ദുബായ്: ഫ്ലൈദുബായ് അട്ടിമറിക്കേസിൽ അറസ്റ്റിലായ സഹപൈലറ്റും ഒമാൻ പൗരനുമായ ഹമാം അൽ ഹമ്മാമിയുടെ മൊഴി പുറത്ത്. വിമാനം തകർക്കാനാണ് ആഗ്രഹിച്ചതെന്നും മരണത്തെ ഭയമില്ലെന്നും ഹമ്മാമി അന്വേഷണ സംഘത്തോടു പറഞ്ഞതായി റിപ്പോർട്ടുകളിൽ പറയുന്നു. തീവ്രവാദ ആശയങ്ങൾ വെച്ചുപുലർത്തിയതിനെ തുടർന്ന് മുൻപ് വിമാനം പറത്തുന്നതിൽനിന്ന് മാറ്റിനിർത്തിയിരുന്ന ഇയാൾക്ക് എങ്ങനെ വീണ്ടും കോക്പിറ്റിലേക്ക് പ്രവേശനം ലഭിച്ചുവെന്നതിനെക്കുറിച്ച് വിപുലമായ അന്വേഷണമാണ് പുരോഗമിക്കുന്നത്.
തീവ്രവാദ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഒമാൻ എയർ ഇയാളെ വിമാനം പറത്തുന്നതിൽനിന്ന് മുൻപ് വിലക്കുകയും ഡീറാഡിക്കലൈസേഷൻ പ്രോഗ്രാമിന് വിധേയനാക്കി ഓഫീസ് ജോലിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് ഒമാൻ എയർ വിട്ട ഇയാൾ യു.എ.ഇയിലെത്തി 2026 ഫെബ്രുവരിയിലാണ് ഫ്ലൈ ദുബായിൽ ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങൾ ഫ്ലൈ ദുബായ്ക്ക് അറിയാമായിരുന്നോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇയാളുടെ സുരക്ഷാ പരിശോധനകൾക്കായി മറ്റു രാജ്യങ്ങളിൽനിന്ന് യാതൊരു അഭ്യർത്ഥനയും ലഭിച്ചിരുന്നില്ലെന്ന് ഒമാനും വ്യക്തമാക്കിയിട്ടുണ്ട്.
വിമാനം ബുധനാഴ്ച സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ സൗദി അധികൃതരും ഇയാളെ ചോദ്യം ചെയ്തിരുന്നു. തീവ്ര മതനിലപാടുകളുടെ പേരിൽ ഒമാൻ അധികൃതർ ഇയാൾക്കു വിമാനം പറത്തുന്നതിനു നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു. ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ തീവ്ര നിലപാടുകൾ വിശദീകരിക്കുന്ന പോസ്റ്റുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഹമ്മാമിയുടെ പിതാവ് ഒമാൻ സ്വദേശിയാണ്. മാതാവ് സിറിയൻ പൗരയും. ദുബായിലായിരുന്നു താമസം. ഇയാൾ എങ്ങനെ തീവ്രവാദ ആശയങ്ങളിലേക്ക് എത്തിയെന്ന് മനസിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. സിറിയൻ ബന്ധം കേന്ദ്രീകരിച്ചാണ് അന്വേഷണം. ആഭ്യന്തരയുദ്ധം നടക്കുന്ന സമയത്ത് ഇയാൾ കുറച്ചുകാലം സിറിയയിൽ ചെലവഴിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
നിലവിൽ അബുദാബിയിലുള്ള പ്രതിയെ യുഎഇ സുരക്ഷാ ഉദ്യോഗസ്ഥരും ഇസ്രായേൽ അന്വേഷണ ഏജൻസികളും ചേർന്ന് സംയുക്തമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിനു പിന്നിൽ ഇറാൻ ഉൾപ്പെടെയുള്ള വിദേശശക്തികളുടെ പ്രേരണയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം, ഒമാനി സഹപൈലറ്റിന്റെ നടപടികളെ പ്രശംസിച്ച് അൽ-ഖ്വയ്ദയുടെ യെമൻ കേന്ദ്രീകൃത വിഭാഗമായ AQAP രംഗത്തെത്തി. തങ്ങളുടെ പ്രതിവാര പ്രസിദ്ധീകരണമായ 'അൽ-ബയാനി'ലെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ അമേരിക്കൻ, ഇസ്രായേലി വിമാനങ്ങൾക്കുനേരെ സമാനമായ ആക്രമണങ്ങൾ നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്.
'സെപ്റ്റംബർ 11-നും സെപ്റ്റംബർ 30-നും ഇടയിൽ' എന്ന തലക്കെട്ടിലുള്ള ഈ മുഖപ്രസംഗത്തിൽ, 2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചുകയറുന്നതിന്റെയും, ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനം FZ 1073-ന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. "യുദ്ധം അവസാനിച്ചിട്ടില്ല; സിയോണിസ്റ്റുകളെയും അമേരിക്കക്കാരെയും ഇസ്‌ലാമിനെതിരെ യുദ്ധം ചെയ്യുന്ന വിവിധ അവിശ്വാസി പക്ഷങ്ങളിലെ സേനാംഗങ്ങളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ ഇപ്പോഴും ആകാശത്ത് സഞ്ചരിക്കുന്നുണ്ട്. സെപ്റ്റംബർ 11-ലും സെപ്റ്റംബർ 30-ലും തെളിയിക്കപ്പെട്ടതുപോലെ, അവ ആക്രമണങ്ങൾക്ക് വിധേയമാകാവുന്ന അവസ്ഥയിലാണ്," അറബി ഭാഷയിൽ എഴുതിയ ആ ലേഖനത്തിൽ പറയുന്നു.
വിമാനം റാഞ്ചാനുള്ള ശ്രമം വിജയിച്ചിരുന്നെങ്കിൽ മേഖലയിലെ ശക്തിസന്തുലിതാവസ്ഥയിൽ മാറ്റം വരുമായിരുന്നുവെന്നും ലേഖനം അഭിപ്രായപ്പെടുന്നു. അമേരിക്കയെയും ഇസ്രായേലിനെയും ലക്ഷ്യമിട്ട് ആക്രമണം നടത്താൻ മുസ്ലീംങ്ങളല്ലാത്തവർക്കും കഴിയുമെന്നും, അത്തരം ആക്രമണങ്ങൾ മുസ്ലീംങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഉപകരിക്കുമെന്നും 'അൽ-ബയാൻ' കൂട്ടിച്ചേർത്തു."അമേരിക്കയുടെയും സിയോണിസ്റ്റുകളുടെയും ശത്രുക്കൾ ഇന്ന് മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ദൈവത്തിലോ പരലോകത്തോ വിശ്വസിക്കാത്ത ഒരാൾ നടത്തുന്ന ആക്രമണം പോലും ആത്യന്തികമായി ഇസ്‌ലാമിന്റെ താൽപ്പര്യങ്ങളെ സഹായിക്കുന്നതാകാം," ലേഖനത്തിൽ പറയുന്നു.
മരണത്തെ ഭയമില്ല, വിമാനം തകർക്കുകയായിരുന്നു ലക്ഷ്യം; ഫ്ലൈദുബായ് സഹപൈലറ്റിന്റെ മൊഴി പുറത്ത്; സഹപൈലറ്റിനെ പ്രശംസിച്ച് അൽഖെയ്ദയും രംഗത്ത്
