിങ്- സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചു.
എന്‍ ആര്‍ ഐകള്‍ക്കും ഒ സി ഐ കാര്‍ഡ് ഉടമകള്‍ക്കും ആധാര്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കണമെന്ന ആവശ്യവും യോഗത്തില്‍ ആവര്‍ത്തിച്ചു. ഇന്ത്യയിലെ കരാര്‍ തൊഴിലാളികളുടെ ചരിത്രം അനുസ്മരിക്കുന്ന സ്മാരകങ്ങള്‍ സ്ഥാപിക്കുന്നതും ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ ഡയസ്‌പോറ മ്യൂസിയം സ്ഥാപിക്കുന്നതും സംബന്ധിച്ച നിര്‍ദേശങ്ങളും പ്രതിനിധികള്‍ മുന്നോട്ടുവച്ചു.
സെപ്റ്റംബര്‍ 26ലെ കോണ്‍സുലേറ്റ് യോഗത്തില്‍ ഗോപിയോയെ പ്രതിനിധീകരിച്ച് ഡോ. തോമസ് എബ്രഹാം, ഗോപിയോ കണക്ടിക്കട്ട് പ്രസിഡന്റ് മഹേഷ് ഝംഗിയാനി, ഗോപിയോ മാന്‍ഹട്ടന്‍ പ്രസിഡന്റ് പ്രൊഫ. രാജ് വനഗപതി എന്നിവര്‍ പങ്കെടുത്തു.
പ്രവാസി സംഘടനകള്‍ക്ക് തങ്ങളുടെ ആശങ്കകള്‍ നേരിട്ട് വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും അധികൃതരുമായി പങ്കുവയ്ക്കാന്‍ അവസരം നല്‍കിയതില്‍ ഡോ. എബ്രഹാം നന്ദി അറിയിച്ചു.
ആഗോള ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിലും മറ്റ് ആവശ്യങ്ങളിലും കേന്ദ്രസര്‍ക്കാരുമായും ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും ചര്‍ച്ചകള്‍ തുടരുമെന്ന് ഗോപിയോ അറിയിച്ചു.
1989ല്‍ സ്ഥാപിതമായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) 35 രാജ്യങ്ങളിലായി നൂറിലധികം ചാപ്റ്ററുകളെ പ്രതിനിധീകരിക്കുന്ന ലൈഫ് അംഗങ്ങളും ചാപ്റ്റര്‍ പ്രതിനിധികളും സംഘടനയില്‍ ഉള്‍പ്പെടുന്നു.
