മനുഷ്യാവകാശ ഫണ്ടിൽ വൻ വഴിത്തിരിവ്; 176.9 മില്യൺ ഡോളർ വലതുപക്ഷ പദ്ധതികളിലേക്ക് ട്രംപ് ഭരണകൂടം

മനുഷ്യാവകാശ ഫണ്ടിൽ വൻ വഴിത്തിരിവ്; 176.9 മില്യൺ ഡോളർ വലതുപക്ഷ പദ്ധതികളിലേക്ക് ട്രംപ് ഭരണകൂടം


വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം വിദേശ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരുന്ന വൻതുക വലതുപക്ഷ, യാഥാസ്ഥിതിക ആശയങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളിലേക്ക് തിരിച്ചുവിടുന്നതായി റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മനുഷ്യാവകാശജനാധിപത്യ ഫണ്ടിൽ (Human Rights and Democracy Fund) കോൺഗ്രസ് അനുവദിച്ച 205 മില്യൺ ഡോളറിൽ ഏകദേശം 176.9 മില്യൺ ഡോളർ 43 പദ്ധതികൾക്കായി മാറ്റിവെച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 
സെപ്തംബർ 30ന് സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പാണ് ഈ തുക അനുവദിക്കാനുള്ള നീക്കം നടന്നത്. പരമ്പരാഗതമായി ഏകാധിപത്യ ഭരണകൂടങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ പ്രവർത്തിക്കുന്ന സംഘടനകൾക്കും ജനാധിപത്യ സംരക്ഷണ പദ്ധതികൾക്കുമാണ് ഈ ഫണ്ട് ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ നീക്കത്തിൽ യൂറോപ്പിലെ കുടിയേറ്റവിരുദ്ധ പ്രവർത്തനങ്ങൾ, കമ്മ്യൂണിസം വിരുദ്ധ പ്രചാരണങ്ങൾ, ക്രൈസ്തവ സംരക്ഷണം, 'ജെൻഡർ ഐഡിയോളജി'ക്കെതിരായ പ്രവർത്തനങ്ങൾ, സർക്കാർ നിയന്ത്രണങ്ങൾക്കെതിരായ പ്രചാരണങ്ങൾ, ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന നിലപാടുകൾ തുടങ്ങിയവയ്ക്കാണ് മുൻഗണന ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ ഏറ്റവും വലിയ പദ്ധതിയായി 40 മില്യൺ ഡോളറിന്റെ ഗ്രാന്റ് Victims of Communism Memorial Foundtion നയിക്കുന്ന കൂട്ടായ്മയ്ക്കാണ് നിർദേശിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ഇരകളെ അനുസ്മരിക്കുകയും കമ്മ്യൂണിസത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന ഈ സംഘടനയ്ക്ക് മുൻകാലങ്ങളിൽ ലഭിച്ച യുഎസ് സർക്കാർ സഹായവുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ തുക അസാധാരണമായി വലുതാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 
ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരായ ആഫ്രിക്കാനർമാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾക്കും ഫണ്ടിൽ നിന്ന് സഹായം നൽകാനുള്ള പദ്ധതിയുണ്ട്. ബ്രസീലിൽ സുപ്രീം കോടതിയുടെ നടപടികൾക്കെതിരെ പ്രവർത്തിക്കുന്ന സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾക്കായി ഒരു മില്യൺ ഡോളറിന്റെ പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ദ സിൽവയുടെ സർക്കാരുമായി ട്രംപ് ഭരണകൂടം നേരത്തെ തന്നെ പല വിഷയങ്ങളിലും ഏറ്റുമുട്ടിയിരുന്നു; ബ്രസീലിയൻ സുപ്രീം കോടതി ജഡ്ജി അലക്‌സാണ്ട്രെ ഡി മൊറായിസിനെതിരെ അമേരിക്ക ഉപരോധവും ഏർപ്പെടുത്തിയിരുന്നു. നൈജീരിയയിൽ ക്രൈസ്തവർ കൂട്ടക്കൊല ചെയ്യപ്പെടുന്നുവെന്ന ട്രംപ് ഭരണകൂടത്തിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികൾക്കും ഫണ്ട് നീക്കിവെക്കാനാണ് ശ്രമം. യൂറോപ്പിൽ 'പാശ്ചാത്യ നാഗരികതയുടെ ആത്മവിശ്വാസം' ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോടിക്കണക്കിന് ഡോളറിന്റെ പദ്ധതികളും പരിഗണനയിലുണ്ട്. പോളണ്ട്, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, ബാൽക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ 'ആന്റികമ്മ്യൂണിസ്റ്റ്', 'നാച്ചുറൽ റൈറ്റ്‌സ്' തുടങ്ങിയ ആശയങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കും പുതിയ ഫണ്ടിംഗ് പട്ടികയിൽ ഇടം ലഭിച്ചിട്ടുണ്ട്. കുടിയേറ്റം, അന്തർദേശീയ നിയന്ത്രണങ്ങൾ, മാധ്യമഓൺലൈൻ നിയന്ത്രണങ്ങൾ, സർക്കാർ നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ യാഥാസ്ഥിതിക നിലപാടുകൾക്ക് പിന്തുണ നൽകുന്നതും പദ്ധതികളുടെ ഭാഗമാണ്. മനുഷ്യാവകാശവും ജനാധിപത്യവും പ്രോത്സാഹിപ്പിക്കുന്നതിനായി കോൺഗ്രസ് അനുവദിച്ച ഫണ്ട് സമ്പന്നവും സ്ഥിരതയുള്ള ജനാധിപത്യ രാജ്യങ്ങളിലെ വലതുപക്ഷ രാഷ്ട്രീയസാംസ്‌കാരിക പദ്ധതികൾക്കായി ഉപയോഗിക്കുന്നത് അമേരിക്കയുടെ വിദേശനയത്തിൽ വലിയ മാറ്റത്തെ സൂചിപ്പിക്കുന്നതാണെന്നാണ് വിമർശകരുടെ വിലയിരുത്തൽ. അമേരിക്കൻ നികുതിദായകരുടെ പണം ഉപയോഗിച്ച് വിദേശ രാജ്യങ്ങളിലെ വലതുപക്ഷ സംഘടനകളെയും ആശയങ്ങളെയും പിന്തുണയ്ക്കുന്നത് അമേരിക്കയുടെ മൂല്യങ്ങളെയും യൂറോപ്പിലെയും മറ്റ് ജനാധിപത്യ രാജ്യങ്ങളിലെയും സഖ്യബന്ധങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകി. അതേസമയം, ട്രംപ് ഭരണകൂടം ഈ വിമർശനം തള്ളിക്കളയുകയാണ്. 'അമേരിക്കയിലും ലോകത്തും വലിയ നാശം വിതച്ച വോക്ക് അജൻഡയെ നേരിടുമെന്ന് പ്രസിഡന്റ് വാഗ്ദാനം ചെയ്തിരുന്നു. പാശ്ചാത്യ നാഗരികതയെ സംരക്ഷിക്കുന്നതിനും സെൻസർഷിപ്പിനെ എതിർക്കുന്നതിനും കൂട്ട കുടിയേറ്റത്തിന്റെ കാലഘട്ടം അവസാനിപ്പിക്കുന്നതിനും ദക്ഷിണാഫ്രിക്കയിലെ സർക്കാർ പിന്തുണയുള്ള വംശാധിഷ്ഠിത വിവേചനത്തിനെതിരെ നടപടിയെടുക്കുന്നതിനും ഞങ്ങൾ ഒരിക്കലും ക്ഷമ ചോദിക്കില്ല' എന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പ്രതികരിച്ചത്. മനുഷ്യാവകാശ ഫണ്ടിന്റെ ഈ പുനർവിന്യാസം ട്രംപ് ഭരണകൂടത്തിന്റെ വിശാലമായ വിദേശനയ സമീപനവുമായി പൊരുത്തപ്പെടുന്നതാണെന്നും റിപ്പോർട്ടുകൾ പറയുന്നു. പാശ്ചാത്യ നാഗരികതയുടെ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും യൂറോപ്പിൽ സംഭവിക്കുന്നതായി ഭരണകൂടം വിശേഷിപ്പിക്കുന്ന 'നാഗരികതയുടെ മായ്ച്ചുകളയൽ' ചെറുക്കുകയും ചെയ്യുക എന്ന ആശയം പുതിയ ദേശീയ സുരക്ഷാ തന്ത്രത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇതോടെ ഏകാധിപത്യ ഭരണകൂടങ്ങളിലെ മനുഷ്യാവകാശ പ്രവർത്തകരെയും പീഡനത്തിനിരയായവരെയും സംരക്ഷിക്കുന്നതിൽ നിന്ന് മാറി, അമേരിക്കയുടെ രാഷ്ട്രീയസാംസ്‌കാരിക ആശയങ്ങളുമായി അടുപ്പമുള്ള സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും വിദേശ സഹായം നൽകുന്ന രീതിയിലേക്കാണ് മനുഷ്യാവകാശ ഫണ്ടിന്റെ ഉപയോഗം മാറുന്നതെന്ന വിമർശനവും ശക്തമായിരിക്കുകയാണ്.