ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്; കരാറുകാരൻ ബിനു അറസ്റ്റിൽ, സന്നിധാനത്തേക്കുള്ള നെയ്യ് മറിച്ചുവിറ്റു

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്; കരാറുകാരൻ ബിനു അറസ്റ്റിൽ, സന്നിധാനത്തേക്കുള്ള നെയ്യ് മറിച്ചുവിറ്റു


പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്കുളള മിൽമ നെയ്യ് മറിച്ചുവിറ്റ ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ട്രാൻസ്പോ‍ർട്ട് കരാറുകാരൻ എസ് എസ് ബിനുവിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പതിനൊന്നായിരം കിലോയിലധികം നെയ്യ് തമിഴ്നാട്ടിലെ ഏജൻസികൾക്ക് കൃത്രിമ രേഖകളുണ്ടാക്കി മറിച്ചുവിറ്റെന്നാണ് കണ്ടെത്തൽ.

കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണിൽ അരവണ നി‍ർമിക്കാൻ മിൽമയിൽ നിന്ന് ശബരിമല സന്നിധാനത്തേക്ക് കയറ്റിവിട്ട നെയ്യ് എത്തിയത് തമിഴ്നാട്ടിലാണെന്ന് വിജിലൻസ് പ്രത്യേക സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് കരാറുകാരനെ അറസ്റ്റ് ചെയ്തത്. മില്‍മയില്‍ നിന്നും കൂടിയ വിലക്ക് നെയ്യ് വാങ്ങിയതില്‍ ദേവസ്വം ബോര്‍ഡിന് 2.27 കോടി രൂപ നഷ്ടം ഉണ്ടായെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. ഇടപാടിൽ ട്രാൻസ്പോ‍ർട്ട് കരാറുകാരനായ എസ് എസ് ബിനു അൻപത് ലക്ഷം രൂപയുടെ ലാഭമുണ്ടാക്കിയെന്ന് വിജിലൻസ് പറയുന്നു. പത്തനംതിട്ടയിലെ മിൽമ ഡയറിയിൽ നിന്ന് ശബരിമലയിലേക്ക് കൊണ്ടുപോയ 11040 ലിറ്റ‍ർ നെയ്യാണ് മറിച്ചുവിറ്റത്. മിൽമ ഡയറിയിൽ നിന്നുള്ള ലോഡ് ഒട്ടൻഛത്രത്തുള്ള ശ്രീ വെങ്കടേശ്വര ട്രഡേഴ്സ്,ലിയോ ട്രഡേഴ്സ് എന്നീ സ്ഥാപനങ്ങൾക്കാണ് മറിച്ചുവിറ്റത്.

2025ലെ മകരവിളക്ക് കാലയളവില്‍ പുറത്ത് നിന്നും നെയ്യ് വാങ്ങാനുള്ള തീരുമാനം 2024ലാണ് ബോര്‍ഡ് സ്വീകരിക്കുന്നത്. ഇതിനായി വിളിച്ച ടെന്‍ഡറില്‍ ആറ് സ്ഥാപനങ്ങള്‍ പങ്കാളികളായി. ഈ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ടെന്‍ഡര്‍ റദ്ദാക്കി കരാര്‍ മില്‍മയ്ക്ക് നല്‍കി. സാധാരണ നെയ്യ് ഉപയോഗിക്കുമ്പോള്‍ ഒരു കൂട്ട് അരവണ ഉണ്ടാക്കാന്‍ പത്ത് ലിറ്റര്‍ നെയ്യ് വേണ്ടിവരുന്ന സ്ഥാനത്ത് മില്‍മ നെയ്യാകുമ്പോള്‍ ഏഴ് മുതല്‍ ഏഴര ലിറ്റര്‍ മതിയാകും. ഇതിനാലാണ് മില്‍മയ്ക്ക് മുന്‍ഗണന നല്‍കാന്‍ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ശുപാര്‍ശ നല്‍കിയത്. ഇക്കാര്യം ദേവസ്വം കമ്മീഷണര്‍ എതിര്‍ത്തെങ്കിലും ഈ നിലപാട് തള്ളി മില്‍മയ്ക്ക് കരാര്‍ നല്‍കാന്‍ പി എസ് പ്രശാന്തും ബോര്‍ഡ് അംഗം അജികുമാറും തീരുമാനമെടുത്തു. ടെന്‍ഡറില്‍ പങ്കെടുത്ത തമിഴ്നാട്ടില്‍ നിന്നുള്ള സ്ഥാപനം ഒരു ലിറ്റര്‍ നെയ്യ്ക്ക് 369രൂപ ക്വോട്ട് ചെയ്തപ്പോള്‍ മില്‍മയില്‍ നിന്നും വാങ്ങുന്നതിന് ലിറ്ററിന് 510 രൂപയാണ് ചെലവാക്കിയത്. ഇങ്ങനെ കൂടിയ വിലയ്ക്ക് വാങ്ങിയ നെയ്യാണ് മറിച്ചുവിറ്റത്.

ഇതിനായി ഇൻവോയ്സ് കൃത്രിമമായി ഉണ്ടാക്കി, അതിർത്തി കടക്കാൻ വാഹന രേഖകളും വ്യാജമായി നിർമിച്ചു.നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ കൊണ്ടുപോയ നെയ്യാണ് കടത്തിയത്. പകരം ഗുണനിലവാരമില്ലാത്ത നെയ് സന്നിധാനത്ത് എത്തിച്ചു. ദേവസ്വം ഉദ്യോഗസ്ഥ‍ർക്കും ക്രമക്കേടിൽ പങ്കുണ്ടെന്നാണ് വിജിലൻസ് നിഗമനം. ഇവരിലേക്കും അന്വേഷണം നീളും. അറസ്റ്റിലായ ബിനുവിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. ഇയാളെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.