വാഷിംഗ്ടണ്‍: അമേരിക്കയിലെ 2026-ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സ്വാധീനം ഉറപ്പാക്കുന്നതിനായി ശതകോടീശ്വരനും ടെസ്ല മേധാവിയുമായ എലോണ്‍ മസ്‌ക് ചെലവഴിച്ച തുക 445 ദശലക്ഷം ഡോളര്‍ കവിഞ്ഞു. സെനറ്റിലെ നിയന്ത്രണം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ സഹായിക്കുന്നതിനാണ് സംഭാവനകളില്‍ വലിയൊരു ഭാഗം വിനിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തപ്പെട്ട സംഭാവനകളില്‍ ഏറ്റവും വലിയ തുക നല്‍കിയ വ്യക്തിയായി മസ്‌ക് മാറിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്തെ അവസാന രണ്ടുവര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ആര്‍ക്കായിരിക്കുമെന്ന് നിര്‍ണയിക്കുന്നതാണ് നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പ്. വ്യാഴാഴ്ച ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനില്‍ സമര്‍പ്പിച്ച സാമ്പത്തിക രേഖകള്‍ പ്രകാരം, ഒക്ടോബറിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ മസ്‌ക് തന്റെ സൂപ്പര്‍ പി എസിയില്‍ 76.8 ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപിച്ചു.
ഇതിന് മുമ്പുള്ള മാസങ്ങളിലും മസ്‌കിന്റെ സംഭാവനകള്‍ വന്‍തോതിലായിരുന്നു. സെനറ്റിലെ ഭൂരിപക്ഷ നേതാവ് ജോണ്‍ ത്യൂണുമായി ബന്ധമുള്ള സെനറ്റ് ലീഡര്‍ഷിപ്പ് ഫണ്ടിന് സെപ്റ്റംബറില്‍ മാത്രം 158 ദശലക്ഷം ഡോളര്‍ മസ്‌ക് സംഭാവന നല്‍കി. ജനപ്രതിനിധിസഭയിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ഇടപെടുന്ന സൂപ്പര്‍ പി എസികള്‍ക്കും പതിനായിരക്കണക്കിന് ഡോളറല്ല, ദശലക്ഷക്കണക്കിന് ഡോളറാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്.
മസ്‌കിന്റെ സ്വന്തം രാഷ്ട്രീയ സംഘടനയായ 'അമേരിക്ക പിഎസി'യും ഇടക്കാല തെരഞ്ഞെടുപ്പില്‍ സജീവമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വോട്ടര്‍മാരെ പോളിങ് ബൂത്തുകളിലെത്തിക്കാന്‍ ലക്ഷ്യമിട്ട് തപാല്‍ പ്രചാരണങ്ങള്‍, ഡിജിറ്റല്‍ പരസ്യങ്ങള്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍ എന്നിവയ്ക്കായി സംഘടന പണം ചെലവഴിക്കുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ മസ്‌കിന്റെ രാഷ്ട്രീയ ചെലവുകള്‍ ദേശീയ തെരഞ്ഞെടുപ്പുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. സംസ്ഥാനതല തെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന്റെ സംഘടന ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം വിസ്‌കോണ്‍സിന്‍ സുപ്രിം കോടതി തെരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക നിലപാടുള്ള സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ 'അമേരിക്ക പിഎസി' ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയായ എലോണ്‍ മസ്‌ക്, നവംബറിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചാല്‍ തന്റെ ബിസിനസ് താത്പര്യങ്ങളെയും ഫെഡറല്‍ സര്‍ക്കാരിലെ പങ്കിനെയും കുറിച്ച് അന്വേഷണം നടത്താനുള്ള നീക്കങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി.
ഡെമോക്രാറ്റുകള്‍ അധികാരത്തിലെത്തിയാല്‍ മസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ പദ്ധതിയിടുന്നതായി സൂചിപ്പിച്ച പൊളിറ്റിക്കോയുടെ റിപ്പോര്‍ട്ടിനോട് ബുധനാഴ്ചയാണ് അദ്ദേഹം പ്രതികരിച്ചത്.
'വാളെടുത്തവന്‍ വാളാല്‍' എന്ന കുറിപ്പ് മസ്‌ക് സ്വന്തം സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവച്ചു.
തുടര്‍ന്ന്, തന്നെ അന്വേഷിക്കാന്‍ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ടും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തന്നെ എതിര്‍ക്കുന്നവര്‍ക്ക് പിന്നില്‍ യഥാര്‍ഥത്തില്‍ ആരാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുമെന്നും അവരെ നേരിടുമെന്നും വെറും ഉപകരണങ്ങളായി പ്രവര്‍ത്തിക്കുന്നവരെ മാത്രമല്ല ലക്ഷ്യമിടുകയെന്നും മസ്‌ക് കുറിച്ചു.
ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉള്‍പ്പെടെ മസ്‌ക് പതിവായി ഉപയോഗിക്കുന്ന വേദിയാണ് എക്‌സ്.
