മുംബൈ: മറാത്ത സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാംഗെ പാട്ടീല്‍ പുറത്തുവിട്ടതായി പറയപ്പെടുന്ന ഓഡിയോ ക്ലിപ്പിനെച്ചൊല്ലി മഹാരാഷ്ട്രയിലെ ഭരണകക്ഷികളായ ശിവസേനയും ബി ജെ പിയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. ജരാംഗെയെ നിയന്ത്രിക്കുന്നതിനായി ശിവസേന നേതാവും ഉപമുഖ്യമന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെയ്ക്ക് ബി ജെ പി 500 കോടി രൂപ നല്‍കിയെന്ന ആരോപണം ബി ജെ പി പ്രവര്ത്തകയുടേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയിലുണ്ടെന്നാണ് ജരാംഗെയുടെ അവകാശവാദം.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ജരാംഗെ, മറാത്ത സംവരണ പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഓഡിയോ ക്ലിപ്പിനു പിന്നിലെന്ന് ആരോപിച്ചു. അതേസമയം, ശബ്ദരേഖയിലുള്ളവര് ആരാണെന്ന് കണ്ടെത്തണമെന്നും അവര്‍ക്കെതിരെ ബി ജെ പി എന്ത് നടപടിയെടുക്കുമെന്നു വ്യക്തമാക്കണമെന്നും ഷിന്‍ഡെ പക്ഷം ആവശ്യപ്പെട്ടു.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന പണമിടപാടിനെക്കുറിച്ചാണ് ഓഡിയോ ക്ലിപ്പില്‍ പരാമര്ശമുള്ളതെന്നാണ് വിവരം. ഏകനാഥ് ഷിന്‍ഡെയുടെ മകനും പാര്‍ലമെന്റ് അംഗവുമായ ശ്രീകാന്ത് ഷിന്‍ഡെ, ജരാംഗെയെ 'നിയന്ത്രിക്കുന്നതിനായി' 500 കോടി രൂപ നല്‍കിയെന്നാണ് ശബ്ദരേഖയിലുള്ള വ്യക്തി പറയുന്നതായി ആരോപണം. ഡല്‍ഹിയിലെ ബി ജെ പി നേതൃത്വമാണ് പണം നല്‍കിയതെന്നും ശബ്ദരേഖയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ശബ്ദരേഖയിലെ ശബ്ദത്തിന്റെ ആധികാരികതയോ ആരോപണങ്ങളുടെ സത്യാവസ്ഥയോ സ്ഥിരീകരിച്ചിട്ടില്ല.
തനിക്ക് ഇത്തരത്തില്‍ പണം ലഭിച്ചിട്ടില്ലെന്നും മറാത്ത സംവരണ പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഓഡിയോ ക്ലിപ്പിന്റെ ലക്ഷ്യമെന്നും ജരാംഗെ വ്യക്തമാക്കി.
ഇത്തരമൊരു പ്രസ്താവന നടത്തിയതാരാണെന്ന് അന്വേഷിക്കണമെന്നും അന്വേഷണം നടത്താതെ ഓഡിയോയിലുള്ളവരെ സംരക്ഷിക്കുകയാണെങ്കില്‍ ഇതിനു പിന്നില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണെന്ന് വ്യക്തമാണെന്നും ജരാംഗെ മാധ്യമങ്ങളോട് പറഞ്ഞു.
ഓഡിയോ ക്ലിപ്പ് നിര്‍മിതബുദ്ധി (എഐ) ഉപയോഗിച്ച് സൃഷ്ടിച്ചതാകാമെന്നാണ് ബി ജെ പിയുടെ നിലപാട്. എന്നാല്‍, വിഷയത്തില്‍ വ്യത്യസ്തമായ നിലപാടാണ് ശിവസേന സ്വീകരിച്ചത്. ഓഡിയോ ക്ലിപ്പില്‍ ബി ജെ പി പ്രവര്‍ത്തകയുടെ ശബ്ദമാണുള്ളതെന്ന ജരാംഗെയുടെ ആരോപണത്തെ പിന്തുണയ്ക്കുന്നതായി തോന്നുന്ന പ്രതികരണമാണ് ഷിന്‍ഡെ പക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
ശിവസേന മന്ത്രി ഉദയ് സാമന്ത് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു. ഏകനാഥ് ഷിന്‍ഡെയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ഓഡിയോ ക്ലിപ്പില്‍ ബി ജെ പിയുമായി ബന്ധമുള്ള ചിലര്‍ സംസാരിക്കുന്നതായി തോന്നുന്നുണ്ടെന്നും ക്ലിപ്പ് യഥാര്‍ഥമാണെങ്കില്‍ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ള അന്വേഷണം നടത്തണമെന്നും ബി ജെ പിയും സ്വന്തം നിലയില്‍ അന്വേഷണം നടത്തണമെന്നും ഓഡിയോ ക്ലിപ്പ് ശരിയാണെങ്കില്‍ ബന്ധപ്പെട്ട വ്യക്തിക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന് ബി ജെ പി വ്യക്തമാക്കണമെന്നും സാമന്ത് പറഞ്ഞു.
പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതില്‍ ബി ജെ പി നേതൃത്വം പരാജയപ്പെടുകയാണെന്ന വിമര്‍ശനവും സാമന്ത് ഉന്നയിച്ചു. ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയെയും സംസ്ഥാന അധ്യക്ഷനെയും ഇരുട്ടില്‍ നിര്‍ത്തിയാണോ ഇതെല്ലാം നടക്കുന്നതെന്ന് ചോദിച്ച സാമന്ത് പാര്‍ട്ടി നേതാക്കളെ അറിയിക്കാതെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ശരിയാണോ എന്നം ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ക്കു മുന്നില്‍ വ്യക്തമാകണമെന്നും പറഞ്ഞു.
അതേസമയം, ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് ബി ജെ പി മന്ത്രി ആശിഷ് ഷെലാര്‍ ആരോപിച്ചു. വിഷയത്തില്‍ ശിവസേന പരസ്യമായി പ്രതികരിച്ചതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.
അതിനിടെ, മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്ഷവര്ധന് സപ്കാല്‍ വിഷയത്തില്‍ ഏകനാഥ് ഷിന്‍ഡെയെയും മകന് ശ്രീകാന്ത് ഷിന്‍ഡെയെയും അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
