ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: 'ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് മനസ്സിലാകും'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: 'ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് മനസ്സിലാകും'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി


എറണാകുളം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. പ്രതികളെ പിടികൂടാത്തത് അന്വേഷണത്തിലെ അലംഭാവമാണ് വ്യക്തമാക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. പ്രധാന പ്രതികളെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നു ചോദിച്ച കോടതി, "പോകൂ, പ്രതികളെ അറസ്റ്റ് ചെയ്യൂ" എന്നും വാക്കാൽ പരാമർശിച്ചു.

അന്വേഷണം വളരെ ഇഴഞ്ഞാണ് നീങ്ങുന്നത്. കോടതിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ഉത്തരവ് വരുന്നതിനായി സർക്കാർ കാത്തിരിക്കുകയാണോെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്വേഷണത്തിന് കോടതി യാതൊരുവിധ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും സ്വതന്ത്രമായി അന്വേഷണം നടത്താനുള്ള പൂർണ സ്വാതന്ത്ര്യം സർക്കാരിനുണ്ടെന്നും ഓർമിപ്പിച്ച കോടതി, എന്നിട്ടും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. സർക്കാർ കോടതി നടപടികളെ ആയുധമായി ഉപയോഗിക്കുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. സർക്കാരും അന്വേഷണ ഏജൻസികളും തമ്മിൽ ഒത്തുകളിച്ചാൽ ('ഭായ് ഭായ്' കളിച്ചാൽ) അത് ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുമെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി. 

അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ചുരുങ്ങിയത് പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പോലും അന്വേഷണ സംഘത്തിന് കഴിയുന്നില്ലെങ്കിൽ പിന്നെ എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന് കോടതി തിരിച്ചുചോദിച്ചു. അതേസമയം, നിലവിലെ അന്വേഷണം ചട്ടം ലംഘിച്ചാണെന്നായിരുന്നു പിഎസ്‌സിയുടെ വാദം. ​ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണം ചോദ്യം ചെയ്ത് പിഎസ്‌സി നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ നിർണായക പരാമർശങ്ങൾ ഉണ്ടായത്. കേസ് പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി.

2023 ജൂലൈയിൽ ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ ഡിവിഷൻ ചീഫ് തസ്‌തികയിലേക്ക് പിഎസ്‌സി രേഖാമൂലം പരീക്ഷ നടത്തിയിരുന്നു. ഈ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയ ഉദ്യോഗാർഥിക്ക് 2025 ജൂണിൽ നിയമന ശുപാർശയും നൽകി. എന്നാൽ പരീക്ഷയിലെ മൂല്യനിർണയത്തിൽ വലിയ ക്രമക്കേട് നടന്നതായി ആരോപിച്ച് നിരവധി പരാതികൾ ഉയർന്നു.

എന്നാൽ ഇതൊരു സാങ്കേതിക തകരാർ മാത്രമാണെന്നും റാങ്ക് ലിസ്റ്റിലെ പിഴവുകൾ തിരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് പിഎസ്‌സി കോടതിയെ അറിയിച്ചത്. തങ്ങൾ ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും സർക്കാരിനെ പ്രൊസീക്യൂഷൻ അനുമതിയും ക്രൈംബ്രാഞ്ച് എഫ്ഐആറും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പിഎസ്‌സി തന്നെ ഹൈക്കോടതിയെ സമീപിച്ചു.

കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ കേസിലെ പ്രധാന പ്രതികളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ ക്രൈംബ്രാഞ്ച് തയാറാകാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന മറ്റ് സ്റ്റേ ഉത്തരവുകൾ ഒന്നും നിലവിലില്ലാതിരുന്നിട്ടും പ്രധാന പ്രതിക്കെതിരെ നടപടിയെടുക്കാതെ സർക്കാർ 'ഭായ് കളിച്ച്' സമയം കളയുകയാണെന്ന് കോടതി വിമർശിക്കുകയായിരുന്നു.