കണ്ണൂർ: മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജനും കുടുംബത്തിനുമെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി സഹോദരീപുത്രൻ ശ്യാംജിത്ത്. സിഎംആർഎൽ എം.ഡി. ശശിധരൻ കർത്തയിൽ നിന്ന് ഇ.പി. ജയരാജൻ്റെ ഭാര്യ പണം വാങ്ങിയെന്നും, ഈ തുകയാണ് വൈദേകം റിസോർട്ടിൻ്റെ നിർമാണത്തിലും പ്രവർത്തനങ്ങളിലും ചെലവഴിച്ചതെന്നും ശ്യാംജിത്ത് സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു.
പ്രൈഡ് പ്രേംകുമാർ 9 കോടി, സോജൻ വെട്ടുകാട് ഐവാസ് ആയുർവേദ 7 കോടി, ജീവൻ ജ്യോതി 50 ലക്ഷം, പ്രശാന്ത് 2 കോടി ബ്ലാക്ക് മണിയായും നിക്ഷേപിച്ചു എന്നാണ് ആരോപണം. ഇതിലും കൂടുതൽ പേരുണ്ടെന്നും അടുത്തദിവസം അറിയിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.സംഭവം വിവാദമായതിന് പിന്നാലെ ശ്യാംജിത്ത് പോസ്റ്റ് പിൻവലിക്കുകയും തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും പറഞ്ഞ് രംഗത്തെത്തി.
ഇപി ജയരാജൻ്റെ കൈപ്പടയിൽ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിൻ്റെ ചിത്രവും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ആരോപണം ഉന്നയിച്ചുള്ള പോസ്റ്റ് പബ്ലിഷ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ്, താൻ ജീവിതം അവസാനിപ്പിച്ചാൽ ഉത്തരവാദിത്തം പി കെ ഇന്ദിര, ഇ പി ജയരാജൻ, തോമസ്, സി കെ ഷാജി എന്നിവർക്കാണെന്നുള്ള കുറിപ്പ് ഇയാൾ പങ്കുവെച്ചത്. എന്നാൽ ഇത് വാർത്തയായതോടെ രണ്ടു പോസ്റ്റുകളും പിൻവലിക്കുകയായിരുന്നു.
പ്രതികരിച്ച് ഇ പി ജയരാജൻ
റിസോർട്ടുമായി യാതൊരു ബന്ധവുമില്ലെന്നും ഉപദേശങ്ങൾ മാത്രമാണ് താൻ നൽകിയതെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും ശശിധരൻ കർത്തയുമായി യാതൊരു സാമ്പത്തിക ഇടപാടുമില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ശ്യാംജിത്ത് പല ക്രമക്കേട് ചെയ്ത ആളാണെന്നും തൻ്റെ ബന്ധു ആയതുകൊണ്ടാണ് നടപടി എടുക്കാതിരുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു. ഒരുപാട് സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ട്. ശ്യാംജിത്ത് വൈദേകം പിആർഒ എന്ന് കാർഡ് അടിച്ച് പണം വാങ്ങിയെന്നും ഇപി ജയരാജൻ ആരോപിച്ചു. ശ്യാംജിത്തിന് എല്ലാ സഹായവും ചെയ്ത് പൊക്കി കൊണ്ടുവന്നിട്ടുണ്ടെന്നും താൻ രക്ഷിച്ചയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസംബന്ധത്തിന് ഒരു പരിധിയുണ്ട്. കുടുംബപ്രശ്നമല്ലെന്നും കുടുംബത്തിലെ വിഷമാണെന്നും അദ്ദേഹം പറഞ്ഞു. എന്ത് അടിസ്ഥാനത്തിൽ വാർത്ത കൊടുത്തുവെന്നും ചാനലിന് എതിരെയും ആരോപണം ഉന്നയിച്ച ആൾക്ക് എതിരെയും മാനനഷ്ട കേസ് കൊടുക്കുമെന്നും ഇപി വ്യക്തമാക്കി.
വിവാദങ്ങൾക്ക് പിന്നാലെ പോസ്റ്റ് പിൻവലിച്ചു
തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് താൻ ഇട്ടതല്ലെന്നും, പേജ് ആരോ ഒരാൾ ഹാക്ക് ചെയ്തതാണെന്നും വ്യക്തമാക്കി ശ്യാംജിത്ത് പുതിയ പോസ്റ്റ് ഇട്ടു. പ്രസ്തുത പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ഇന്ന് എൻ്റെ ഫേസ്ബുക്ക് പേജായ Shyamjith EP-യിൽ, എൻ്റെ പ്രിയപ്പെട്ട സഖാവ് ഇ. പി. ജയരാജനെയും അദ്ദേഹത്തിൻ്റെ ഭാര്യയെയും അവഹേളിക്കുന്ന രീതിയിലുള്ള ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞാൻ ഇപ്പോൾ ശബരിമലയിൽ ആയതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവർത്തകർ എന്നെ ഫോണിൽ വിളിച്ച് അന്വേഷിക്കുന്നുണ്ട്.
എനിക്ക് വ്യക്തമായി പറയാനുള്ളത്, എൻ്റെ ഫേസ്ബുക്ക് പേജിൽ വന്നിട്ടുള്ള പ്രസ്തുത പോസ്റ്റ് ഞാൻ മനഃപൂർവം പ്രസിദ്ധീകരിച്ചതല്ല എന്നതാണ്. എൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്തതാണെന്നാണ് ഞാൻ സംശയിക്കുന്നത്. പ്രസ്തുത പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നു.
ആയതിനാൽ, എല്ലാ മാധ്യമപ്രവർത്തകരോടും പ്രത്യേകിച്ച് റിപ്പോർട്ടർ ഉൾപ്പെടെയുള്ള മാധ്യമങ്ങളോടും അഭ്യർഥിക്കാനുള്ളത്, ഇത്തരം വിഷയങ്ങൾ വാർത്തയാക്കുന്നതിന് മുമ്പ് എന്നെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്നാണ്. എൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്ത സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്- ശ്യാംജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
ഇപിക്കും ഭാര്യയ്ക്കുമെതിരേ സാമ്പത്തിക ആരോപണവുമായി സഹോദരീപുത്രൻ; പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം
