നാന്റക്കറ്റ്: ബെർമുഡയിൽ നിന്ന് അമേരിക്കയിലെ ബോസ്റ്റണിലേക്ക് രോഗിയെ മാറ്റുന്നതിനായി പറന്നിരുന്ന ഒന്റാറിയോ ആസ്ഥാനമായുള്ള എയർ ആംബുലൻസ് വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ കാണാതായതിനെ തുടർന്ന് യുഎസ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ തുടരുന്നു. ആറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ നാല് പേർ കാനഡക്കാരും രണ്ട് പേർ ബെർമുഡ സ്വദേശികളുമാണെന്നാണ് റിപ്പോർട്ടുകൾ. കാനഡ ആസ്ഥാനമായുള്ള മെഡിക്കൽ ട്രാൻസ്‌പോർട്ട് കമ്പനിയായ ലാറ്റിറ്റിയൂഡ് എയർ ആംബുലൻസിന്റെ ഗൾഫ് സ്ട്രീം ജി100 വിമാനമാണ് കാണാതായത്. രണ്ട് പൈലറ്റുമാർ, രണ്ട് മെഡിക്കൽ ജീവനക്കാർ, ഒരു രോഗി, രോഗിയുടെ കുടുംബാംഗം എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ബെർമുഡയിലെ എൽ എഫ് വേഡ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ബോസ്റ്റൺ ലോഗൻ ഇന്റർനാഷനൽ എയർപോർട്ടിലേക്ക് മെഡിക്കൽ എവാക്വേഷൻ ദൗത്യത്തിന്റെ ഭാഗമായി പറന്ന വിമാനം ശനിയാഴ്ച പുലർച്ചെയാണ് റഡാറിലും ആശയവിനിമയ സംവിധാനങ്ങളിലും നിന്ന് അപ്രത്യക്ഷമായത്. ഏകദേശം രണ്ട് മണിക്കൂർ ദൈർഘ്യമുള്ള യാത്രയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യാത്രയ്ക്കിടെ വിമാനവുമായി ബന്ധം നഷ്ടപ്പെട്ടതോടെ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) അധികൃതരെ അറിയിക്കുകയും യുഎസ് കോസ്റ്റ് ഗാർഡ് കടലിലും ആകാശത്തും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
വിമാനം കാണാതാകുന്നതിന് തൊട്ടുമുമ്പ് ഉയരത്തിൽ വലിയ മാറ്റമുണ്ടായതായി വിമാന നിരീക്ഷണ വിവരങ്ങൾ സൂചിപ്പിക്കുന്നു. ഏകദേശം 24,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം പിന്നീട് വളരെ വേഗത്തിൽ താഴേക്ക് ഇറങ്ങിയതായി റിപ്പോർട്ടുകളുണ്ട്. വിമാനത്തിൽ വൈദ്യുത സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ടെങ്കിലും അപകടത്തിന്റെ യഥാർഥ കാരണം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിമാനം നാന്റക്കറ്റ് ദ്വീപിന് സമീപമുള്ള കടൽമേഖലയിലാണ് കാണാതായത്. ഇതേത്തുടർന്ന് കോസ്റ്റ് ഗാർഡിന്റെ വിമാനങ്ങളും ഹെലികോ്ര്രപറുകളും കപ്പലുകളും ഉൾപ്പെടെയുള്ള വിവിധ യൂണിറ്റുകൾ തിരച്ചിലിൽ പങ്കാളികളായി. പ്രാദേശിക രക്ഷാപ്രവർത്തക സംഘങ്ങളും തിരച്ചിലിന് സഹായം നൽകുന്നുണ്ട്. കാണാതായ വിമാനത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബങ്ങളുമായി ബെർമുഡ സർക്കാർ ബന്ധപ്പെടുന്നുണ്ട്. അമേരിക്കയിലെയും കാനഡയിലെയും ബന്ധപ്പെട്ട അധികാരികളുമായും ബെർമുഡ സർക്കാർ ഏകോപനം നടത്തുന്നുണ്ട്. ബെർമുഡ പ്രീമിയർ ഡേവിഡ് ബർട്ട് സംഭവത്തെ അതീവ ആശങ്കാജനകമെന്ന് വിശേഷിപ്പിക്കുകയും വിമാനത്തിലുണ്ടായിരുന്ന ആറ് പേരെയും സുരക്ഷിതരായി കണ്ടെത്താനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്ന സംഘങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. കാനഡയിലെ ബന്ധപ്പെട്ട അധികൃതരും യുഎസ് അധികാരികളുമായി ഏകോപനം നടത്തിവരികയാണ്.
വിമാനം കടലിൽ തകർന്നുവീണോ, അടിയന്തര സാഹചര്യത്തിൽ മറ്റേതെങ്കിലും സ്ഥലത്ത് ഇറങ്ങാൻ ശ്രമിച്ചോ തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. വിമാനത്തിന്റെ കാണാതാകലുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. യുഎസ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലുള്ള തിരച്ചിലിൽ വിമാനത്തിന്റെയും വിമാനത്തിലുണ്ടായിരുന്നവരുടെയും സ്ഥാനം കണ്ടെത്തുന്നതിനാണ് ഇപ്പോൾ പ്രധാന പരിഗണന. ആറ് പേരുടെയും നിലവിലെ സ്ഥിതി സംബന്ധിച്ച് അധികൃതർ സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടിട്ടില്ല.
രോഗിയടക്കം 6 പേരുമായി ബോസ്റ്റണിലേക്കു പറന്ന എയർ ആംബുലൻസ് വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ കാണാതായി
