ഒരിടവേളയ്ക്കുശേഷം പശ്ചിമേഷ്യ വീണ്ടും സമ്പൂർണ്ണ യുദ്ധത്തിലേക്ക് മടങ്ങിയേക്കുമെന്ന ആശങ്കകൾ ശക്തമാക്കി ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം. ഹോർമുസ് കടലിടുക്കിൽ കഴിഞ്ഞ രാത്രി മൈനുകളിൽ തട്ടിയോ മറ്റ് ആക്രമണങ്ങളിലോ ആയി ഏഴ് എണ്ണ ടാങ്കറുകൾക്ക് തീപിടിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഇറാൻ ഔദ്യോഗികമായി അറിയിച്ചു. സമീപദിവസങ്ങളിൽ ഈ പാതയിലുണ്ടായ ഏറ്റവും ഉയർന്ന തോതിലുള്ള പിരിമുറുക്കമാണിത്. പൂർണ്ണമായ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കുമോ എന്ന ആശങ്കകൾക്കിടയിൽ, സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്രയധികം എണ്ണം ടാങ്കറുകൾക്ക് അപകടം സംഭവിച്ചത് ലോകരാജ്യങ്ങൾ ഗൗരവകരമായാണ് എടുത്തിട്ടുള്ളത്.
ആക്രമണത്തിനിരയായ കപ്പലുകളിൽ 21 ഇന്ത്യൻ ജീവനക്കാരുള്ള എണ്ണ ടാങ്കറും ഉൾപ്പെട്ടിട്ടുണ്ടെന്നത് രാജ്യത്ത് ആശങ്ക പരത്തിയിട്ടുണ്ട്. കുവൈത്ത് പതാകയുള്ള ‘എം/ടി അൽ ദസ്മ’ എന്ന എണ്ണ ടാങ്കറിനു നേരെയാണ് അജ്ഞാത വസ്തു പതിച്ചതെന്ന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യൻ നാവികരും മറ്റ് ജീവനക്കാരും പൂർണ്ണമായും സുരക്ഷിതരാണെന്ന് അദ്ദേഹം അറിയിച്ചു. നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി സർക്കാർ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും, കപ്പൽ മാനേജ്മെന്റ് കമ്പനിയുമായി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇറാനുമേലുള്ള യു.എസ്.-ഇസ്രായേൽ ആക്രമണങ്ങൾ പുനരാരംഭിച്ചേക്കുമെന്ന ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണ് ഹോർമുസിലെ പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്. ബെഞ്ചമിൻ നെതന്യാഹുവിന് അധികാരം നഷ്ടപ്പെടാൻ സാധ്യതയുള്ള ഇസ്രായേലിന്റെ നിർണ്ണായക തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയും, അടുത്ത മാസത്തെ യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ഭീതി ശക്തമാണ്. മുന്നറിയിപ്പുകൾ അവഗണിച്ച് ഹോർമുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകൾ കടത്തിവിടുന്നത് അമേരിക്ക തുടർന്നാൽ പ്രദേശത്തെ യു.എസ്. സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നവംബർ മൂന്നിലെ യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാനിൽ വീണ്ടും സൈനികാക്രമണം നടത്തുന്നതിനായി അമേരിക്കയും ഇസ്രായേലും പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. ചെറുതും എന്നാൽ തീവ്രവുമായ ഒരു സൈനിക നീക്കത്തിന് മുന്നോടിയായി ഇരുരാജ്യങ്ങളും സൈനികാഭ്യാസങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ, മിസൈൽ-ഡ്രോൺ ശേഖരങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടാൻ സാധ്യതയുള്ളത്. മറ്റൊരു വലിയ ആക്രമണ പരമ്പരയിലൂടെ ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകർക്കാനും നയതന്ത്രപരമായ വിട്ടവീഴ്ചകൾ ചെയ്യാൻ അവരെ നിർബന്ധിതരാക്കാനും കഴിയുമെന്നാണ് യു.എസ്. ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ഹോർമുസിൽ 7 കപ്പലുകൾക്ക് നേരെ ആക്രമണം; വീണ്ടും യുദ്ധഭീതി; 21 ഇന്ത്യൻ നാവികർ സുരക്ഷിതരെന്ന് മന്ത്രി
