കീവ്: യുക്രെയ്ന് 130 കോടി യൂറോയിലധികം (ഏകദേശം 150 കോടി ഡോളര്‍) സൈനിക, ഊര്‍ജ സഹായം പ്രഖ്യാപിച്ച് ജര്‍മനി. ജര്‍മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച്ച് മെര്‍സിന്റെ കീവ് സന്ദര്‍ശനത്തിനിടെയാണ് പുതിയ സഹായ പാക്കേജ് പ്രഖ്യാപിച്ചത്.
ഒക്ടോബര്‍ 4ന് ഞായറാഴ്ച രാവിലെ മെര്‍സ് അപ്രതീക്ഷിതമായി കീവിലെത്തിയതിന് പിന്നാലെയാണ് റഷ്യ ഡ്‌നിപ്രോ നദിക്ക് കുറുകെയുള്ള വടക്കന്‍ പാലങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. പുതിയ സഹായ പാക്കേജില്‍ ഏകദേശം 100 കോടി യൂറോയുടെ (113 കോടി ഡോളര്‍) സൈനിക സഹായവും 35 കോടി യൂറോയുടെ (39.6 കോടി ഡോളര്‍) ഊര്‍ജ അടിസ്ഥാനസൗകര്യ സഹായവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദീര്‍ഘദൂര ആക്രമണ ശേഷി വര്‍ധിപ്പിക്കല്‍, വിവിധതലങ്ങളിലുള്ള വ്യോമപ്രതിരോധ സംവിധാനം, യുദ്ധ ഡ്രോണുകള്‍, ഉപഗ്രഹാധിഷ്ഠിത ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയ്ക്കാണ് സൈനിക സഹായത്തില്‍ മുന്‍ഗണന നല്‍കുന്നത്. ജെറ്റ് എന്‍ജിന്‍ ഉപയോഗിക്കുന്ന ഷഹീദ് ആക്രമണ ഡ്രോണുകളെ തകര്‍ക്കുന്നതിനായി വികസിപ്പിച്ച 1,000 പുതിയ ഇന്റര്‍സെപ്റ്ററുകളുടെ നിര്‍മാണം വേഗത്തിലാക്കുന്നതിനുള്ള നടപടികളും പാക്കേജില്‍ ഉള്‍പ്പെടുന്നു.
ശൈത്യകാലത്തിന് മുന്നോടിയായി യുക്രെയ്ന്റെ വൈദ്യുതി മേഖല ശക്തിപ്പെടുത്തുന്നതിനാണ് ഊര്‍ജ സഹായം വിനിയോഗിക്കുക. മൊബൈല്‍ ജനറേറ്ററുകള്‍ വാങ്ങുക, കേടായ വൈദ്യുത സബ്സ്റ്റേഷനുകള്‍ അറ്റകുറ്റപ്പണി നടത്തുക, വൈദ്യുതി പ്രസരണ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തും.
'വളരെ പ്രയാസകരമായ ഒരു ശൈത്യകാലത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. താപവൈദ്യുത നിലയങ്ങള്‍, സബ്സ്റ്റേഷനുകള്‍, ഇന്ധന സ്റ്റേഷനുകള്‍, റെയില്‍വേ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഊര്‍ജ വിതരണ സംവിധാനങ്ങളെയാണ് മോസ്‌കോ ആസൂത്രിതമായി ലക്ഷ്യമിടുന്നത്,' മെര്‍സ് പറഞ്ഞു.
'യുക്രെയ്ന്‍ ജനതയുടെ ആത്മവീര്യം തകര്‍ക്കുകയാണ് ലക്ഷ്യം. ഇന്ന് രാവിലെ നടന്ന ആക്രമണത്തിനിടയിലും ദൃഢനിശ്ചയമുള്ള ജനതയെയും ദൃഢനിശ്ചയമുള്ള സര്‍ക്കാരിനെയുമാണ് ഇവിടെ കാണുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ജര്‍മനിയുമായി 15 കരാറുകളും രേഖകളും ഒപ്പുവച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. സുരക്ഷാ സഹകരണം, പ്രതിരോധ ഉത്പാദനം, സംയുക്ത സംഭരണം, ജര്‍മന്‍ പ്രതിരോധ വ്യവസായത്തിന് നല്‍കുന്ന ഓര്‍ഡറുകള്‍, യുക്രെയ്നിലെ സംയുക്ത പദ്ധതികള്‍ എന്നിവയാണ് കരാറുകളില്‍ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കരാറുകളുടെ ആകെ മൂല്യം 850 കോടി യൂറോയിലധികമാണെന്ന് സെലന്‍സ്‌കി പറഞ്ഞു.
പുതിയ ധാരണയുടെ ഭാഗമായി ജര്‍മന്‍ പ്രതിരോധ കമ്പനികള്‍ക്ക് യുക്രെയ്ന്‍ യുദ്ധമേഖലയില്‍ നിന്നുള്ള അനുഭവങ്ങളും സാങ്കേതിക പാഠങ്ങളും നേരിട്ട് സംയുക്ത ഹൈടെക് ഉത്പാദന പദ്ധതികളിലേക്ക് ഉള്‍പ്പെടുത്താന്‍ കഴിയും. ഈ പദ്ധതികളില്‍ ചിലത് യുക്രെയ്ന്‍ മണ്ണില്‍ തന്നെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
മെര്‍സിന്റെ സന്ദര്‍ശനം മുന്‍കൂട്ടി പരസ്യപ്പെടുത്തിയിരുന്നില്ല. ഒക്ടോബറില്‍ റഷ്യ യുക്രെയ്നിലെ ആക്രമണങ്ങളുടെ തീവ്രത വര്‍ധിപ്പിച്ചതിനിടെയാണ് ജര്‍മന്‍ ചാന്‍സലറുടെ കീവ് സന്ദര്‍ശനം. കീവിലെ സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന പാലങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്കും രാജ്യത്തെ വൈദ്യുതി സംവിധാനങ്ങള്‍ക്കുമെതിരെയാണ് ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.
ജര്‍മന്‍ സാമ്പത്തിക മന്ത്രി കാതറീന റൈഷെയും പ്രതിരോധ, ഊര്‍ജ മേഖലകളിലെ ജര്‍മന്‍ കമ്പനികളുടെ പത്ത് പ്രതിനിധികളോളം മെര്‍സിനൊപ്പം കീവിലെത്തി.
ഫ്രാന്‍സിനും ബ്രിട്ടനും ഒപ്പം ചേര്‍ന്ന് ഈ ശൈത്യകാലത്ത് ബെര്‍ലിനില്‍ 'കോയലിഷന്‍ ഓഫ് ദ വില്ലിങ്' രാജ്യങ്ങളുടെ യോഗം നടത്താനാണ് തങ്ങളുടെ ആഗ്രഹമെന്നും തുടര്‍ന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മെര്‍സ് പറഞ്ഞു.
