ലേബർ കോഡ് നടപ്പാക്കാൻ പ്രത്യേക സമിതി; 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ലേബർ കോഡ് നടപ്പാക്കാൻ പ്രത്യേക സമിതി; 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം


തിരുവനന്തപുരം: ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ്റെ അധ്യക്ഷതയിൽ സെക്രട്ടേറിയേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ 22 ട്രേഡ് യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു.

ലേബർ കോഡിൻ്റെ അനുബന്ധമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്നതിലേക്ക് ആവശ്യമായ പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുകയാണ് കമ്മിറ്റിയുടെ ചുമതല. തൊഴിൽ വകുപ്പ് സെക്രട്ടറി കൺവീനറായും നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി അംഗമായും പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ വിവിധ തൊഴിലാളി യൂണിയനുകളിൽനിന്നുള്ള ഏഴ് പ്രതിനിധികളും തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. സമിതി രൂപീകരിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. 

എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുകയും നിയമപരമായവ പരിഗണിക്കുകയും ചെയ്തശേഷം മാത്രമേ ലേബർ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ യോഗത്തിൽ വ്യക്തമാക്കി. നിയമപരമായ പരിധിക്കുള്ളിൽനിന്ന് കൊണ്ട് ലേബർ കോഡിൻ്റെ ആഘാതം കുറച്ച് തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളം രൂപീകരിക്കുന്ന ലേബർ ചട്ടങ്ങൾ രാജ്യത്തിന് മാതൃകയാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ലേബർ കോഡിൽ തൊഴിലാളികളുടെ പരിധി നിർണയിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. ഈ പരിധി കുറയ്ക്കണമെന്ന ആവശ്യവും കേന്ദ്രത്തിനു മുന്നിൽ ഉന്നയിക്കാൻ യോഗത്തിൽ തീരുമാനിച്ചു. 

തൊഴിലാളികളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. ലേബർ കോഡ് നടപ്പാക്കുന്നതിൻ്റെ പ്രാധാന്യവും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു. 2021ൽ തയാറാക്കിയ കരടിൽ ആവശ്യമായ ഭേദഗതികൾ നിർദേശിക്കുന്നതിന് തൊഴിലാളി യൂണിയനുകൾക്ക് അവസരം നൽകും. പ്രത്യേക കമ്മിറ്റി തയാറാക്കുന്ന കരട് നിർദേശങ്ങൾ എല്ലാ ട്രേഡ് യൂണിയനുകൾക്കും കൈമാറും. കൂടാതെ, കമ്മിറ്റിയുടെ സിറ്റിങ്ങുകളിൽ നേരിട്ട് പങ്കെടുത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുന്നതിന് മറ്റ് ട്രേഡ് യൂണിയനുകൾക്കും അവസരമുണ്ടാകും. തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന കാര്യത്തിൽ യോഗത്തിൽ പങ്കെടുത്ത എല്ലാ ട്രേഡ് യൂണിയനുകളും പൊതുവായ നിലപാടാണ് സ്വീകരിച്ചത്. പ്രത്യേക സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിൻ്റെയും തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ലേബർ കോഡുകളുടെ അന്തിമ ചട്ടങ്ങൾ സംസ്ഥാനം തയാറാക്കി പ്രസിദ്ധീകരിക്കുക.