എറണാകുളം: സിഎംആർഎൽ -എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് അദ്ദേഹം ഇഡിക്ക് ഔദ്യോഗികമായി കത്ത് നൽകി. സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയൻ മറുപടി നൽകിയിരിക്കുന്നത്. കൂടാതെ, നിലവിൽ നിയമസഭാ സമ്മേളനം നടന്നു കൊണ്ടിരിക്കുന്നതും ഹാജരാകാൻ സാധിക്കാത്തതിന് കാരണമായി മറുപടിയിൽ വ്യക്തമാക്കിക്കിയിട്ടുണ്ട്. പിണറായിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ പതിച്ച നോട്ടീസിൽ, 23-ാം തീയതി രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശിച്ചിരുന്നത്.
പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു കേന്ദ്ര ഏജൻസി ഈ നിർണായക നീക്കം നടത്തിയത്. ഒരേ കേസിൽ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ സമാന്തര അന്വേഷണ പരിധിയിലേക്കാണ് ഇതോടെ പിണറായി വിജയൻ എത്തിയത്. മാസപ്പടി ഇടപാടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അടിയന്തരമായി കേസെടുക്കുന്നതിന് പകരം പ്രാഥമിക അന്വേഷണം മതിയെന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്. സർക്കാരിൻ്റെ ഈ നടപടിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിക്കപ്പെടുകയുണ്ടായി. ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് പിണറായി വിജയനെതിരെ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പിന്നീട് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളിക്കളഞ്ഞു. ഡിവിഷൻ ബെഞ്ച് വിധി കൂടി എതിരായതോടെ അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയും സുപ്രിം കോടതി ഒരാഴ്ചത്തേക്ക് തുടർ നടപടികൾ തടയുകയുമായിരുന്നു. ഈ നിയമപോരാട്ടങ്ങൾ തുടരുന്നതിനിടയിലാണ് ഇഡി കേസിൽ നേരിട്ട് ഇടപെട്ട് ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചത്.
അതേസമയം, പിണറായി വിജയന് ഇന്നലെ സുപ്രീം കോടതിയിൽ നിന്ന് വലിയ ആശ്വാസമാണ് ലഭിച്ചത്. പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്ക് എതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കേസിൽ എഫ്.ഐ.ആർ. ഇട്ട് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് കേൾക്കേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിൽ വിജിലൻസിന് മുന്നോട്ട് പോകാമെന്ന മുൻ ഉത്തരവ് റദ്ദാക്കിയ കോടതി, പ്രതികളുടെ ഭാഗം കൂടി കേൾക്കാൻ പ്രത്യേക നിർദ്ദേശവും നൽകിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് നിയമപരമായ കാരണങ്ങളും സുപ്രീം കോടതിയുടെ പുതിയ ഉത്തരവുകളും ചൂണ്ടിക്കാട്ടി പിണറായി വിജയൻ ഇ.ഡി.യുടെ ചോദ്യം ചെയ്യലിൽ നിന്ന് തൽക്കാലത്തേക്ക് ഒഴിവാകുന്നത്. നിയമസഭാ സമ്മേളനത്തിന്റെ തിരക്കുകളും കോടതി നടപടികളും നിലനിൽക്കുന്നതിനാൽ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് സൂചന. മാസപ്പടി കേസിൽ നിയമപോരാട്ടം ശക്തമാക്കാനാണ് പിണറായി വിജയന്റെയും കുടുംബത്തിന്റെയും തീരുമാനം.
മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ നാളെ ഹാജരാകില്ലെന്ന് പിണറായി; സുപ്രീം കോടതി ഉത്തരവും നിയമസഭ സമ്മേളനവും ചൂണ്ടിക്കാട്ടി കത്ത് നൽകി
