ഡൽഹി സമരങ്ങളുടെ ഫോട്ടോ പ്രദര്‍ശനം: പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ ചിത്രങ്ങൾ പ്രദർശന വേദിയിൽ നിന്ന് നീക്കി

ഡൽഹി സമരങ്ങളുടെ ഫോട്ടോ പ്രദര്‍ശനം: പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ ചിത്രങ്ങൾ പ്രദർശന വേദിയിൽ നിന്ന് നീക്കി


ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ ചിത്രങ്ങൾ പ്രദർശന വേദിയിൽ നിന്ന് നീക്കി. ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ നടന്ന ചിത്രപ്രദർശനത്തിലാണ് സംഭവം.  ഡൽഹിയിലെ യുവജന പ്രക്ഷോഭങ്ങളിലെ റൈഹാൻ വാദ്രയുടെ ചിത്രങ്ങൾ ആണ് സംഘാടകർ നീക്കാൻ ആവശ്യപ്പെട്ടത്. ദേശീയ പതാക ഉൾപ്പെടുന്ന രണ്ട് ചിത്രങ്ങളും നീക്കാൻ ആവശ്യപ്പെട്ടു. ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഇത് ഉചിതമായ സമയമല്ല എന്ന് സംഘാടകർ പറഞ്ഞതായി റൈഹാൻ പറഞ്ഞു. 

ഡൽഹിയിലെ ബിക്കാനിർ ഹൗസിൽ ഇന്നലെ വൈകിട്ട് 7ന് തുടങ്ങാനിരുന്ന ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പ്രദർശനത്തിന് മണിക്കൂറുകൾ മുൻപ് ഡൽഹിയിലെ യുവജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നീക്കിയതായി റെയ്ഹാൻ പറഞ്ഞു. 75 ചിത്രങ്ങൾ മാറ്റണമെന്നാണ് ആവശ്യപ്പെട്ടതെന്നും റെയ്ഹാന്‍ പറഞ്ഞു.

സന്ദർശകർക്കായി നൽകിയ കാറ്റലോഗിൽ ഒഴിവാക്കപ്പെട്ട ചിത്രങ്ങളുടെ വിവരങ്ങളും ഉണ്ട്. ഡൽഹി ജന്തർമന്തറിലടക്കം നടന്ന യുവജന പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങളാണ് പ്രധാനമായും മാറ്റാൻ ആവശ്യപ്പെട്ടത്. ഇവയ്ക്ക് അമിത രാഷ്ട്രീയസ്വഭാവമുണ്ടെന്നും വേദി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ബിക്കാനീർ ഹൗസ് മാനേജ്‌മെന്റിന്റെ വാദം. 

എന്നാല്‍, മുന്‍കൂട്ടി നല്‍കിയ ലേഔട്ടില്‍ എതിര്‍പ്പ് ഉന്നയിക്കാതിരുന്ന അധികൃതര്‍, ഉദ്ഘാടനത്തിന് തൊട്ടുമുന്‍പുമാത്രം തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നെന്ന് റെയ്ഹാന്‍ വദ്ര പറഞ്ഞു. ചിത്രങ്ങളില്‍നിന്ന് പ്രകോപനപരമായ ഉള്ളടക്കങ്ങളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും നേരത്തേതന്നെ ഒഴിവാക്കിയിരുന്നു. ഒരു കലാകാരന്‍ എന്ന നിലയില്‍ സമരങ്ങളെ ഡോക്യുമെന്റ് ചെയ്യുകമാത്രമാണ് ചെയ്തത്. ദേശീയ പതാകയുള്ള ചിത്രങ്ങള്‍പോലും നീക്കംചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ ശക്തമായി എതിര്‍ത്തതായും ഒഴിവാക്കപ്പെട്ട ചിത്രങ്ങള്‍ മറ്റൊരു വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും റെയ്ഹാന്‍ അറിയിച്ചു.

നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി രംഗത്ത് എത്തി. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണകൂടങ്ങൾ രാജ്യത്തെ യുവാക്കളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. “അവൻ ഒരു ചെറുപ്പക്കാരനാണ്. രാജ്യമൊട്ടാകെയുള്ള യുവാക്കളുടെ ശബ്ദം അവർ അടിച്ചമർത്തുകയാണ്. ആ ചിത്രങ്ങൾ പ്രക്ഷോഭങ്ങളുടെ കേവലമായ ഒരു ദൃശ്യാവിഷ്കാരം മാത്രമായിരുന്നു. ആരെയെങ്കിലും അധിക്ഷേപിക്കുന്ന രീതിയിലുള്ള ഒന്നും അതിൽ ഉണ്ടായിരുന്നില്ല. ഇത് ജനാധിപത്യമല്ലെന്നതിന്റെ തെളിവാണ്. ഇന്ന് അവനാണെങ്കിൽ നാളെ അത് മറ്റൊരു കലാകാരനായിരിക്കും,” പ്രിയങ്ക ഗാന്ധി പറഞ്ഞു.

എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അടുത്തിടെ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളുടെ ചിത്രങ്ങളാണ് നീക്കാൻ ആവശ്യപ്പെട്ടതെന്ന് ബിക്കാനീർ സൊസൈറ്റി മാനേജ്മെന്റ് പറഞ്ഞു. "പ്രദർശിപ്പിച്ച ചില ചിത്രങ്ങൾ ബിക്കാനർ ഹൗസ് മാനേജ്‌മെന്റ് സൊസൈറ്റിയുടെ നയങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തി. അതിനാൽ, അവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു, കലയെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഒരു പൊതു സാംസ്കാരിക സ്ഥാപനമാണ് ബിക്കാനർ ഹൗസ്. പ്രദർശനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും 'ബിക്കാനർ ഹൗസ് മാനേജ്‌മെന്റ് സൊസൈറ്റി'യുടെ നയങ്ങൾക്ക് അനുസൃതമായിരിക്കണം. സൊസൈറ്റിയുടെ നയങ്ങളുമായി പൊരുത്തപ്പെടുന്ന ഫോട്ടോകൾ തുടർന്നും പ്രദർശിപ്പിക്കുന്നുണ്ട്," മാനേജ്മെന്റ് വിശദമാക്കി