ബിനാമി ഇടപാട്; പി പി ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് അന്വേഷണം, ആരെയും ഭയക്കാനില്ലെന്ന് ദിവ്യ

ബിനാമി ഇടപാട്; പി പി ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് അന്വേഷണം, ആരെയും ഭയക്കാനില്ലെന്ന് ദിവ്യ


തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കാലയളവിൽ ടെൻഡറില്ലാതെ ബിനാമി കമ്പനിക്ക് നിർമാണ കരാർ നൽകിയെന്ന പരാതിയിലാണ് നടപടി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും അന്വേഷണം നടത്തും.

കെഎസ്‌യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരം അന്വേഷണത്തിനുള്ള അനുമതി നിലവിലെ സർക്കാർ നൽകുകയായിരുന്നു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് വിജിലൻസ് നടപടികൾ സ്വീകരിക്കുകയോ അന്വേഷണത്തിന് അനുമതി നൽകുകയോ ചെയ്തിരുന്നില്ല. ദിവ്യയുടെയും ഭർത്താവ് അജിത്തിൻ്റെയും സ്വത്തുവിവരങ്ങളും വിജിലൻസ് അന്വേഷണ പരിധിയിൽ വരും.

കോടികളുടെ ബിനാമി ഇടപാട്

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ കണ്ണൂർ ജില്ലാ നിർമിതി കേന്ദ്രയ്ക്ക് 10.47 കോടി രൂപയുടെ നിർമാണ കരാറുകൾ പി.പി. ദിവ്യ നേരിട്ടു നൽകിയെന്നാണ് മുഹമ്മദ്‌ ഷമ്മാസിൻ്റെ പ്രധാന ആരോപണം. അന്ന് ജില്ലാ കലക്ടർ ചെയർമാനും ദിവ്യ ഗവേണിങ് ബോഡി അംഗവുമായിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ തുകയുടെ കരാർ നിർമിതി കേന്ദ്രയ്ക്ക് ലഭിച്ചത് അരുൺ കെ. വിജയൻ ജില്ലാ കലക്ടറായിരുന്ന കാലയളവിലാണ്. ഇതിൽ കലക്ടറുടെ ഇടപെടലുകളിൽ സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

ദിവ്യയ്ക്ക് വേണ്ടി കലക്ടർ വഴിവിട്ട് സഹായം ചെയ്തോ എന്നും ബിനാമി ഇടപാടുകൾക്ക് കൂട്ടുനിന്നോ എന്നും അന്വേഷിക്കണം. ദിവ്യയുടെ ബിനാമി കമ്പനിയായ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡിന് ആദ്യ പ്രവൃത്തിയായ പടിയൂർ എ.ബി.സി. കേന്ദ്രത്തിൻ്റെ നിർമാണ കരാർ ലഭിച്ചത് ജില്ലാ നിർമിതി കേന്ദ്ര വഴിയാണെന്നും ഷമ്മാസ് ആരോപിക്കുന്നു. പാലക്കയം തട്ടിലെ ബിനാമി സ്വത്തിടപാടിൽ കമ്പനി ഉടമയുടെയും ദിവ്യയുടെ ഭർത്താവിൻ്റെയും പേരിലുള്ള രേഖകൾ തയാറാക്കിയത് ഒരേ അഭിഭാഷകൻ്റെ ഓഫിസിൽ നിന്നാണ്. സർക്കാർ ജീവനക്കാരനായ ഭർത്താവ് അജിത്തിൻ്റെ ജോലി കൃഷി എന്നാണ് സ്ഥലം വാങ്ങിയ രേഖയിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റുമായി പി പി ദിവ്യ

സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലം സമൂഹമാധ്യമത്തില്‍ കുറിപ്പുമായി ദിവ്യ. വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണം നടക്കട്ടെ, സത്യങ്ങൾ പുറത്തുവരട്ടെ, ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കും, തനിക്ക് ഒന്നും ഒളിക്കാനും ആരെയും ഭയക്കാനുമില്ല എന്ന് കുറിപ്പില്‍ പറയുന്നു. അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാൽ മുഹമ്മദ് ഷമ്മാസിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകാൻ പോലും ഞാൻ തയാറാണെന്നും ദിവ്യ പറയുന്നു.

അന്വേഷണം ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് ചെന്നിത്തല

പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ദിവ്യയ്‌ക്കെതിരായ പരാതി മുന്നിലെത്തിയപ്പോള്‍, ഫയല്‍ പരിശോധിച്ചപ്പോള്‍ അന്വേഷണം ആവശ്യമായ കേസാണെന്ന് ബോധ്യമായി. ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് അനുമതി നല്‍കാതിരുന്നതെന്ന് അറിയില്ല. പരാതി പരിശോധിച്ചപ്പോഴും, ഫയല്‍ പരിശോധിച്ചപ്പോഴും ഇത് 'ഫിറ്റ് കേസ് ഫോര്‍ വിജിലന്‍സ് എന്‍ക്വയറി' എന്നാണ് ബോധ്യമായത്. അതിനാലാണ് അന്വേഷണ ഉത്തരവ് നല്‍കിയത്. മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.